22 November Friday

ഇന്ത്യൻ വനിതാ ഫുട്‌ബോൾ ലീഗ്‌ ഫൈനൽ : കപ്പടിക്കാൻ ഗോകുലം

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020


ബംഗളൂരു
ഇന്ത്യൻ വനിതാ ഫുട്‌ബോൾ ലീഗിൽ ഗോകുലം കേരള എഫ്‌സി കപ്പടിക്കാൻ തയ്യാർ. പകൽ രണ്ടിന്‌ നടക്കുന്ന ഫൈനലിൽ മണിപ്പുരി ക്ലബ്ബായ ക്രിപ്‌സ എഫ്‌സിയാണ്‌ എതിരാളി. സീനിയർ വനിതാ വിഭാഗത്തിൽ ഒരു കേരള ടീം കപ്പ്‌ നേടിയ ചരിത്രമില്ല. അത്‌ തിരുത്താനാണ്‌ ഗോകുലം പന്ത്‌ തട്ടുന്നത്‌.

ഐഎസ്‌എലിലെയും ഐ ലീഗിലെയും മറ്റൊരു ടീമും വനിതാ ലീഗിൽ കളിക്കുന്നില്ല.  ചാമ്പ്യൻഷിപ്പിലെ ഗംഭീര ഫോമാണ്‌  ആത്മവിശ്വാസം നൽകുന്നത്‌. യുവത്വവും പരിചയസമ്പത്തും ചേർന്ന ടീം ആറ്‌ കളിയിൽ നേടിയത്‌ 31 ഗോൾ. വഴങ്ങിയത്‌ രണ്ടെണ്ണം. കഴിഞ്ഞതവണ സെമിയിൽ മണിപ്പുർ പൊലീസിനോട്‌ തോറ്റു.

മലയാളിയായ പി വി പ്രിയ പരിശീലിപ്പിക്കുന്ന ടീമിൽ നേപ്പാളി ദേശീയ താരം സബിത്ര ഭണ്ഡാരിയാണ്‌ ഗോളടിക്കാരി. ഇതുവരെ നേടിയത്‌ 18 ഗോൾ. മുൻ ഇന്ത്യൻ താരം മണിപ്പുരുകാരി കമലാദേവി, ക്യാപ്‌റ്റൻ ഗോവക്കാരി മൈക്കൽ മാർഗരറ്റ്‌ കസ്‌റ്റന്യാ എന്നിവർ ഏതിരാളികൾക്ക്‌ ഭീഷണിയാണ്‌. ഉമാപതി ദേവിയും മനീസപന്നയും പ്രതിരോധത്തിൽ കോട്ടകളാണ്‌. ബാറിനുകീഴിൽ ഇന്ത്യൻ ഗോളി അതിഥി ചൗഹാനുണ്ട്‌. കേരളത്തിന്റെ കെ വി അതുല്യ പ്രതിരോധത്തിലും. സി സിവിഷ, രേഷ്‌മ, മഞ്‌ജു ബേബി എന്നിവർ റിസർവ്‌ ബെഞ്ചിലുണ്ട്‌. 

ക്രിപ്‌സയും മോശക്കാരല്ല. ഗ്രൂപ്പ്‌ മത്സരങ്ങളിൽ ഒറ്റ ഗോളും വഴങ്ങിയില്ല. സെമിയിൽ മുംബൈ കെൻകെറെ എഫ്‌സിയെ 3–-1ന്‌ തോൽപ്പിച്ചു. സ്വീറ്റി ദേവി, ലിൽതോയിൻമാംബി ദേവി, പക്‌പി ദേവി എന്നിവർ ഉൾപ്പെട്ട പ്രതിരോധം മറികടക്കുക ദുഷ്‌കരമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top