22 December Sunday
ക്രിക്കറ്റ്‌ മോഹിച്ച,
ഒരുനേരത്തെ ഭക്ഷണത്തിനായി 
പൊരുതിയ ബാല്യമായിരുന്നു 
അർഷാദിന്റേത്‌

പന്തിൽ തൊട്ടു ജാവലിൻ തൊടുത്തു

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024

image credit Arshad Nadeem Olympian facebook

പാരിസ്‌
മൂളിപ്പറക്കുന്ന പന്തുകളോടായിരുന്നു അർഷാദ്‌ നദീമിന്‌ പ്രിയം. വസീം അക്രവും വഖാർ യൂനിസും ഷൊയ്‌ബ്‌ അക്‌തറും സ്വപ്നങ്ങളിൽ നിറഞ്ഞകാലം. ഖനേവാലിലെ അറിയപ്പെടുന്ന പേസ്‌ ബൗളറായിരുന്നു നദീം. ക്രിക്കറ്റ്‌ മാത്രമായിരുന്നു ചിന്ത. ഗ്രാമത്തിലും പുറത്തും അവനെ സ്വന്തമാക്കാൻ പ്രാദേശിക ക്ലബ്ബുകൾ മത്സരിച്ചു. ഒറ്റയ്‌ക്ക്‌ കളി ജയിപ്പിച്ച്‌ എല്ലാവരെയും സന്തോഷിപ്പിച്ചു. സ്‌കൂളിൽ ക്രിക്കറ്റിനെ കൂടാതെ ബാഡ്‌മിന്റൺ, ഫുട്‌ബോൾ, അത്‌ലറ്റിക്‌സ്‌, കബഡി എന്നീ ഇനങ്ങളിലെല്ലാം കൈവച്ചു. ക്രിക്കറ്റ്‌ കളിക്കുന്നതിൽ വീട്ടുകാർക്ക്‌ എതിർപ്പായിരുന്നു. മകൻ ഒന്നുമല്ലാതായി തീരുമെന്നായിരുന്നു ആശങ്ക. നിർമാണത്തൊഴിലാളിയായ മുഹമ്മദ്‌ അഷ്‌റഫിന്‌ ഏഴ്‌ മക്കളാണ്‌. അതിൽ മൂന്നാമനാണ്‌ നദീം. മൂന്നുനേരത്തെ അന്നത്തിനായി അവർ കഷ്ടപ്പെട്ടു. വർഷത്തിൽ ഒരിക്കൽമാത്രമായിരുന്നു അവർ ഇറച്ചി കഴിക്കാറ്‌.

പെരുന്നാൾസമയത്ത്‌ പള്ളിയിൽനിന്ന്‌ കിട്ടുന്ന ഇറച്ചി. ഈ ദുരിതജീവിതത്തിനിടെ മകന്റെ ക്രിക്കറ്റ്‌ പ്രേമത്തിന്‌ കൂട്ടുനിൽക്കാൻ ആ പിതാവിന്‌ കഴിയുമായിരുന്നില്ല.
സ്‌കൂളിൽ ജാവലിൻ ത്രോയിലും ഡിസ്‌കസ്‌ ത്രോയിലും പങ്കെടുത്ത് ഒന്നാമതെത്തിയ ആരോഗ്യമുള്ള കുട്ടിയെ കണ്ട്‌ പഞ്ചാബ്‌ അത്‌ലറ്റിക്‌ ഫെഡറേഷൻ അംഗമായ റഷീദ്‌ അഹമ്മദ്‌ സാഖി അമ്പരന്നു. നദീമിനെ ഏറ്റെടുത്ത സാഖി ജാവലിനിൽ ശ്രദ്ധ കേന്ദ്രീകരിപ്പിച്ചു. ഉയരമായിരുന്നു ആകർഷണം. പതിനാലാംവയസ്സിൽത്തന്നെ ആറടി ഉയരം. പതിനെട്ടാംവയസ്സിൽ ദേശീയ ചാമ്പ്യനായി. 2016ൽ ഗുവാഹത്തിയിൽ നടന്ന ദക്ഷിണേഷ്യൻ ഗെയിംസിൽ പാകിസ്ഥാൻ കുപ്പായത്തിൽ അരങ്ങേറി.

