ഷാർജ
ആദ്യ തോൽവിക്കുശേഷം യുവഇന്ത്യയുടെ തകർപ്പൻ തിരിച്ചുവരവ്. അണ്ടർ 19 ഏഷ്യാകപ്പ് ഏകദിന ക്രിക്കറ്റിൽ ഇന്ത്യ 211 റണ്ണിന് ജപ്പാനെ തോൽപ്പിച്ചു.
സ്‌കോർ: ഇന്ത്യ 339/6, ജപ്പാൻ 128/8.
ക്യാപ്‌റ്റൻ മുഹമ്മദ് അമൻ നേടിയ സെഞ്ചുറിയാണ് ഇന്ത്യക്ക് മികച്ച സ്‌കോർ ഒരുക്കിയത്. 118 പന്തിൽ ഏഴ് ഫോറിന്റെ പിന്തുണയിൽ 122 റണ്ണടിച്ച അമൻ കളിയിലെ താരമായി. കെ പി കാർത്തികേയയും (57) ആയുഷ് മഹാത്രേയും (54) അർധസെഞ്ചുറി നേടി. കൂറ്റൻ സ്‌കോറിനുമുന്നിൽ പകച്ചുപോയ ജപ്പാൻ പൊരുതാതെ കീഴടങ്ങി. ഓപ്പണർ ഹുഗോ കെല്ലി 50 റണ്ണടിച്ചു. ചാൾസ് ഹിൻസി 35 റണ്ണുമായി പുറത്തായില്ല. കാർത്തികേയ, ഹാർദിക് രാജ്, ചേതൻ ശർമ എന്നിവർ രണ്ട് വിക്കറ്റുവീതം വീഴ്‌ത്തി.
ആദ്യകളിയിൽ പാകിസ്ഥാനോട് 43 റണ്ണിന് തോറ്റ ഇന്ത്യക്ക് നാളെ യുഎഇയെ തോൽപ്പിച്ചാൽ സെമിയിലെത്താം. പാകിസ്ഥാൻ യുഎഇയെ 69 റണ്ണിന് പരാജയപ്പെടുത്തി സെമി ഉറപ്പാക്കി. സ്‌കോർ: പാകിസ്ഥാൻ 314/3, യുഎഇ 245/8. പാകിസ്ഥാൻ നിരയിൽ ഷഹ്‌സെയ്‌ബ് ഖാനും (132) മുഹമ്മദ് റിയാസുള്ളയും (106) സെഞ്ചുറി നേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..