22 December Sunday

തിരുവനന്ത "കുളം"

ജെയ്‌സൻ ഫ്രാൻസിസ്‌Updated: Saturday Nov 9, 2024

കൊച്ചി
സംസ്ഥാന സ്‌കൂൾ കായികമേളയിൽ ആദ്യവസാനം  നീന്തൽക്കുളം അടക്കിവാണ തലസ്ഥാനത്തിന്‌ കിരീടം. പൊന്നും റെക്കോഡുകളും നീന്തിയെടുത്ത തുണ്ടത്തിൽ എംവിഎച്ച്‌എസ്‌എസിലെയും പിരപ്പൻകോട്‌ ഗവ. വിഎച്ച്‌എസ്‌എസിലെയും മിടുക്കരുടെ മികവിലാണ്‌ തിരുവനന്തപുരം അക്വാട്ടിക്‌സിൽ ചാമ്പ്യന്മാരായത്‌.

654 പോയിന്റുമായാണ്‌ തിരുവനന്തപുരത്തിന്റെ സുവർണമത്സ്യങ്ങൾ ഒന്നാംസ്ഥാനത്ത്‌ നീന്തിയെത്തിയത്‌. സ്വർണം 74, വെള്ളി 56, വെങ്കലം 60. രണ്ടാംസ്ഥാനത്തെത്തിയ എറണാകുളത്തിന്‌ 162 പോയിന്റാണുള്ളത്‌. 13 സ്വർണവും 21 വെള്ളിയും 12 വെങ്കലവും നേടി. 90 പോയിന്റുമായി കോട്ടയം മൂന്നാമതെത്തി. എട്ട്‌ സ്വർണം, 10 വെള്ളി, ആറ്‌ വെങ്കലവുമാണ്‌ അക്കൗണ്ടിൽ.

സ്‌കൂൾവിഭാഗത്തിൽ തലസ്ഥാന ജില്ലയിൽനിന്നുള്ള വിദ്യാലയങ്ങളാണ്‌  ആദ്യ രണ്ടുസ്ഥാനങ്ങളും നേടിയത്‌. 146 പോയിന്റുമായി തുണ്ടത്തിൽ എംവിഎച്ച്‌എസ്‌എസ്‌ ജേതാക്കളായി. 27 സ്വർണവും രണ്ട്‌ വെള്ളിയും അഞ്ച്‌ വെങ്കലവും തുണ്ടത്തിൽ സ്വന്തമാക്കി. 63 പോയിന്റോടെ പിരപ്പൻകോട്‌ ഗവ. വിഎച്ച്‌എസ്‌എസ്‌ രണ്ടാമതായി. 11 സ്വർണവും രണ്ടുവീതം വെള്ളിയും വെങ്കലവും കരസ്ഥമാക്കി. 61 പോയിന്റുള്ള കളമശേരി എച്ച്‌എസ്‌എസ്‌ ആൻഡ്‌ വിഎച്ച്‌എസ്‌എസാണ്‌ മൂന്നാമത്‌. ഏഴുവീതം സ്വർണവും വെള്ളിയും അഞ്ച്‌ വെങ്കലവുമാണ്‌ കളമശേരിക്കുള്ളത്‌. മേളയുടെ തുടക്കംമുതൽ റെക്കോഡുകളുടെ ചാകരയായിരുന്നു. കോതമംഗലം എംഎ കോളേജ്‌ നീന്തൽക്കുളത്തിൽനിന്ന്‌  35 റെക്കോഡുകളാണ്‌  ഉയർന്നത്‌.

വാട്ടർപോളോയിലും തിരുവനന്തപുരമാണ്‌ ജേതാക്കൾ. പാലക്കാടിനെ തകർത്താണ്‌ കിരീട നേട്ടം ആവർത്തിച്ചത്‌. എൻ എസ്‌ അമ്പാടിയുടെ നേതൃത്വത്തിലുള്ള ടീം 14–-9ന്‌ ജയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top