കൊച്ചി
ബിബി തോമസ് സന്തോഷത്തിലാണ്. സൂപ്പർ ലീഗ് കേരള ഫുട്‌ബോളിൽ കലിക്കറ്റ് എഫ്‌സിയെ ചാമ്പ്യൻമാരാക്കിയതിന് പിന്നാലെ അടുത്ത ചുമതല സന്തോഷ് ട്രോഫിയാണ്. കലിക്കറ്റിന്റെ സഹപരിശീലകവേഷമഴിച്ച് കേരള ടീമിന്റെ മുഖ്യ കോച്ചാകുന്നു.തൃശൂർ രാമവർമപുരം പള്ളിമൂല സ്വദേശിയായ നാൽപ്പത്താറുകാരൻ ആദ്യമായാണ് കേരളത്തിന്റെ ചുമതലയേൽക്കുന്നത്. സന്തോഷ് ട്രോഫിയിൽ രണ്ടുവട്ടം കർണാടകത്തിന്റെ (2019, 2023) കോച്ചായിരുന്നു. ഇന്ത്യയുടെ വിവിധ ജൂനിയർ ടീമുകളെ കളി പഠിപ്പിച്ചിട്ടുണ്ട് ഈ മുൻമധ്യനിരക്കാരൻ. മംഗലാപുരം യെനപോയ സർവകലാശാല ഫുട്‌ബോൾ ടീമിന്റെ പരിശീലകനുമാണ്.
സന്തോഷ് ട്രോഫി പ്രതീക്ഷകളെക്കുറിച്ചും സൂപ്പർ ലീഗ് അനുഭവത്തെപ്പറ്റിയും ബിബി സംസാരിക്കുന്നു...
കലിക്കറ്റ് അടിപൊളി
സൂപ്പർ ലീഗ് വലിയ അനുഭവമാണ് നൽകിയത്. കേരള ഫുട്‌ബോളിനെ മാറ്റിമറിക്കുന്ന പദ്ധതിയാണിത്. ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞതിലും കലിക്കറ്റ് എഫ്‌സിയുടെ സഹപരിശീലകനാകാൻ കഴിഞ്ഞതിലും സന്തോഷം. ആദ്യ സീസണിലെ കിരീടനേട്ടം അതിലേറെ സന്തോഷം നൽകുന്നു. വിദേശതാരങ്ങൾക്കും പരിശീലകർക്കുമൊപ്പം വേദി പങ്കിട്ടത് മുന്നോട്ടുള്ള യാത്രയ്‌ക്ക് ഗുണം നൽകും.
സന്തോഷം സന്തോഷ് ട്രോഫി
കേരളത്തിന്റെ പരിശീലകൻ എന്നത് വലിയ അംഗീകാരമാണ്. ഒപ്പം വെല്ലുവിളിയും. പരിചയസമ്പന്നർക്കൊപ്പം യുവനിരയെയും ഉൾപ്പെടുത്തി ടീമിനെ ഒരുക്കാനാണ് ലക്ഷ്യം. പരിശീലന ക്യാമ്പ് നടക്കുന്നു. മികവ് തെളിയിക്കുന്നവർക്ക് ടീമിൽ സ്ഥാനമുണ്ടാകും. ആദ്യകളിയിൽ കരുത്തരായ റെയിൽവേസാണ് എതിരാളി. മികച്ച ജയത്തോടെ തുടങ്ങണം.
ടീം, തന്ത്രം
മികച്ച കളിക്കാരുണ്ട് നമുക്ക്. സൂപ്പർ ലീഗിലും മറ്റും കഴിവ് തെളിയിച്ചവർ. പന്തിൽ ആധിപത്യം പുലർത്തി ആക്രമണ ഫുട്‌ബോൾ കളിക്കുക എന്നതാണ് ഉദ്ദേശ്യം. അതിനുള്ള താരങ്ങളുണ്ട്. എല്ലാ കളിയും എതിരാളികളും ഒരുപോലെ മികച്ചവരാണ്. ആരെയും വിലകുറച്ചുകാണുന്നില്ല.
സ്വന്തംതട്ടകം
കോഴിക്കോടാണ് കളിയെന്നത് ഗുണം ചെയ്യും. സ്വന്തംനാട്ടിൽ പന്തുതട്ടുമ്പോൾ കളിക്കാരുടെ ആത്മവിശ്വാസം വർധിക്കും. മാത്രവുമല്ല ആരാധകരുടെ പിന്തുണയും ചെറുതാകില്ല. സൂപ്പർ ലീഗിന് എത്തിയവർ കേരളത്തിനായി ആർപ്പുവിളിക്കാനെത്തുമെന്നാണ് പ്രതീക്ഷ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..