13 December Friday

നാട് നടുങ്ങി ; ലോറി ദേഹത്തേക്ക്‌ മറിഞ്ഞ് 
 4 വിദ്യാർഥിനികൾക്ക്‌ ദാരുണാന്ത്യം

സ്വന്തം ലേഖികUpdated: Thursday Dec 12, 2024


മണ്ണാർക്കാട്‌
നിയന്ത്രണംവിട്ടുമറിഞ്ഞ ലോറിക്കടിയിൽപ്പെട്ട്‌ സുഹൃത്തുക്കളായ നാല്‌ വിദ്യാർഥിനികൾക്ക്‌ ദാരുണാന്ത്യം. പാലക്കാട്‌ മണ്ണാർക്കാട്‌ കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാംക്ലാസ്‌ വിദ്യാർഥിനികളായ കെ എം നിദ ഫാത്തിമ, പി എ ഇർഫാന ഷെറിൻ, റിദ ഫാത്തിമ, എ എസ്‌ ഐഷ എന്നിവരാണ്‌ മരിച്ചത്‌. ഒപ്പമുണ്ടായിരുന്ന  വിദ്യാർഥിനി അത്ഭുതകരമായി ഓടിരക്ഷപ്പെട്ടു. കാസർകോട്‌ സ്വദേശികളായ ലോറി ഡ്രൈവർ വർഗീസ്‌ (52), ക്ലീനർ മഹേന്ദ്രപ്രസാദ്‌ (28) എന്നിവർക്ക്‌ പരിക്കേറ്റു. ഇവരെ കസ്റ്റഡിയിലെടുത്തു. കരിമ്പ പനയമ്പാടത്ത്‌ വ്യാഴം പകൽ 3.45നാണ്‌ അപകടം.

പരീക്ഷ കഴിഞ്ഞ്‌ വീട്ടിലേക്ക്‌ റോഡരികിലൂടെ നടന്നുപോകുകയായിരുന്നു വിദ്യാർഥികൾ. പാലക്കാട്ടുനിന്ന്‌ സിമന്റുമായി മണ്ണാർക്കാട്ടേക്കുപോയ ചരക്കുലോറിയിൽ എതിരെ വന്ന മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. ഇതേത്തുടർന്ന്‌ നിയന്ത്രണം വിട്ട ലോറി കുട്ടികളുടെ മേലേയ്‌ക്ക്‌ മറിഞ്ഞു. ലോറിക്കടിയിൽപ്പെട്ട വിദ്യാർഥിനികളെ റോഡരികിലെ ചാലിനുള്ളിൽനിന്നാണ്‌ പുറത്തെടുത്തത്‌. കുട്ടികളെ പുറത്തെടുത്ത്‌ ആദ്യം തച്ചമ്പാറയിലെയും മണ്ണാർക്കാട്‌ വട്ടമ്പലത്തെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചു. മൂന്നുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ്‌ മരിച്ചത്‌.

അപകടത്തിൽ മരിച്ച റിദ ഫാത്തിമ, നിദ ഫാത്തിമ, 
എ എസ്‌ ഐഷ, ഇർഫാന ഷെറിൻ

അപകടത്തിൽ മരിച്ച റിദ ഫാത്തിമ, നിദ ഫാത്തിമ, 
എ എസ്‌ ഐഷ, ഇർഫാന ഷെറിൻ

മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ ലോറി ഉയർത്തിയാണ്‌ വിദ്യാർഥിനികളെ പുറത്തെടുത്തത്‌. അപകടസ്ഥലത്തെ വൈദ്യുതിത്തൂണും സമീപത്തെ വീടിന്റെ മതിലും തകർത്തശേഷമാണ്‌ കുട്ടികളുടെ ദേഹത്തേക്ക്‌ ലോറി മറിഞ്ഞത്‌. മഹാരാഷ്‌ട്ര രജിസ്‌ട്രേഷനിലുള്ളതാണ്‌ ലോറി. സിമന്റ്‌ ചാക്കുകൾ മാറ്റിയശേഷമാണ്‌ ലോറി ഉയർത്തിയത്‌.  മഴ അപകടത്തിന്റെ തീവ്രതകൂട്ടി. രാത്രി പതിനൊന്നോടെ പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ നാലുപേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയാക്കി. വെള്ളി രാവിലെ ൮.൩൦ മുതൽ പത്തുവരെ തുപ്പനാട്‌ കരിമ്പക്കൽ ഹാളിൽ പൊതുദർശനത്തിനുശേഷം മൃതദേഹങ്ങൾ  വീടുകളിലെത്തിക്കും. പകൽ ൧൨ന്‌ തുപ്പനാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹങ്ങൾ ഖബറടക്കും.

മരിച്ച നാലുപേരും തുപ്പനാട്‌ ചെറുള്ളി സ്വദേശികളാണ്‌. പള്ളിപ്പറമ്പിൽ അബ്‌ദുൾ സലീമിന്റെയും ഫാരിസയുടെയും മകളാണ്‌ ഇർഫാന ഷെറിൻ. പട്ടേത്തൊടി അബ്ദുൽ റഫീഖിന്റെയും ജസീനയുടെയും മകളാണ്‌ റിദ ഫാത്തിമ. കവളേങ്ങിൽ അബ്‌ദുൾ  സലീമിന്റെയും നബീസയുടെയും മകളാണ്‌ നിദ ഫാത്തിമ. അത്തിക്കൽ വീട്ടിൽ ഷറഫുദ്ദീന്റെയും സജ്നയുടെയും മകളാണ്‌ ഐഷ. മരിച്ച ഇർഫാനയുടെ ഉമ്മ ഫാരിസ അപകടസമയത്ത്‌ അതുവഴി കടന്നുപോകുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ അവർ മകൾ അപകടത്തിൽപ്പെട്ടതറിഞ്ഞ്‌ കുഴഞ്ഞുവീണു. ഇവരെ പിന്നീട്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത്‌ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾക്ക്‌  പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട്‌ നാട്ടുകാർ ഒരു മണിക്കൂർ റോഡ്‌ ഉപരോധിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top