22 November Friday
ഐപിഎൽ ടീമുകൾ നിലനിർത്തുന്ന 
കളിക്കാരെ പ്രഖ്യാപിച്ചു , അഞ്ച്‌ ക്യാപ്‌റ്റൻമാരെ ഒഴിവാക്കി , പന്തും ബട്‌ലറും രാഹുലും പുറത്ത്

ക്ലാസെന്‌ 
23 കോടി, 
കോഹ്‌ലിക്ക്‌ 21 , 18 കോടിയുമായി സഞ്‌ജു രാജസ്ഥാനിൽ തുടരും

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024



മുംബൈ
മുഖംമിനുക്കി ഐപിഎൽ ടീമുകൾ അടുത്ത ക്രിക്കറ്റ്‌ സീസണിനായി ഒരുങ്ങുന്നു. താരലേലത്തിന്‌ മുന്നോടിയായി നിലനിർത്തുന്ന കളിക്കാരെ 10 ടീമുകളും പ്രഖ്യാപിച്ചു. സൺറൈസേഴ്‌സ്‌ ഹൈദരാബാദിന്റെ ദക്ഷിണാഫ്രിക്കൻ ബാറ്റർ ഹെൻറിച്ച്‌ ക്ലാസെനാണ്‌ നിലനിർത്തിയവരിലെ മൂല്യമേറിയ താരം. ഈ വലംകൈയൻ ബാറ്റർക്ക്‌ 23 കോടി രൂപ പ്രതിഫലം നൽകും. വിരാട്‌ കോഹ്‌ലിക്ക്‌ 35–-ാംവയസ്സിലും താരപ്പൊലിമയുണ്ട്‌. റോയൽ ചലഞ്ചേഴ്‌സ്‌ ബംഗളൂരു 21 കോടി രൂപയ്‌ക്കാണ്‌ നിലനിർത്തിയത്‌. ഇന്ത്യയിലെ വിലയേറിയ താരവും കോഹ്‌ലി തന്നെ. ഇത്തവണ ബംഗളൂരുവിനെ നയിക്കുന്നതും മുൻ ഇന്ത്യൻ ക്യാപ്‌റ്റനാണ്‌. രാജസ്ഥാൻ റോയൽസ്‌ ക്യാപ്‌റ്റനും മലയാളിതാരവുമായ സഞ്‌ജു സാംസണെ 18 കോടിക്ക്‌ നിലനിർത്തി.

ഋഷഭ്‌ പന്ത്‌ (ഡൽഹി ക്യാപിറ്റൽസ്‌), കെ എൽ രാഹുൽ (ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്‌), ശ്രേയസ്‌ അയ്യർ (കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌), ശിഖർ ധവാൻ (പഞ്ചാബ്‌ കിങ്‌സ്‌), ഫാഫ്‌ ഡു പ്ലെസിസ്‌ (ബംഗളൂരു) എന്നീ അഞ്ച്‌ ക്യാപ്‌റ്റൻമാരെ ടീമുകൾ ഒഴിവാക്കി. ഇവരെല്ലാം താരലേലത്തിലുണ്ടാകും. ഇതിൽ ധവാൻ വിരമിച്ചതാണ്‌. വ്യാഴം വൈകിട്ട്‌ 5.30 ആയിരുന്നു അന്തിമ പട്ടിക സമർപ്പിക്കാനുള്ള അവസാനസമയം.

ആറ്‌ കളിക്കാരെയും നിലനിർത്തിയത്‌ രാജസ്ഥാനും കൊൽക്കത്തയുമാണ്‌. ജോസ്‌ ബട്‌ലർക്ക്‌ പകരം രാജസ്ഥാൻ ഷിംറോൺ ഹെറ്റ്‌മെയർക്ക്‌ അവസരം നൽകി. കുറവ്‌ കളിക്കാരെ നിലനിർത്തിയത്‌ പഞ്ചാബാണ്‌. രണ്ടുപേരെ മാത്രം. ലേലത്തിൽ കഴിഞ്ഞ സീസണിൽ കളിച്ച താരങ്ങളെ ആർടിഎം കാർഡ്‌ (നിലനിർത്താനുള്ള അവകാശം) ഉപയോഗിച്ചും ടീമുകൾക്ക്‌ സ്വന്തമാക്കാം. രാജസ്ഥാനും കൊൽക്കത്തയ്‌ക്കും ഈ സാധ്യതയില്ല.  ഇഷാൻ കിഷൻ (മുംബൈ), മുഹമ്മദ്‌ ഷമി (ഗുജറാത്ത്‌), മുഹമ്മദ്‌ സിറാജ്‌ (ബംഗളൂരു) തുടങ്ങിയവർക്കും പുറത്തുപോകേണ്ടി വന്നു. രാഹുലിന് പകരം നികോളാസ് പുരാനാകും ലഖ്നൗവിന്റെ പുതിയ ക്യാപ്റ്റൻ. ഡൽഹി, കൊൽക്കത്ത, പഞ്ചാബ് ടീമുകൾക്ക് പുതിയ ക്യാപ്റ്റൻമാർ വരും.

