പാരിസ്
വിജയത്തിലേക്ക് കുറുക്കുവഴികളില്ലെന്ന് പറഞ്ഞത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറാണ്. നീരജ് ചോപ്രയുടെ കാര്യത്തിൽ ഇത് നൂറുശതമാനം സത്യവുമാണ്. ടോക്യോയിലെ സ്വർണനേട്ടം ആവർത്തിക്കാനായില്ലെങ്കിലും പാരിസിലെ വെള്ളിക്ക് പൊന്നിനേക്കാൾ തിളക്കമാണ്. കഠിനാധ്വാനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ഫലമാണ് ഈ നേട്ടം. രാജ്യാന്തര വേദിയിൽ ഇത്രയും സ്ഥിരത കാട്ടിയ മറ്റൊരു ജാവലിൻ താരമില്ല. ഇരുപത്താറാംവയസ്സിൽ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച അത്‌ലീറ്റായി നീരജ് മാറിയിരിക്കുന്നു. പാരിസിൽ പരിക്ക് ആശങ്കയിലാണ് പോരാടിയത്. ആറ് ശ്രമങ്ങളിൽ അഞ്ചും ഫൗളായി. രണ്ടാമത്തെ ഏറിലെ 89.45 മീറ്ററിലാണ് രണ്ടാംസ്ഥാനം ഉറപ്പിച്ചത്. ഇന്ത്യക്കായി രണ്ട് ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യ അത്‌ലീറ്റായി.
എട്ട് വർഷത്തെ കളിജീവിതത്തിൽ നീരജ് നേടാത്ത മെഡലുകളില്ല, ജയിക്കാത്ത കളമില്ല. ഒളിമ്പിക്‌സിലും ലോകചാമ്പ്യൻഷിപ്പിലും കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും ചാമ്പ്യനായി. ഇതുവരെ ഒമ്പത് സ്വർണവും നാല് വെള്ളിയും ആ ശേഖരത്തിലുണ്ട്. സന്ധിയില്ലാത്ത പരിശീലനവും ചിട്ടയായ ജീവിതവുമാണ് വിജയം. അടിമുടി പ്രൊഫഷണലാണ്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള വിദേശ പരിശീലനവും വ്യയാമമുറകളും ഒരിക്കലും മുടക്കാറില്ല. പങ്കെടുക്കുന്ന ടൂർണമെന്റുകളുടെ എണ്ണത്തിലും നിയന്ത്രണം വരുത്തി.
ഹരിയാനയിലെ പാനിപ്പത്ത് ഖന്ദ്ര ഗ്രാമത്തിലാണ് ജനനം. കർഷകകുടുംബമാണ്. അമ്മാവൻ സായ് സെന്ററിൽ ചേർത്തതോടെയാണ് ജാവലിനിലേക്ക് തിരിഞ്ഞത്. സ്‌കൂൾതലംതൊട്ട് മെഡലുകൾ വാരാൻ തുടങ്ങി. പഞ്ച്‌കുളയിലെ സ്‌പോർട്‌സ് ഹോസ്റ്റലിൽ ചേർന്നത് വഴിത്തിരിവായി. 2016ൽ ഓസ്‌ട്രേലിയക്കാരൻ ജെറി കാൾവെർട്ട് പരിശീലകനായി എത്തിയതോടെ സാങ്കേതികത്തികവുള്ള ഏറുകാരനായി രൂപംമാറി. ലോക ജൂനിയർ മീറ്റിൽ 86.48 മീറ്റർ എറിഞ്ഞ് റെക്കോഡിട്ടു. പിന്നെ ഒരു തിരിഞ്ഞുനോട്ടമുണ്ടായില്ല.
ജർമൻകാരനായ ഉവി ഹോണിന്റെ വരവ് നീരജിനെ ലോകനിലവാരത്തിലേക്ക് ഉയർത്തി. 2018 മുതൽ 2021 വരെ അദ്ദേഹത്തിന്റെ ശിക്ഷണമായിരുന്നു. ജാവലിൻ 100 മീറ്റർ ദൂരത്തേക്ക് പായിച്ച ഏക അത്‌ലീറ്റാണ് ഉവി. മൂന്നുവർഷമായി ക്ലോസ് ബർടോണിറ്റ്‌സിന്റെ കീഴിൽ വിദേശത്താണ് പരിശീലനം. നീരജിലൂടെ വരുംകാലങ്ങളിലും ഇന്ത്യ ലോകവേദിയിൽ തലയുയർത്തി നിൽക്കുമെന്നതിൽ സംശയമില്ല.
അർഷാദ് അർഹിച്ച
ജയം: നീരജ്
അർഷാദ് നദീമുമായി 2016 മുതൽ വിവിധ വേദികളിൽ മത്സരിച്ചിട്ടുണ്ട്. എട്ടുവർഷത്തിനിടെ ആദ്യമായാണ് പാകിസ്ഥാൻതാരത്തോട് തോൽക്കുന്നത്. ഈ വിജയം അർഷാദ് അർഹിക്കുന്നുണ്ട്. അദ്ദേഹം അത്രയ്‌ക്ക് കഠിനാധ്വാനം ചെയ്‌തു. മത്സരദിവസം എന്നേക്കാൾ മികച്ചുനിൽക്കുകയും ചെയ്‌തു. കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാനായി ഭാവിയിൽ കഠിനപ്രയത്‌നം ചെയ്യും. ഏറെനാളായി പരിക്ക് അലട്ടുന്നുണ്ട്. ഒളിമ്പിക്‌സായതിനാൽ ശസ്‌ത്രക്രിയ നടത്താൻ കഴിഞ്ഞില്ല. മത്സരത്തിൽ പങ്കെടുക്കുമ്പോഴും പരിക്കേൽക്കാതിരിക്കാനാണ് കൂടുതൽ ശ്രദ്ധ നൽകിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..