26 December Thursday

2025ൽ കാണാം ; നീരജ് ചോപ്ര സീസൺ അവസാനിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024

image credit neeraj chopra facebook


ബ്രസൽസ്
ഡയമണ്ട് ലീഗ് ഫൈനലിൽ ഇന്ത്യയുടെ നീരജ് ചോപ്ര രണ്ടാംസ്ഥാനം നേടിയത് പരിക്ക് മറികടന്ന്. ജാവലിൻത്രോയിൽ 87.86 മീറ്റർ താണ്ടിയാണ് രണ്ടാമതെത്തിയത്. ഇതോടെ ഈ സീസൺ അവസാനിപ്പിക്കുകയാണെന്ന് നീരജ് സമൂഹമാധ്യമത്തിൽ കുറിച്ചു. നാഭിക്കേറ്റ പരിക്ക് കുറച്ചുകാലമായി അലട്ടിയിരുന്നു. ഒളിമ്പിക്സിനുശേഷം ശസ്ത്രക്രിയക്ക് വിധേയനാകുമെന്നും അറിയിച്ചതാണ്. അതിനിടെയാണ് ഡയമണ്ട് ലീഗ് പരിശീലനത്തിനിടെ കഴിഞ്ഞദിവസം ഇടത്തേ കൈവിരലിന് പരിക്കേറ്റത്.

എക്സ്റേ പരിശോധനയിൽ എല്ലിന് പൊട്ടൽ കണ്ടെത്തി. ഇടത്തെ കൈപ്പത്തി കെട്ടിവച്ചാണ് മെഡിക്കൽ സംഘത്തിന്റെ പിന്തുണയോടെ ഫൈനലിന് ഇറങ്ങിയത്. എറിയുന്നത് വലത്തേ കൈ കൊണ്ടാണെങ്കിലും സ്വാഭാവിക ചലനത്തിന് ഇടത്തേ കൈയിലെ പരിക്ക് തിരിച്ചടിയായി. ഗ്രനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് 87.87 മീറ്റർ എറിഞ്ഞ് ഒന്നാമതെത്തി. ഒരു സെന്റീമീറ്റർ വ്യത്യാസത്തിലാണ് നീരജിന് ഒന്നാംസ്ഥാനം നഷ്ടമായത്.

ആദ്യ ഏറിൽ 86.82 മീറ്റർ മറികടന്ന നീരജിന്റെ രണ്ടാമത്തേത് 83.49 മീറ്ററായിരുന്നു. മൂന്നാമത്തെ ത്രോയിലാണ് രണ്ടാംസ്ഥാനം ഉറപ്പിച്ചത്. അടുത്ത ഏറുകൾ 82.04 മീറ്ററും 83.30 മീറ്ററുമായി കുറഞ്ഞു. അവസാനത്തെ ഏറിൽ 86.46 മീറ്ററാണ് സാധ്യമായത്.

ഏഴുപേർ അണിനിരന്ന മത്സരത്തിൽ ജർമനിയുടെ ജൂലിയൻ വെബറിനാണ് മൂന്നാംസ്ഥാനം (85.97). കഴിഞ്ഞതവണത്തെ ചാമ്പ്യൻ ചെക്ക്താരമായ യാകൂബ് വാദ്ലെജ് പങ്കെടുത്തില്ല. നീരജ് 2022ൽ ചാമ്പ്യനായിരുന്നു. കഴിഞ്ഞതവണയും രണ്ടാംസ്ഥാനമായിരുന്നു.   ഈ സീസൺ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്ന് നീരജ് പറഞ്ഞു. ടോക്യോ ഒളിമ്പിക്സിലെ സ്വർണം പാരിസിൽ നിലനിർത്താനായില്ല. ഇക്കുറി വെള്ളി മെഡലായിരുന്നു. ഒരുപാട് അനുഭവങ്ങൾ സമ്മാനിച്ച വർഷംകൂടിയാണ് കടന്നുപോകുന്നത്. 2025ൽ പൂർണാരോഗ്യവാനായി തിരിച്ചെത്തുമെന്നും ഇരുപത്താറുകാരൻ കുറിച്ചു.

നാഭിക്കേറ്റ പരിക്ക് ഈ സീസണിൽ ഹരിയാനക്കാരനെ വലച്ചിരുന്നു. ഒളിമ്പിക്സ് വർഷമായതിനാൽ ശസ്ത്രക്രിയയും വൈകിപ്പിച്ചു. ഡയമണ്ട് ലീഗ് അവസാനിച്ചതിനാൽ വൈകാതെ ശസ്ത്രക്രിയ നടന്നേക്കും. കൈവിരലിലെ പൊട്ടൽ മാറാനും വിശ്രമം വേണ്ടിവരും. അഞ്ചുവർഷമായി സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന ഒളിമ്പിക്സിലെ ഇരട്ട മെഡലുകാരന് ഇപ്പോഴും 90 മീറ്റർ ദൂരം സ്വപ്നത്തിലാണ്. 2022ൽ സ്റ്റോക്ക്ഹോം ഡയമണ്ട് ലീഗിൽ എറിഞ്ഞ 89.94 മീറ്ററാണ് മികച്ച ദൂരം.

നീരജിന്റെ 2024ലെ ഏറുകൾ
1. ദോഹ ഡയമണ്ട് ലീഗ് 
88.36 മീറ്റർ (രണ്ടാംസ്ഥാനം)
2. ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സ് 
ഭുവനേശ്വർ 82.27 മീറ്റർ (ഒന്നാംസ്ഥാനം)
3. പാവോനൂർമി ഗെയിംസ്, ഫിൻലൻഡ് 
85.97 (ഒന്നാംസ്ഥാനം)
4. ലുസെയ്ൻ ഡയമണ്ട് ലീഗ് 
89.49 (രണ്ടാംസ്ഥാനം)
5. പാരിസ് ഒളിമ്പിക്‌സ്‌ 
യോഗ്യതാ റൗണ്ട് 89.34
6. പാരിസ് ഒളിമ്പിക്‌സ്‌ ഫൈനൽ 
89.45 (രണ്ടാംസ്ഥാനം)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top