താരലേലം 24, 25
ഐപിഎൽ 18–-ാംസീസണിന്‌ മുന്നോടിയായുള്ള താരലേലം 24, 25 തീയതികളിൽ സൗദി അറേബ്യയിലെ റിയാദിൽ നടക്കും. കഴിഞ്ഞതവണ ദുബായിലായിരുന്നു ലേലം. അടുത്തവർഷം ഏപ്രിലിലാണ്‌ മത്സരങ്ങൾ. കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സാണ്‌ നിലവിലെ ജേതാക്കൾ.

ഹാർദിക്‌ തുടരും
ഹാർദിക്‌ പാണ്ഡ്യ മുംബൈ ഇന്ത്യൻസ്‌ ക്യാപ്‌റ്റനായി തുടരും. രോഹിത്‌ ശർമയുടെ പിൻഗാമിയായി കഴിഞ്ഞ സീസണിലാണ്‌ ചുമതലയേറ്റത്‌. ഹാർദികിനെ ആരാധകർ കൂവിയാണ്‌ വരവേറ്റിരുന്നത്‌. സീസണിൽ ടീമിന്റെ പ്രകടനവും ദയനീയമായി. 14 കളിയിൽ പത്തും തോറ്റ്‌ അവസാനസ്ഥാനത്തായിരുന്നു. ഋതുരാജ്‌ ഗെയ്‌ക്--വാദ് (ചെന്നൈ സൂപ്പർ കിങ്സ്‌), ശുഭ്‌മാൻ ഗിൽ (ഗുജറാത്ത്‌ ടൈറ്റൻസ്‌), സഞ്‌ജു സാംസൺ (രാജസ്ഥാൻ റോയൽസ്‌), പാറ്റ്‌ കമ്മിൻസ്‌ (സൺറൈസേഴ്‌സ്‌ ഹൈദരാബാദ്‌) എന്നിവരും തുടരും.

മുംബൈ ഇന്ത്യൻസ്‌
നിലനിർത്തിയ താരങ്ങൾ (5)
ജസ്‌പ്രീത്‌ ബുമ്ര (18 കോടി), സൂര്യകുമാർ യാദവ്‌ (16.35 കോടി), ഹാർദിക്‌ പാണ്ഡ്യ (16.35 കോടി), രോഹിത്‌ ശർമ (16.30 കോടി), തിലക്‌ വർമ (8 കോടി).
ലേലത്തിന്‌ ബാക്കിയുള്ള തുക: 55 കോടി.
ഒഴിവാക്കിയ പ്രമുഖർ: ഇഷാൻ കിഷൻ, ടിം ഡേവിഡ്‌.


സൺറൈസേഴ്‌സ്‌ ഹൈദരാബാദ്‌
നിലനിർത്തിയ താരങ്ങൾ (5)
ഹെൻറിച്ച്‌ ക്ലാസെൻ (23 കോടി), പാറ്റ്‌ കമ്മിൻസ്‌ (18 കോടി), അഭിഷേക്‌ ശർമ (14 കോടി), ട്രാവിസ്‌ ഹെഡ്‌ (14 കോടി), നിതീഷ്‌ കുമാർ റെഡ്ഡി (6 കോടി).
ബാക്കിയുള്ള തുക: 45 കോടി.
ഒഴിവാക്കിയ പ്രമുഖർ: വാഷിങ്‌ടൺ സുന്ദർ, ഭുവനേശ്വർ കുമാർ, ടി നടരാജൻ, മായങ്ക് അഗർവാൾ.

ലഖ്‌നൗ 
സൂപ്പർ ജയന്റ്‌സ്‌
നിലനിർത്തിയ താരങ്ങൾ (5)
നിക്കോളാസ്‌ പുരാൻ (21 കോടി), രവി ബിഷ്‌ണോയ്‌ (11 കോടി), മായങ്ക്‌ യാദവ്‌ (11 കോടി), മൊഹ്‌സിൻ ഖാൻ (4 കോടി), ആയുഷ്‌ ബദനി (4 കോടി).
ബാക്കിയുള്ള തുക: 69 കോടി.
ഒഴിവാക്കിയ പ്രമുഖർ: കെ എൽ രാഹുൽ, മാർകസ്‌ സ്‌റ്റോയിനിസ്‌, ക്വിന്റൺ ഡി കോക്ക്‌, ക്രുണാൾ പാണ്ഡ്യ.

പഞ്ചാബ്‌ കിങ്‌സ്‌

നിലനിർത്തിയ താരങ്ങൾ (2)
ശശാങ്ക്‌ സിങ്‌ (5.5 കോടി), പ്രഭ്‌സിമ്രാൻ സിങ്‌ (5 കോടി)
 ബാക്കിയുള്ള തുക: 110.5 കോടി.
ഒഴിവാക്കിയ പ്രമുഖർ: ഹർഷൽ പട്ടേൽ, അർഷ്‌ദീപ്‌ സിങ്‌, സാം കറൻ, ജോണി ബെയർസ്‌റ്റോ, ലിയാം ലിവിങ്‌സ്റ്റൺ.