വെങ്കലവുമായി മടക്കം. നീരജ്‌ ചോപ്രയായിരുന്നു ചാമ്പ്യൻ. ഒറ്റയ്‌ക്ക്‌ പൊരുതിയും കഠിനാധ്വാനം ചെയ്‌തും നദീം രാജ്യാന്തരവേദിയിൽ തിളങ്ങി. സാമ്പത്തിക ബുദ്ധിമുട്ട്‌ അലട്ടി. നാട്ടുകാരും സുഹൃത്തുക്കളുമാണ്‌ സഹായിച്ചത്‌. പാകിസ്ഥാൻ സർക്കാരിൽനിന്ന്‌ സഹായം ലഭിച്ചില്ല. ടോക്യോ ഒളിമ്പിക്‌സ്‌ ഉൾപ്പെടെ പ്രധാന വേദികളിൽ സ്വന്തം ചെലവിലാണ്‌ എത്തിയത്‌. ഇതിനിടെ പരിക്കും അലട്ടി. പുതിയ ജാവലിൻ വാങ്ങാൻ സമൂഹമാധ്യമത്തിൽ പരസ്യമായി സഹായം തേടേണ്ടിവന്നു.
കോമൺവെൽത്ത്‌ ഗെയിംസിൽ സ്വർണവും ലോകചാമ്പ്യൻഷിപ്പിൽ വെള്ളിയും നേടി പാരിസിൽ എത്തിയ നദീം ഒറ്റയേറോടെ ചരിത്രം രചിച്ചു. ചങ്ങാതിയും എതിരാളിയുമായ നീരജിനെതിരെ ആദ്യജയവും സ്വന്തമാക്കി. അതും ഒളിമ്പിക്‌സിൽ റെക്കോഡോടെ. രണ്ടാമത്തെ എറ്‌ 92.97 മീറ്ററോടെ സ്വർണമുറപ്പാക്കി. യോഗ്യതാ റൗണ്ടിൽ 86.59 മീറ്ററായിരുന്നു ദൂരം. 1992നുശേഷം പാകിസ്ഥാന്റെ ആദ്യ മെഡൽ. അത്‌ലറ്റിക്‌സിലെ ആദ്യസ്വർണം. റെക്കോഡുകൾ പലതാണ്‌. ഒറ്റരാത്രികൊണ്ട്‌ നദീം പാകിസ്ഥാന്റെ വീരനായകനായി.
 

92.97 മീറ്റർ , പാരീസ് കുലുങ്ങി
ആദ്യ ഏറ്‌ ഫൗൾ. രണ്ടാമത്തേത്‌ ഒളിമ്പിക്- റെക്കോഡോടെ 92.97 മീറ്റർ.  അതോടെ ‘കളി’ കഴിഞ്ഞു. പുരുഷന്മാരുടെ ജാവലിൻത്രോയിൽ പാകിസ്ഥാൻ താരം അർഷാദ്‌ നദീം എതിരാളികളെ സ്‌തബ്‌ദരാക്കി. ഫൈനൽ തുടങ്ങിയപ്പോൾത്തന്നെ വിജയിയെ നിശ്‌ചയിച്ച പ്രതീതി. ഒളിമ്പിക്‌സ്‌ വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന ആദ്യ പാകിസ്ഥാൻ താരമെന്ന ബഹുമതി സ്വന്തമാക്കി. രണ്ടുതവണ 90 മീറ്റർ മറികടന്ന നദീമിനെ മറികടക്കാൻ ആർക്കുമായില്ല. അവസാന ത്രോ 91.79 മീറ്റർ. മൂന്നാമത്തെ ത്രോ 88.72, നാലാമത്തേത്‌ 79.40. അഞ്ചാമത്തേത്‌ 84.87. 

നീരജ്‌ ചോപ്രയ്‌ക്ക്‌ ഒറ്റ ത്രോ മാത്രമാണ്‌ സാധ്യമായത്‌. ബാക്കിയെല്ലാം ഫൗൾ. രണ്ടാം ത്രോയിലാണ്‌ 89.45 മീറ്റർ താണ്ടി വെള്ളിയിലെത്തിയത്‌. സീസണിലെ മികച്ച ദൂരമായിരുന്നു. ലോക, ഒളിമ്പിക്‌ ചാമ്പ്യനായ ഇരുപത്താറുകാരൻ ഒരിക്കൽപ്പോലും 90 മീറ്റർ കടന്നിട്ടില്ല. കഴിഞ്ഞതവണ ടോക്യോയിൽ 87.58 മീറ്റർ എറിഞ്ഞായിരുന്നു സ്വർണം. അന്ന്‌ നദീം അഞ്ചാംസ്ഥാനത്തായിരുന്നു. 

കോമൺവെൽത്ത്‌ ഗെയിംസിൽ 2022ൽ സ്വർണം നേടിയ അർഷാദ്‌ ഒളിമ്പിക്‌സ്‌ സ്വർണം നേടുമെന്ന്‌ കരുതിയതല്ല. മുൻ ലോകചാമ്പ്യൻ ഗ്രനഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സ്‌ 88.54 മീറ്റർ  എറിഞ്ഞ്‌ വെങ്കലം കരസ്ഥമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top