ഐഎസ്എൽ ഫുട്‌ബോൾ ചരിത്രത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ് എന്ന പേര് തെളിഞ്ഞുനിൽക്കും. മോഹൻ ബഗാൻ സൂപ്പർ ജയന്റ് എന്ന പേരുമായി ഒരുതവണ ഐഎസ്‌എൽ കിരീടം സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ ഷീൽഡ് ജേതാക്കളുമായി. ആദ്യ സീസണിൽ അത്‌ലറ്റികോ ഡി കൊൽക്കത്ത എന്ന പേരിലാണ് ഇറങ്ങിയത്. പ്രഥമ പതിപ്പിൽ കിരീടം. പിന്നീട് എടികെയായി. രണ്ടുതവണകൂടി ചാമ്പ്യൻമാരുമായി.
ഐഎസ്‌എല്ലിൽ ഏറ്റവും സ്ഥിരത കാട്ടുന്ന ടീമാണ് മോഹൻ ബഗാൻ. കഴിഞ്ഞ പതിപ്പിൽ ഷീൽഡ് ജേതാക്കളായപ്പോൾ കപ്പിനായുള്ള പോരിൽ മുംബൈ സിറ്റിയോട് തോൽക്കുകയായിരുന്നു. ഡ്യൂറൻഡ് കപ്പ് ഫൈനലിൽ നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിനോട് തോറ്റു. ഇക്കുറിയും മികച്ച നിരയാണ്. 2016ൽ ചാമ്പ്യൻമാരാക്കിയ സ്‌പാനിഷുകാരൻ പരിശീലകൻ ഹൊസെ മൊളീന തിരിച്ചെത്തി. ഡ്യൂറൻഡ് കപ്പിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത വിശാൽ കെയ്‌ത്താണ് ഗോൾകീപ്പർ. പ്രതിരോധത്തിൽ സുഭാശിഷ് ബോസും ആശിഷ് റായിയുമുണ്ട്. അനിരുദ്ധ് ഥാപ്പയും മലയാളിതാരം സഹൽ അബ്‌ദുൾ സമദും ഉൾപ്പെട്ട മധ്യനിരയും ശക്തം.
മുന്നേറ്റനിര മറ്റ് ടീമുകളെ ഭയപ്പെടുത്തുന്നതാണ്. ഓസ്‌ട്രേലിയൻ സഖ്യം ദിമിത്രിയോസ് പെട്രറ്റോസ്–-ജാമി മക്‌ലാരൻ സഖ്യത്തിനൊപ്പം സ്‌കോട്ടിഷ് താരങ്ങളായ ഗ്രെഗ് സ്‌റ്റുവർട്ടും ജാസൺ കമ്മിങ്‌സും ചേരുന്നതോടെ മുന്നേറ്റം കസറും.
മോഹൻ ബഗാൻ സൂപ്പർ ജയന്റ്
കഴിഞ്ഞ സീസൺ: ഷീൽഡ് ജേതാക്കൾ
കോച്ച്: ഹൊസെ മൊളീന
ശ്രദ്ധിക്കേണ്ട താരം: ജാമി മക്‌ലാരൻ
ആദ്യകളി: മുംബൈ സിറ്റിയുമായി (13).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..