ഹാമിൽട്ടൺ
ഹനുമ വിഹാരിയുടെ സെഞ്ചുറി (101) ഇല്ലായിരുന്നെങ്കിൽ ഇന്ത്യൻ ടീം നാണംകെട്ടേനെ. ന്യൂസിലