28 December Saturday

കേരളം സെമിയിൽ ; നസീബാണ്‌ കളിയിലെ താരം

ബി എസ്‌ ശരത്‌Updated: Saturday Dec 28, 2024

ജമ്മു കശ്മീരിനെതിരെ നടന്ന ക്വാർട്ടർ ഫൈനലിൽ കേരളത്തിന്റെ വിജയഗോൾ നേടിയ നസീബ് റഹ്മാൻ (നടുവിൽ) സഹതാരങ്ങളായ ടി ഷിജിൻ, ജോസഫ് ജസ്റ്റിൻ, വി അർജുൻ എന്നിവരോടൊപ്പം ആഹ്ലാദത്തിൽ ഫോട്ടോ: മിഥുൻ അനില മിത്രൻ


ഹൈദരാബാദ്‌
ജമ്മു കശ്‌മീരിന്റെ പ്രതിരോധപ്പൂട്ടിൽ പിടഞ്ഞെങ്കിലും നസീബ്‌ റഹ്‌മാന്റെ മനോഹരഗോളിൽ കേരളം സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ സെമിയിലേക്ക്‌. ഞായർ രാത്രി 7.30ന്‌ കരുത്തരായ മണിപ്പുരുമായാണ്‌ മുൻ ചാമ്പ്യൻമാരുടെ സെമി പോരാട്ടം. കളംനിറഞ്ഞു കളിച്ച നസീബാണ്‌ കളിയിലെ താരം.

അഞ്ചു കളിയിൽ 11 ഗോളടിച്ച കേരളത്തെ ആദ്യപകുതിയിൽ അനങ്ങാൻ വിടാതെ കശ്‌മീരുകാർ പൂട്ടി. മുന്നേറ്റത്തിൽ മുഹമ്മദ്‌ അജ്‌സൽ തിരിച്ചെത്തിയിട്ടും ഗോൾമുഖം തുറക്കാൻ പാടുപെട്ടു. ഇടതു വിങ്ങിൽ മുഹമ്മദ്‌ റിയാസ്‌ മങ്ങിയതും നിജോ ഗിൽബർട്ട്‌ പൂർണ മികവിലേക്ക്‌ ഉയരാതിരുന്നതും കളിയൊഴുക്കിനെ ബാധിച്ചു. മുഹമ്മദ്‌ അസ്‌ലത്തിന്റെയും നസീബിന്റെയും മികച്ച ഷോട്ടുകൾ കശ്‌മീർ ഗോളി തട്ടിയകറ്റിയതിൽ ഒതുങ്ങി കേരളത്തിന്റെ മുന്നേറ്റം. ആദ്യപകുതിയുടെ അവസാന മിനിറ്റിൽ കശ്‌മീർ ഗോൾമുഖത്തെ കൂട്ടപ്പൊരിച്ചിലിനിടെ പന്ത്‌ കിട്ടിയ അജ്‌സലിന്‌ ലക്ഷ്യംകാണാനും കഴിഞ്ഞില്ല.

72–-ാംമിനിറ്റിലാണ്‌  വിജയഗോൾ പിറന്നത്‌. പകരക്കാരനായി ഇറങ്ങിയ വി അർജുൻ ഹെഡ്ഡറിലൂടെ നൽകിയ പന്ത്‌ നസീബ്‌ കശ്‌മീർ വലയിൽ നിക്ഷേപിച്ചു. ഫൈനൽ റൗണ്ടിൽ നസീബിന്റെ നാലാം ഗോൾ. കളിയവസാനം കശ്‌മീരുകാർ സമനിലയ്‌ക്കായി കിണഞ്ഞു ശ്രമിച്ചെങ്കിലും ക്യാപ്‌റ്റൻ ജി സഞ്ജുവിന്റെ നേതൃത്വത്തിലുള്ള പ്രതിരോധനിര പിടിച്ചുനിന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top