ഷിമോഗ > പതിനഞ്ച് വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്കായുള്ള ദേശീയ ടൂർണ്ണമെന്റിൽ നാഗാലാൻഡിനെതിരെ കേരളത്തിന് പത്ത് വിക്കറ്റിന്റെ ഉജ്ജ്വല വിജയം. നാഗാലാൻഡിനെ 24 റൺസിന് പുറത്താക്കിയ ബൗളിങ് മികവാണ് കേരളത്തിന് അനായാസ വിജയം ഒരുക്കിയത്. സ്പിന്നർമാരായ അരിതയുടെയും ലക്ഷ്മീദേവിയുടെയും ബൗളിങ് മികവാണ് കേരളത്തിന് വിജയം ഒരുക്കിയത്. ഇരുവരും നാല് വിക്കറ്റ് വീതം വീഴ്ത്തി. ബിഹാറിനെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ അരിത അഞ്ച് വിക്കറ്റ് നേടിയിരുന്നു.
ടോസ് നേടിയ നാഗാലാൻഡ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സ്കോർ ബോർഡ് തുറക്കും മുൻപെ ഓപ്പണർ നിവേദിതയെ പുറത്താക്കി ലക്ഷ്മി കേരളത്തിന് മികച്ച തുടക്കം നല്കി. തുടർന്നുള്ള ഓവറുകളിൽ മൂന്ന് വിക്കറ്റുകൾ കൂടി വീഴ്ത്തിയ ലക്ഷ്മി നാഗാലാൻഡിനെ തകർച്ചയിൽ നിന്ന് കരകയറാൻ അനുവദിച്ചില്ല. മറുവശത്ത് മധ്യനിരയെയും വാലറ്റത്തെയും പുറത്താക്കിയ അരിതയുടെ പ്രകടനം നാഗാലാൻഡിനെ ചെറിയ സ്കോറിൽ ഒതുക്കുകയും ചെയ്തു. 22.3 ഓവറിൽ 24 റൺസിന് നാഗാലാൻഡ് ഓൾ ഔട്ടായി. എട്ട് റൺസെടുത്ത നീതു ഛെത്രിയാണ് അവരുടെ ടോപ് സ്കോറർ. കേരളത്തിന് വേണ്ടി അഥീനയും കൃഷ്ണവേണിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം അനായാസം ലക്ഷ്യത്തിലെത്തി. അമീറ ബീഗവും ലക്ഷിത ജയനും ചേർന്നുള്ള ഓപ്പണിങ് സഖ്യം മൂന്ന് ഓവറിൽ കേരളത്തെ വിജയത്തിലെത്തിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..