പാരിസ് ഒളിമ്പിക്‌സിലെ ഇന്ത്യയുടെ മുഖമാണ് നീരജ് ചോപ്ര. ലോകവേദിയിലെ ഇന്ത്യയുടെ ചാമ്പ്യൻ അത്‌ലീറ്റ്. ടോക്യോയിൽനിന്ന് പാരിസിലെത്തുമ്പോൾ ജാവലിൻത്രോ സ്വർണം നിലനിർത്തുകയെന്നതാണ് ഇരുപത്താറുകാരന്റെ മുന്നിലുള്ള ദൗത്യം. രണ്ടു വർഷമായി പരിക്ക് അലട്ടുന്നുണ്ട് ഹരിയാനക്കാരനെ. ഇത്തവണ ഒട്ടും എളുപ്പമല്ല കാര്യങ്ങളെന്ന് നല്ല ബോധ്യമുണ്ട്. നിലവിൽ തുർക്കിയിൽ പരിശീലനത്തിലാണ്. ഒളിമ്പിക്‌സ് പ്രതീക്ഷകളും ഒരുക്കങ്ങളും പങ്കുവയ്‌ക്കുന്നു.
തയ്യാറെടുപ്പ്, പരിശീലനം
ആദ്യം ജർമനിയിലായിരുന്നു പരിശീലനം. ഇപ്പോൾ തുർക്കിയിലെ ഗ്ലോറിയയിലാണ് ഒളിമ്പിക്‌സിനായുള്ള തയ്യാറെടുപ്പ്. ദിവസം രണ്ടുനേരമാണ് പ്രധാന പരിശീലനം. അനുബന്ധ കാര്യങ്ങളുമുണ്ട്. വ്യായാമം, വിശ്രമം, ആഹാരം. ഇതെല്ലാം ചിട്ടയായ രീതിയിൽ നടക്കുന്നു. മറ്റൊന്നും ചിന്തിക്കാതെ, സമ്മർദങ്ങളില്ലാതെ മുന്നോട്ടുപോകുന്നു.
പരിക്കും ആശങ്കയും
കാൽത്തുടയിലെ പേശിക്കാണ് പരിക്ക്. കുറച്ചുനാളായി അത് വിടാതെ പിന്തുടരുന്നുണ്ട്. എന്നാൽ, ഇപ്പോൾ എല്ലാം ശരിയായ ദിശയിലാണ്. ഡയമണ്ട് ലീഗുകളിൽ മത്സരിക്കാത്തത് പരിശീലനത്തിന് സമയം കണ്ടെത്താൻ വേണ്ടിയാണ്. എന്നാൽ, ഏതെങ്കിലും മത്സരത്തിൽനിന്ന് പിൻമാറുമ്പോൾ പരിക്കാണെന്ന് പലരും പറയുന്നു. ഇത് ശരിയല്ല.
പാരിസിൽ കരുതിവച്ചത്
മികച്ച വിജയംതന്നെയാണ് ലക്ഷ്യം. കോവിഡ് കാരണം ടോക്യോയിൽ അടച്ചിട്ട സ്‌റ്റേഡിയത്തിലായിരുന്നു മേള. എന്നാൽ, പാരിസിൽ തിങ്ങിനിറഞ്ഞ കാണികൾക്കിടയിൽ മത്സരിക്കാൻ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഈ വർഷം ഇന്ത്യൻ ടീം ഒന്നടങ്കം ആത്മവിശ്വാസത്തിലാണ്. നല്ല നേട്ടം നമുക്കുണ്ടാക്കാനാകും.
സമ്മർദം,
ആത്മവിശ്വാസം
കഴിഞ്ഞതവണ ആരും സാധ്യത കൽപ്പിച്ചിരുന്നില്ല. ആദ്യ ഒളിമ്പിക്‌സ് ആയതിന്റെയും ജാവലിൻ അവസാന ദിവസമായതിനാലും എന്റെ സമ്മർദം അതിലായിരുന്നു. ഇന്ത്യക്കാരനായി ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇത്തവണ എല്ലാം മറിച്ചാണ്. സ്വർണം നിലനിർത്തുക എന്ന ഉത്തരവാദിത്വമുണ്ട്. സീനിയർ താരമെന്നതിനാൽ എല്ലാവർക്കും മാതൃകയാകുകയും വേണം. എല്ലാ ചാമ്പ്യൻമാർക്കുമുള്ള സമ്മർദം എനിക്കുമുണ്ട്. അത് മറികടക്കുക എന്നതാണല്ലോ ചാമ്പ്യന്റെ ലക്ഷ്യം.
90 മീറ്റർ, സ്വപ്--നയേറ്
എന്നും മനസ്സിലുള്ള ലക്ഷ്യമാണത്. കുറച്ചുനാളായി അതിനായാണ് കഠിനാധ്വാനം ചെയ്യുന്നത്. പരിശീലനവും തയ്യാറെടുപ്പുമെല്ലാം മികച്ച ദൂരം കണ്ടെത്താനാണ്. വൈകാതെ നിറവേറും എന്നാണ് കരുതുന്നത്. അത് പാരിസിലായാൽ സന്തോഷം. എന്നാൽ, ഏറ്റവും മുൻഗണന ജയിക്കുക എന്നതിനാണ്.
ടോക്യോയും പാരിസും
രണ്ട് ഒളിമ്പിക്‌സുകൾക്കിടയിൽ വലിയ മാറ്റങ്ങൾ വന്നു. ആദ്യത്തേത് എനിക്ക് മൂന്ന് വയസ്സുകൂടിയെന്നതാണ്. രണ്ടാമത്തേത് മാനസികമായും ശാരീരികമായും ഞാൻ കൂടുതൽ കരുത്തനായി. ടോക്യോക്കുശേഷമുള്ള പ്രധാന മത്സരങ്ങളിൽ എല്ലാം ജയിക്കാനായി. കഴിഞ്ഞവർഷം ലോകചാമ്പ്യനായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..