ലോക ചെസ് ചാമ്പ്യൻപട്ടത്തിൽ ഏറ്റവും അർഹനാണ് ഡി ഗുകേഷ്. 2022ൽ ചെന്നൈയിൽ നടന്ന ചെസ് ഒളിമ്പ്യാഡിൽ ഗുകേഷിനൊപ്പം പങ്കെടുത്ത് വെങ്കലമെഡൽ നേട്ടം കൈവരിച്ചത് ഒരിക്കലും മറക്കാനാകില്ല. ലോകത്തെ പ്രശസ്‌ത ചെസ് താരങ്ങൾ അണിനിരന്ന മത്സരത്തിലാണ് മൂന്നാംസ്ഥാനം നേടിയെടുത്തത്. വ്യക്തിഗതവിഭാഗത്തിൽ ഞങ്ങൾ സ്വർണവും നേടിയിരുന്നു.
2018 മുതൽ ആരംഭിച്ചതാണ് ഗുകേഷുമായുള്ള സൗഹൃദം. ലോക നിലവാരത്തിലുള്ള മത്സരങ്ങളിൽ അണിനിരക്കുമ്പോഴും ഒരിക്കലും കടുപ്പിച്ച് ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. മത്സരങ്ങൾ കഴിഞ്ഞുള്ള സമയങ്ങളിലെല്ലാം അടുത്ത സുഹൃത്തുക്കളാണ് ഞങ്ങൾ. ടൂർണമെന്റിൽ മത്സരം ആരംഭിച്ചാൽ ഗുകേഷ് ഒരു പ്രത്യേക മനുഷ്യനാണ്. മറ്റു ചിന്തകൾ ഒന്നുംതന്നെയുണ്ടാകില്ല. ടൂർണമെന്റ് കഴിഞ്ഞ് റൂമിൽ തിരിച്ചെത്തിയാൽ പിന്നെ സ്‌നേഹവർത്തമാനം തുടരും.
ഫ്രഞ്ച് ലീഗ്, ഓസ്‌ട്രിയയിൽ നടന്ന യൂറോപ്യൻ ടൂർണമെന്റ് എന്നിവിടങ്ങളിൽ ഗുകേഷുമായി ചേർന്ന് മത്സരിക്കാനായിട്ടുണ്ട്. ഏറ്റവും ഒടുവിൽ ലാത്വിയയിൽ നടന്ന ട്രിഡേ ഗ്രാൻഡ് സ്വിസ് ടൂർണമെന്റിലും ഒരുമിച്ച് പങ്കെടുത്തിരുന്നു. അച്ഛൻ ഡോ. സരിനുമായി ഗുകേഷിന്റെ അച്ഛൻ ഡോ. രജനീകാന്തിന് അടുത്ത ബന്ധമുണ്ട്. ലോക ചാമ്പ്യൻഷിപ്പിന്റെ വിവരങ്ങൾ അറിയാൻ അടുത്ത ദിവസംകൂടി അദ്ദേഹത്തെ വിളിച്ചിരുന്നു. ഞങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കുമ്പോൾ അവർ നാടുകാണുകയാണ് പതിവ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..