കൊച്ചി
കാസർകോടിന്റെ വടക്കേയറ്റത്തുനിന്ന് സ്വപ്‌നം നിറച്ച തീവണ്ടിയിൽ നിയാസ് അഹമ്മദ് കൊച്ചിയിലേക്ക് യാത്ര തിരിച്ചു. അംഗടിമുഗർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ഒമ്പതാംക്ലാസുകാരൻ. കൂട്ടുകാരോട് പറഞ്ഞതത്രയും കൊച്ചിയിലെ സിന്തറ്റിക് ട്രാക്കിനെക്കുറിച്ചായിരുന്നു. തിരിച്ചുപോകുമ്പോൾ പൊന്നുനിറച്ചൊരു സമ്മാനപ്പൊതിയാണ് അവൻ കൂട്ടുകാർക്ക് നൽകുക.
സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക്‌സ് സബ്‌ജൂനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ ചാമ്പ്യനാണ് നിയാസ്. സ്‌കൂളിൽ പരിശീലിക്കാൻ നല്ലൊരു മൈതാനമില്ല. സ്ഥിരമായൊരു പരിശീലകനില്ല. കന്നഡയും മലയാളവും ഇടകലർന്ന അംഗടിമുഗറിൽനിന്ന് കൊച്ചിയിലെ സിന്തറ്റിക് ട്രാക്കിലെത്തി നൂറിന്റെ വിജയവര കടന്നപ്പോൾ കായികമേളയിൽ ഒരു ചരിത്രംകുറിക്കപ്പെടുകയായിരുന്നു. കായികമേളയുടെ പതിപ്പുകളിലൊന്നും ഈ സ്‌കൂളിന്റെ സാന്നിധ്യംപോലുമില്ലായിരുന്നു. 12.40 സെക്കൻഡിലാണ് നേട്ടം. പ്രകടനത്തിന്റെ മാറ്റിനെക്കാൾ നിയാസ് കടന്നെത്തിയ വഴികൾക്കാണ് മാർക്ക്.
ജില്ലയിൽ ചാമ്പ്യനായപ്പോൾ താൽക്കാലിക കായികാധ്യാപകൻ സുബ്ബരാജ് നിയാസിനോട് പറഞ്ഞു. ‘സിന്തറ്റിക് ട്രാക്കിലിറങ്ങാതെ കൊച്ചിയിൽ പോയിട്ട് കാര്യമില്ല’. ഉപ്പ ബി കെ ഹമീദ് പുത്തിഗയിലെ തന്റെ ചെരുപ്പുകട നാല് ദിവസത്തേക്ക് അടച്ചിട്ടു. നിയാസിനെയുംകൊണ്ട് നീലേശ്വരത്തേക്ക് വണ്ടികയറി. അവിടെ ഇം എം എസ് സ്‌റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ പരിശീലനം.
മൂന്നുദിനംകൊണ്ട് നിയാസ് ലക്ഷ്യത്തിലേക്കുള്ള ദൂരമളന്നു. കൊച്ചിയിലെ ആദ്യദിനം നിരാശയുടേതായിരുന്നു. റിലേ യോഗ്യതാ റൗണ്ടിനിടെ അവന്റെ കൈയിൽനിന്ന് ബാറ്റൺ വീണു. ടീം പുറത്ത്. ദൂരക്കാഴ്‌ചയുടെ പ്രശ്‌നമുണ്ട് പതിനാലുകാരന്. അതിനാൽ കണ്ണടവച്ചാണ് മത്സരത്തിനിറങ്ങുക.
നൂറിന്റെ ഹീറ്റ്‌സിൽ മികച്ച സമയംകുറിച്ചപ്പോൾതന്നെ ചിരിതെളിഞ്ഞു. മഴ പെയ്‌തുതുടങ്ങിയ സന്ധ്യയിലാണ് ഫൈനലിന്റെ വെടിയൊച്ച മുഴങ്ങിയത്. ചിലപ്പോഴൊക്കെ കാഴ്‌ചയെക്കാൾ ശബ്‌ദമാണ് നിയാസിനെ നയിക്കുക. ട്രാക്കിൽ തിരുവനന്തപുരത്തിന്റെയും മലപ്പുറത്തിന്റെയും പാലക്കാടിന്റെയും കുട്ടികളുണ്ട്. പക്ഷേ, നല്ല വ്യത്യാസത്തിൽ നിയാസ് വേഗവര കടന്നു. വരയ്‌ക്കരികിൽ ഉപ്പ ഹമീദും മാമയും കൂട്ടുകാരും ആ നിമിഷം ആർത്തുവിളിച്ചു. പിന്നെ അവനെ ചേർത്തുപുണർന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..