05 November Tuesday

കളം നിറയെ ആവേശം ; ഫുട്‌ബോൾ ലീഗിനൊപ്പം ക്രിക്കറ്റ്‌ ലീഗും

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

കലിക്കറ്റ് ക്യാപ്റ്റൻ രോഹൻ പരിശീലനത്തിൽ



കൊച്ചി
ഐഎസ്‌എല്ലും  ഐപിഎല്ലുംപോലെ കേരളത്തിൽ ഫുട്‌ബോൾ ലീഗും ക്രിക്കറ്റ്‌ ലീഗും. പ്രഥമ കേരള ക്രിക്കറ്റ്‌ ലീഗ്‌ (കെസിഎൽ) സെപ്‌തംബർ രണ്ടുമുതൽ 18 വരെ തിരുവനന്തപുരത്താണ്‌. ആറ്‌ ടീമുകൾ കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിൽ ഏറ്റുമുട്ടുന്ന ലീഗിന്റെ മത്സരക്രമം പുറത്തിറക്കി. സെപ്‌തംബർ രണ്ടിന്‌ പകൽ 2.30ന്‌ ആലപ്പി റിപ്പിൾസ്‌ തൃശൂർ ടൈറ്റൻസിനെ നേരിടും. രാത്രി  7.45ന്‌ ട്രിവാൻഡ്രം റോയൽസ്‌ കൊച്ചി ബ്ലൂ ടൈഗേഴ്‌സുമായി ഏറ്റുമുട്ടും. എല്ലാദിവസവും പകൽ 2.30നും വൈകിട്ട്‌ 6.45നും രണ്ട്‌ കളിയാണുള്ളത്‌.

കാണികൾക്ക്‌ പ്രവേശനം സൗജന്യമാണ്‌. സ്‌റ്റാർസ്‌പോർട്‌സ്‌ ചാനലിലും ഫാൻകോഡിലും തത്സമയം കാണാം. ട്രിവാൻഡ്രം റോയൽസ്‌, ഏരീസ്‌ കൊല്ലം സെയ്‌ലേഴ്‌സ്‌, ആലപ്പി റിപ്പിൾസ്‌, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്‌, തൃശൂർ ടൈറ്റൻസ്‌, കലിക്കറ്റ്‌ ഗ്ലോബ്‌സ്‌റ്റേഴ്സ്‌ എന്നിവയാണ്‌ ടീമുകൾ. ആകെ 114 താരങ്ങളാണ്‌ കളത്തിൽ. ഇതിലെ 108 കളിക്കാരെ ലേലത്തിലൂടെയാണ്‌ എടുത്തത്‌. ആറുപേർ ഐക്കൺ താരങ്ങളാണ്‌. ഓൾറൗണ്ടർ എം എസ് അഖിലാണ്‌ വിലകൂടിയ താരം. ട്രിവാൻഡ്രം റോയൽസ്‌ 7.4 ലക്ഷം രൂപയ്‌ക്കാണ്‌ അഖിലിനെ സ്വന്തമാക്കിയത്‌. വിക്കറ്റ്‌ കീപ്പർ വരുൺ നായനാർക്ക്‌ തൃശൂർ ടൈറ്റൻസ്‌ 7.2 ലക്ഷം രൂപ നൽകും. മനുകൃഷ്‌ണനെ കൊച്ചി ബ്ലൂ ടൈഗേഴ്‌സും സൽമാൻ നിസാറിനെ കലിക്കറ്റ്‌ ഗ്ലോബ്‌സ്റ്റാഴ്‌സും ഏഴുലക്ഷം രൂപയ്‌ക്ക്‌ സ്വന്തമാക്കി.

പി എ അബ്ദുൾ ബാസിത് (ട്രിവാൻഡ്രം റോയൽസ്‌), സച്ചിൻ ബേബി (ഏരീസ് കൊല്ലം സെയ്‌ലേഴ്സ്‌), മുഹമ്മദ് അസ്ഹറുദീൻ (ആലപ്പി റിപ്പിൾസ്‌), ബേസിൽ തമ്പി (കൊച്ചി ബ്ലൂ ടൈഗേഴ്സ്‌), വിഷ്‌ണു വിനോദ് (തൃശൂർ ടൈറ്റൻസ്‌), രോഹൻ എസ് കുന്നമ്മൽ (കലിക്കറ്റ്‌ ഗ്ലോബ്സ്റ്റാഴ്സ്‌) എന്നിവരാണ്‌ ഐക്കൺ താരങ്ങൾ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top