കൊച്ചി
സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക് മീറ്റിലും തലമുറമാറ്റം. പരമ്പരാഗതശക്തികളിൽ പലതും പിന്നോട്ടുപോയപ്പോൾ പുതിയ സ്‌കൂളുകൾ കടന്നുവന്നു. മലപ്പുറത്തിന്റെ വിജയത്തിൽ 16 സ്‌കൂളുകൾ പങ്കാളികളായി. റണ്ണറപ്പായ പാലക്കാടിന് മെഡൽ സമ്മാനിച്ചത് 20 സ്‌കൂളുകളാണ്. സ്‌കൂൾ കായികമേളകൾ അടക്കിവാണ കോരുത്തോടും കോതമംഗലം സെന്റ് ജോർജും ചിത്രത്തിൽനിന്ന് മാഞ്ഞുപോയി. ആ ഇടത്തിലേക്കാണ് മലപ്പുറത്തെ ഐഡിയൽ കടകശേരി കടന്നുവരുന്നത്.
കോതമംഗലം മാർ ബേസിലും പറളി എച്ച്‌എസും മുണ്ടൂർ എച്ച്‌എസും കല്ലടി എച്ച്‌എസ് കുമരംപുത്തൂരും മങ്ങി. പുതിയ ശക്തികളായി മലപ്പുറം തിരുനാവായ നാവാമുകുന്ദ, ആലത്തിയൂർ കെഎച്ച്‌എം എച്ച്‌എസ്, ചീക്കോട് കെകെഎം എച്ച്‌എസ്‌എസ്, പാലക്കാട് വടവന്നൂർ വിഎം എച്ച്‌എസ്‌എസ്, കൊടുവായൂർ ജിഎച്ച്‌എസ്‌എസ്, ചിറ്റൂർ ജിഎച്ച്‌എസ്‌എസ്, കോഴിക്കോട് കുളത്തുവയൽ സെന്റ് ജോർജ്, ഇടുക്കി കാൽവരി മൗണ്ട് സ്‌കൂൾ എന്നിവ കയറിവന്നു. തിരുവനന്തപുരം ജി വി രാജയും പ്രതാപം വീണ്ടെടുത്തു.
ആലത്തിയൂരും നാവാമുകുന്ദയും
ആലത്തിയൂർ കെഎച്ച്‌എം എച്ച്‌എസ് സ്‌കൂളിന് ആകെയുള്ളത് 150 മീറ്റർ കഷ്‌ടി മണ്ണ് ട്രാക്കാണ്. അവിടെ പരിശീലിച്ചാണ് നാല് സ്വർണവും ഒരു വെള്ളിയും നാല് വെങ്കലവും നേടിയത്. സിന്തറ്റിക് ട്രാക്കിൽ പരിശീലിക്കണമെങ്കിൽ 25 കിലോമീറ്റർ പോകണം. തിരുനാവായ നാവാമുകുന്ദ സ്‌കൂൾ രണ്ട് സ്വർണവും ഒമ്പത് വെള്ളിയും ഏഴ് വെങ്കലവുമായി അമ്പരപ്പിച്ചു. 44 പോയിന്റാണ് സമ്പാദ്യം. 200 മീറ്റർ മൺ ട്രാക്കിൽനിന്ന് 25 താരങ്ങളുമായെത്തിയാണ് അത്ഭുതപ്രകടനം.
കാൽവരിക്കുന്നിലെ നക്ഷത്രങ്ങൾ
കോരുത്തോട് സ്‌കൂളും കെ പി തോമസ് മാഷുമെല്ലാം നിറഞ്ഞുനിന്ന കാലത്ത് പലവട്ടം രണ്ടാംസ്ഥാനക്കാരായിരുന്നു ഇടുക്കി കാൽവരി മൗണ്ട് എച്ച്‌എസ്. പിന്നീട് പിന്നോട്ടുപോയി. വർഷങ്ങളുടെ ഇടവേളയ്‌ക്കുശേഷം ശക്തമായ തിരിച്ചുവരവിലാണ് സ്‌കൂൾ. ഒരു സ്വർണവും അഞ്ച് വെള്ളിയുമാണ് സമ്പാദ്യം. സ്‌കൂളിലെ മുൻ അത്‌ലീറ്റായ ടിബിൻ ജോസഫാണ് കായികാധ്യാപകൻ.
മറ്റൊരു സെന്റ് ജോർജ്
കോതമംഗലത്തെ സെന്റ് ജോർജ് മറഞ്ഞപ്പോൾ കോഴിക്കോട്ടെ കുളത്തുവയൽ സെന്റ് ജോർജ് ഉദിച്ചു. നാല് സ്വർണവും ഒന്നുവീതം വെള്ളിയും വെങ്കലവും നേടി. കെ എം പീറ്ററിന്റെ നേതൃത്വത്തിലുള്ള ജോർജിയൻ സ്‌പോർട്‌സ് അക്കാദമിയാണ് കരുത്ത്.
പുതിയ പേരുകൾ
ഇക്കുറി മെഡൽ പട്ടികയിൽ പുതിയ സ്‌കൂളുകളുടെ പേരുകൾ നിറഞ്ഞു. ചിറ്റൂർ ജിഎച്ച്‌എസ്, ആലപ്പുഴ സെന്റ് ജോസഫ്‌സ് എച്ച്‌എസ്‌എസ്, കലവൂർ ഗവ. എച്ച്‌എസ്‌എസ്, കുട്ടമത്ത് ജിഎച്ച്‌എസ്‌എസ്, കീരംപാറ സെന്റ് സ്‌റ്റീഫൻ എച്ച്‌എസ്‌എസ്, ഐയുഎച്ച്‌എസ്‌എസ് പറപ്പൂര്, സികെഎംകെ എച്ച്‌എസ് കാവന്നൂർ, ജിഎച്ച്‌എസ്‌എസ് കോട്ടായി, എസ്‌എംഎംഎച്ച്‌എസ്‌എസ് രായിരിമംഗലം, വിതുര ജിവിഎച്ച്‌എസ്‌എസ് തുടങ്ങിയ സ്‌കൂളുകൾ സ്വർണപ്പട്ടികയിലെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..