ഭുവനേശ്വർ
ഭാവിയിലേക്കുള്ള ഇന്ത്യൻ അത്‌ലീറ്റുകൾ ഇന്നുമുതൽ അഞ്ചുദിവസം ഭുവനേശ്വറിലെ കലിംഗ സിന്തറ്റിക് ട്രാക്കിൽ അണിനിരക്കും. ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിന് രാവിലെ പതിനായിരം മീറ്റർ ഓട്ടത്തോടെ തുടക്കം. അണ്ടർ 14, 16, 18, 20 വിഭാഗങ്ങളിൽ 98 ഇനങ്ങളിലാണ് മത്സരം. രണ്ടായിരത്തോളം അത്‌ലീറ്റുകൾ മത്സരിക്കും. കേരളത്തിന് സുവർണകാലത്തേക്ക് തിരിച്ചുവരാൻ കഴിയുമോയെന്നാണ് ഉറ്റുനോക്കുന്നത്. കഴിഞ്ഞ ഏഴുവർഷമായിട്ടും കിരീടമില്ല.
മീറ്റിന്റെ 39–--ാം പതിപ്പാണിത്. 23 തവണ ചാമ്പ്യൻമാരായ ചരിത്രമുണ്ട് കേരളത്തിന്. 2016ൽ കോയമ്പത്തൂരിലാണ് അവസാനമായി ചാമ്പ്യൻഷിപ് സ്വന്തമാക്കിയത്. തുടർന്ന് മൂന്നുവർഷം രണ്ടാംസ്ഥാനത്തായി. 2019ൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ചാമ്പ്യൻമാരായി. 2022, 2023 ചാമ്പ്യൻഷിപ്പുകളിൽ അഞ്ചാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആറുതവണയായി ഹരിയാനയാണ് ചാമ്പ്യൻമാർ.
ഹരിയാനയ്‌ക്കുപുറമെ ഉത്തർപ്രദേശ്, തമിഴ്നാട് അടക്കമുള്ള ടീമുകളും കരുത്തരാണ്. ഇക്കുറി 108 അംഗസംഘമാണ്. 92 പേർ ടീമിനൊപ്പം ചേർന്നു. അതിൽ 42 പെൺകുട്ടികളും 50 ആൺകുട്ടികളുമാണ്. ബാക്കിയുള്ളവർ വരും ദിവസങ്ങളിൽ എത്തിച്ചേരും. കെ സി സെർവാൻ (കാസർകോട്), സാന്ദ്രമോൾ സാബു (ഇടുക്കി) എന്നിവരാണ് കേരള ടീം ക്യാപ്റ്റൻമാർ. ആഷ്‌ലിൻ അലക്‌സാണ്ടർ വൈസ് ക്യാപ്റ്റനാണ്.
ഇന്ന് 12 ഫൈനൽ
ആദ്യദിനം 12 ഫൈനൽ നടക്കും. രാവിലെ ആറിന് തുടങ്ങുന്ന അണ്ടർ 20 പുരുഷന്മാരുടെ പതിനായിരം മീറ്റർ ഓട്ടത്തിൽ കേരളത്തിന് പ്രതിനിധിയില്ല. പെൺകുട്ടികളുടെ ഡിസ്‌കസ് ത്രോയിൽ അഖില രാജു, ഡോണ മരിയ ഡോണി എന്നിവർ മത്സരിക്കും. 1500 മീറ്ററിൽ ദേവിക ബെന്നുണ്ട്. 4x400 മിക്‌സഡ് റിലേയിൽ ശക്തമായ ടീമാണ്. അണ്ടർ 18 ഷോട്ട്പുട്ടിലും ഡിസ്‌കസ് ത്രോയിലും ഹെന്നൻ എലിസബത്ത് ഇറങ്ങും. ഷോട്ട്പുട്ടിൽ പ്രതീക പ്രദീപും ഡിസ്‌കസിൽ ഡെന ഡോണിയുമുണ്ട്.
കാലുറപ്പിക്കാൻ ഒഡിഷയും
ആതിഥേയരായ ഒഡിഷ അത്‌ലറ്റിക്‌സിൽ കൂടുതൽ കരുത്ത് നേടാനുള്ള ശ്രമത്തിലാണ്. ‘ഹോക്കി ഇന്ത്യ' പദ്ധതി വിജയം കണ്ടതോടെ ‘അത്‌ലറ്റിക്സ് പ്രോജക്ട് ഓഫ് ഒഡിഷ' എന്ന പദ്ധതിക്ക് രൂപംനൽകിയാണ് മുന്നേറ്റത്തിന് ഒരുങ്ങുന്നത്. കേരളത്തിൽനിന്നടക്കം പരിശീലകരെയെത്തിച്ചാണ് ഒരുക്കം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..