പനാജി
പൊള്ളുന്ന ചൂടാണ് ഗോവയിൽ. അതിലും വലിയ പോരാട്ട ചൂടിലേക്ക് എടുത്തുചാടുകയാണ് നാട്. വലുപ്പത്തിൽ ചെറുതാണെങ്കിലും രാജ്യത്തെ ഏറ്റവും വലിയ കായിക മാമാങ്കമായ ദേശീയ ഗെയിംസിനെ വരവേറ്റുകഴിഞ്ഞു ഗോവ.
ആവേശമുയർത്തി താരങ്ങൾ എത്തിത്തുടങ്ങി. വിനോദസഞ്ചാരത്തിന്റെയും രാജ്യാന്തര ചലച്ചിത്രമേളയുടെയും കേന്ദ്രത്തിൽ ഇന്ത്യൻ കായിക ഉത്സവമായ ദേശീയ ഗെയിംസിനെ ആവേശപൂർവമാണ് സ്വീകരിച്ചിരിക്കുന്നത്. പരമ്പരാഗത ഫുട്‌ബോൾ ക്ലബ്ബുകളുടെ തലസ്ഥാനം ആദ്യമായാണ് ഗെയിംസിന് വേദിയാകുന്നത്. ദേശീയ ഗെയിംസിന്റെ 37–--ാംപതിപ്പ് വ്യാഴം വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്യും.
28 സംസ്ഥാനങ്ങൾ, എട്ട് കേന്ദ്രഭരണ പ്രദേശങ്ങൾ, സർവീസസ്, സ്‌പോർട്‌സ് കൺട്രോൾ ബോർഡ് എന്നിവ അടക്കം 37 ടീമുകൾ മാറ്റുരയ്‌ക്കും. 10,500 താരങ്ങൾ പങ്കെടുക്കും. ഈ വർഷം ഏഴ് പുതിയ ഇനങ്ങൾകൂടി ഉൾപ്പെടുത്തിയതോടെ മത്സര ഇനങ്ങളുടെ എണ്ണം 43 ആയി. ബീച്ച് ഫുട്‌ബോൾ, റോൾബോൾ, ഗോൾഫ്, സെപാക്‌താക്രോ, കളരിപ്പയറ്റ്, അയോധനകലകൾ, പെൻകാക്ക് സിലാറ്റ് എന്നിവയാണ് പുതിയ ഇനങ്ങൾ.
പനാജി, മപുസ, മാർഗവോ, പോണ്ട, വാസ്‌കോ എന്നീ ഗോവൻ നഗരങ്ങളിലും ഡൽഹിയിലുമാണ് മത്സരം. ഗോൾഫ്, സൈക്ലിങ് (ട്രാക്ക്) മത്സരങ്ങളാണ് ഡൽഹിയിൽ. ഗെയിംസിന്റെ ഔപചാരികമായ ഉദ്‌ഘാടനം വ്യാഴാഴ്‌ചയാണെങ്കിലും 19ന് മത്സരങ്ങൾക്ക് തുടക്കമായി. ബാഡ്‌മിന്റൺ, നെറ്റ്ബോൾ എന്നിവ നടന്നുവരികയാണ്. ജിംനാസ്‌റ്റിക്, ബാസ്കറ്റ്‌ബോൾ എന്നിവയ്ക്ക് ഇന്ന് തുടക്കമാകും. സർവീസസാണ് നിലവിലെ ജേതാക്കൾ. ഗുജറാത്തിൽ നടന്ന 36–-ാംഗെയിംസിൽ കേരളം ആറാംസ്ഥാനത്തായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..