രാജസ്ഥാൻ റോയൽസ്‌
നിലനിർത്തിയ താരങ്ങൾ (6)
സഞ്‌ജു സാംസൺ (18 കോടി), യശസ്വി ജയ്‌സ്വാൾ (18 കോടി), റിയാൻ പരാഗ്‌ (14 കോടി), ധ്രുവ്‌ ജുറെൽ (14 കോടി), ഷിംറോൺ ഹെറ്റ്‌മെയർ (14 കോടി), സന്ദീപ്‌ ശർമ (4 കോടി).
ബാക്കിയുള്ള തുക: 41 കോടി
ഒഴിവാക്കിയ പ്രമുഖർ: ജോസ്‌ ബട്‌ലർ, യുശ്‌വേന്ദ്ര ചഹാൽ, ആർ അശ്വിൻ, ട്രെന്റ് ബോൾട്ട്.
 

ചെന്നൈ 
സൂപ്പർ കിങ്‌സ്‌
നിലനിർത്തിയ താരങ്ങൾ (5)
ഋതുരാജ്‌ ഗെയ്‌ക്‌വാദ്‌ (18 കോടി), മതീഷ പതിരണെ (13 കോടി), ശിവം ദുബെ (12 കോടി), രവീന്ദ്ര ജഡേജ (18 കോടി), മഹേന്ദ്രസിങ്‌ ധോണി (4 കോടി).
 ബാക്കിയുള്ള തുക: 65 കോടി
ഒഴിവാക്കിയ പ്രമുഖർ: ഡെവൻ കൊൺവേ, രചിൻ രവീന്ദ്ര, ദീപക്‌ ചഹാർ, ശാർദുൽ ഠാക്കൂർ, തുഷാർ ദേശ്‌പാണ്ഡെ.

റോയൽ 
ചലഞ്ചേഴ്സ്‌ 
ബംഗളൂരു
നിലനിർത്തിയ താരങ്ങൾ (3)
വിരാട്‌ കോഹ്‌ലി (21 കോടി), രജത്‌ പടിദാർ (11 കോടി), യാഷ്‌ ദയാൽ (5 കോടി).
 ബാക്കിയുള്ള തുക: 83 കോടി
ഒഴിവാക്കിയ പ്രമുഖർ: ഫാഫ്‌ ഡുപ്ലെസിസ്‌, ഗ്ലെൻ മാക്‌സ്‌വെൽ, മുഹമ്മദ്‌ സിറാജ്‌, കാമറൂൺ ഗ്രീൻ.

ഡൽഹി ക്യാപിറ്റൽസ്‌
നിലനിർത്തിയ താരങ്ങൾ (4)
അക്‌സർ പട്ടേൽ (16.50 കോടി), കുൽദീപ്‌ യാദവ്‌ (13.25 കോടി), ട്രിസ്റ്റൻ സ്‌റ്റബ്‌സ്‌ (10 കോടി), അഭിഷേക്‌ പൊറെൽ (4 കോടി).
 ബാക്കിയുള്ള തുക: 73 കോടി
ഒഴിവാക്കിയ പ്രമുഖർ: ഋഷഭ്‌ പന്ത്‌, ഡേവിഡ്‌ വാർണർ, ആൻറിച്ച്‌ നോർത്യെ.

ഗുജറാത്ത്‌ ടൈറ്റൻസ്‌
നിലനിർത്തിയ താരങ്ങൾ (5)
റാഷിദ്‌ ഖാൻ (18 കോടി), ശുഭ്‌മാൻ ഗിൽ (16.50 കോടി), സായ്‌ സുദർശൻ (8.50 കോടി), രാഹുൽ ടെവാട്ടിയ (4 കോടി), ഷാരൂഖ്‌ ഖാൻ (4 കോടി).
 ബാക്കിയുള്ള തുക: 69 കോടി
ഒഴിവാക്കിയ പ്രമുഖർ: മുഹമ്മദ്‌ ഷമി, ഡേവിഡ്‌ മില്ലർ.

കൊൽക്കത്ത 
നൈറ്റ്‌ റൈഡേഴ്‌സ്‌
നിലനിർത്തിയ താരങ്ങൾ (6)
റിങ്കു സിങ്‌ (13 കോടി), വരുൺ ചക്രവർത്തി (12 കോടി), സുനിൽ നരെയ്‌ൻ (12 കോടി), ആന്ദ്രെ റസെൽ (12 കോടി), ഹർഷിത്‌ റാണ (4 കോടി), രമൺദീപ്‌ സിങ്‌ (4 കോടി).
ബാക്കിയുള്ള തുക: 51 കോടി
ഒഴിവാക്കിയ പ്രമുഖർ: ശ്രേയസ്‌ അയ്യർ, മിച്ചെൽ സ്റ്റാർക്‌, ഫിൽ സാൾട്ട്‌, വെങ്കിടേഷ്‌ അയ്യർ, നിതീഷ്‌ റാണ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top