ലുസെയ്‌ൻ
കാത്തിരുന്ന 90 മീറ്ററിലേക്ക് ജാവലിൻ പറന്നിറങ്ങിയെന്ന് തോന്നി. ഇല്ല, നീരജ് ഇനിയും കാത്തിരിക്കണം. ഒളിമ്പിക്‌സിൽ വെള്ളിമെഡൽ നേടിയശേഷമുള്ള ആദ്യമത്സരത്തിൽ ഇന്ത്യയുടെ ജാവലിൻത്രോ താരം നീരജ് ചോപ്രയ്‌ക്ക് രണ്ടാംസ്ഥാനം. സ്വിറ്റ്‌സർലൻഡിലെ ലുസെയ്‌ൻ ഡയമണ്ട് ലീഗിൽ 89.49 മീറ്റർ എറിഞ്ഞാണ് രണ്ടാമതെത്തിയത്. സീസണിലെ മികച്ച ഏറാണ് 90 മീറ്ററിന് അടുത്തെത്തിയത്. ജീവിതത്തിൽ മികച്ച രണ്ടാമത്തെ ദൂരവും.
ആദ്യ നാല് ത്രോകളും മികച്ചതായിരുന്നില്ല. നീരജ് ആദ്യ ഏറിൽ മൂന്നാംസ്ഥാനത്തായിരുന്നു. രണ്ടാമത്തേത് പൂർത്തിയായപ്പോൾ നാലാമതായി. അഞ്ചാംത്രോയിലാണ് വീണ്ടും മൂന്നാമതെത്തിയത്. 82.10 മീറ്റർ, 83.21, 83.13, 82.34, 85.58 മീറ്റർ എന്നിങ്ങനെയായിരുന്നു ഇരുപത്താറുകാരന്റെ ത്രോകൾ. ഒളിമ്പിക്‌സിൽ വെങ്കലം നേടിയ ഗ്രനഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സിനാണ് ഒന്നാംസ്ഥാനം. അവസാന ഏറിലാണ് ഒന്നാംസ്ഥാനത്തെത്തിയത്. 90.61 മീറ്റർ മറികടന്നു. നീരജും അവസാനത്തേതിലാണ് രണ്ടാമതെത്തിയത്. ജർമൻതാരം ജൂലിയൻ വെബർ 87.08 മീറ്റർ താണ്ടി മൂന്നാമതായി.
നീരജ് പാരിസ് ഒളിമ്പിക്‌സിൽ 89.45 മീറ്ററിലാണ് വെള്ളി നേടിയത്. ഒളിമ്പിക്‌സ് ജേതാവ് പാകിസ്ഥാന്റെ അർഷാദ് നദീം മത്സരത്തിൽ ഉണ്ടായിരുന്നില്ല. ഈ സീസണിൽ ദോഹ ഡയമണ്ട്‌ലീഗിൽ മാത്രമാണ് നീരജ് പങ്കെടുത്തത്. 88.36 മീറ്റർ എറിഞ്ഞ് രണ്ടാംസ്ഥാനമായിരുന്നു. 2022 സ്‌റ്റോക്ക്‌ഹോം ഡയമണ്ട് ലീഗിൽ നേടിയ 89.94 മീറ്ററാണ് മികച്ച ദൂരം.
അവസാനത്രോ ഇത്രദൂരം പോകുമെന്ന് കരുതിയില്ലെന്ന് മത്സരശേഷം നീരജ് പറഞ്ഞു. സഹതാരം കെനിയക്കാരൻ ജൂലിയസ് യെഗോയുടെ പ്രോത്സാഹനം നിർണായകമായി. മികച്ച ദൂരം സാധ്യമാകുമെന്ന് യെഗോ പറഞ്ഞു. പിന്നെ ഒന്നും ആലോചിച്ചില്ല. ഈ സീസണിൽ ഒരു മത്സരത്തിൽക്കൂടി പങ്കെടുക്കും.
സെപ്‌തംബർ അഞ്ചിന് സൂറിച്ച് ലീഗുണ്ട്. അത് കഴിഞ്ഞാൽ 14ന് ബ്രസൽസിൽ ഡയമണ്ട്‌ലീഗ് ഫൈനൽ. തുടർന്ന് നാഭിക്കുള്ള പരിക്ക് ഭേദമാക്കാൻ ശസ്‌ത്രക്രിയ നടത്തും. അടുത്ത സീസണിൽ സാങ്കേതിക മികവോടെ തിരിച്ചെത്തുമെന്ന് നീരജ് പറഞ്ഞു.
മികച്ച ആറ് താരങ്ങൾക്കാണ് ഡയമണ്ട്‌ലീഗ് ഫൈനലിന് യോഗ്യത. ഈ സീസണിൽ രണ്ട് ലീഗുകളിൽ രണ്ടാംസ്ഥാനം നേടിയ നീരജ് 14 പോയിന്റുമായി മൂന്നാംസ്ഥാനത്താണ്. ജൂലിയൻ വെബറിനും അതേപോയിന്റാണ്. ആൻഡേഴ്‌സണ് 21 പോയിന്റുണ്ട്. ചെക്ക് താരം യാകൂബ് വാദ്‌ലെജിന് 16. നീരജ് 2022ൽ ഡയമണ്ട്‌ലീഗിൽ ജേതാവായിരുന്നു. 2023ൽ റണ്ണറപ്പ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..