കൊച്ചി
ഐഎസ്‌എല്ലിൽ ഏറ്റവും സ്ഥിരതയുള്ള പ്രകടനം. മികവുള്ള കളി. മുംബൈ സിറ്റിക്ക് മറ്റൊരു വിശേഷണം വേണ്ട. രണ്ടുവീതംതവണ ഷീൽഡും കപ്പും സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ തകർത്ത് കിരീടം നേടി. 2020–-21 സീസണിൽ ഷീൽഡും കപ്പും നേടി. 2022–-23ൽ ഷീൽഡ് സ്വന്തമാക്കി.
ഐഎസ്‌എല്ലിൽ കളിച്ച 190 മത്സരങ്ങളിൽ 92ലും ജയമായിരുന്നു. സിറ്റി ഗ്രൂപ്പിന്റെ ഭാഗമായ മുംബൈ സിറ്റി നിരയിൽ ഒന്നാന്തരം കളിക്കാരുമുണ്ട്. ഇക്കുറി ഡ്യൂറൻഡ് കപ്പിൽ അക്കാദമി താരങ്ങളെയാണ് ഇറക്കിയത്. മുന്നേറാനായില്ല.
ചെക്കുകാരൻ പീറ്റർ ക്രാറ്റ്‌കിയാണ് പരിശീലകൻ. അരങ്ങേറ്റ സീസണിൽത്തന്നെ ടീമിനെ ചാമ്പ്യൻമാരാക്കാനായി. ഓസ്‌ട്രേലിയൻ ഫുട്‌ബോൾ ലീഗിലെ വമ്പൻമാരായ മെൽബൺ സിറ്റിയുടെ സഹ പരിശീലകനായിരുന്നു നാൽപ്പത്തിരണ്ടുകാരൻ. പുർബ ലച്ചെൻപയാണ് ഒന്നാംനമ്പർ ഗോൾ കീപ്പർ. മലയാളിതാരം ടി പി രെഹ്‌നേഷും ഗോൾ കീപ്പറായി ടീമിലുണ്ട്.
പ്രതിരോധത്തിൽ ടിരിയാണ് പ്രധാനതാരം. സ്‌പാനിഷ് മധ്യനിരക്കാരൻ ജോൺ ടൊറാൽ ഈ സീസണിൽ മുംബൈയുടെ ഭാഗമായി. മധ്യനിരയിൽ മലയാളിതാരം പി എൻ നൗഫലുമുണ്ട്. ഗോകുലം കേരള എഫ്‌സിയിൽനിന്നാണ് നൗഫൽ മുംബൈ ടീമിലെത്തിയത്. ഇന്ത്യൻ ഫുട്‌ബോളിൽ നിലവിലെ ഏറ്റവും മികച്ച താരം ലല്ലിയൻസുവാല ചാങ്‌തെയാണ് ആക്രമണനിരയിലെ പ്രതീക്ഷ. ബിപിൻ സിങ്, വിക്രം പ്രതാപ് സിങ് എന്നിവർക്കൊപ്പം ഗ്രീക്കുകാരൻ നിക്കോളാസ് കരേലിസുമുണ്ട്.
മുംബൈ സിറ്റി എഫ്‌സി
കോച്ച്: പീറ്റർ ക്രാറ്റ്‌കി
പ്രധാനതാരം: ലല്ലിയൻസുവാല ചാങ്‌തെ
കഴിഞ്ഞ സീസൺ: കപ്പ് ജേതാക്കൾ
ആദ്യകളി: മോഹൻ ബഗാൻ സൂപ്പർ ജയന്റുമായി (13)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..