റോം
ഇറ്റാലിയൻ ഫുട്‌ബോൾ ലീഗിൽ കളിക്കാരൻ മത്സരത്തിനിടെ കളത്തിൽ കുഴഞ്ഞുവീണത് ഞെട്ടലുണ്ടാക്കി. ഫ്ലോറെന്റീനോ ക്ലബ്ബിന്റെ മിഡ്‌ഫീൽഡർ എഡോർഡോ ബോവ് ഇന്റർമിലാനെതിരായ മത്സരത്തിനിടെയാണ് ഫുട്‌ബോൾ ലോകത്തെ ആശങ്കയിലാഴ്‌ത്തിയത്. ഫ്ലോറെൻസിയയിലെ ആർടെമിയോ ഫ്രാഞ്ചി സ്‌റ്റേഡിയത്തിൽ ഞായറാഴ്‌ച രാത്രിയാണ് സംഭവം. തുടർന്ന് മത്സരം റദ്ദാക്കി. കളി തുടങ്ങി 16–-ാം മിനിറ്റിലാണ് ഓടിക്കൊണ്ടിരുന്ന ഇരുപത്തിരണ്ടുകാരൻ കുഴഞ്ഞുവീണത്. ചുറ്റുംകൂടിയ കളിക്കാർ പരിഭ്രാന്തരായി മെഡിക്കൽസംഘത്തെ വിളിച്ചു. റഫറി കളി നിർത്തിവച്ചു. പ്രാഥമിക ശുശ്രൂഷ നൽകിയശേഷം ആംബുലൻസിൽ കെയർഗി ആശുപത്രിയിലേക്ക് മാറ്റി. അപ്പോൾ അബോധാവസ്ഥയിലായിരുന്നു. പിന്നീട് ബോധം വീണ്ടെടുത്തതായും സ്വയം ശ്വസിക്കുന്നതായും ആശുപത്രിയിൽനിന്ന് അറിയിച്ചു. 24 മണിക്കൂർ നിരീക്ഷണമാണ് ഡോക്ടർമാർ നിർദേശിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതായി ക്ലബ് അറിയിച്ചു. തീവ്രപരിചരണവിഭാഗത്തിൽ ചികിത്സ തുടരുന്നു. കടുത്ത ഹൃദയാഘാതമുണ്ടായതായാണ് സൂചന.
ഇറ്റലിയുടെ അണ്ടർ 21 ടീം അംഗമാണ്. റോമ ക്ലബ്ബിനായി മൂന്നുവർഷം കളിച്ചശേഷം ജൂലൈയിൽ വായ്‌പാടിസ്ഥാനത്തിലാണ് ഫ്ലോറെന്റീനോയിലെത്തിയത്. 2020 യൂറോകപ്പിൽ ഫിൻലിൻഡിനെതിരായ മത്സരത്തിനിടെ ഡെൻമാർക്കിന്റെ ക്രിസ്‌റ്റ്യൻ എറിക്‌സൺ സമാനരീതിയിൽ കളത്തിൽ കുഴഞ്ഞുവീണിരുന്നു. ഏറെനാളത്തെ ചികിത്സയ്‌ക്കുശേഷം എറിക്‌സൺ കളത്തിൽ തിരിച്ചെത്തി. ഈവർഷം ഇറ്റാലിയൻ ലീഗിൽ റോമ ക്ലബ്ബിന്റെ പ്രതിരോധതാരം ഇവാൻ എൻഡികയും കുഴഞ്ഞുവീണിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..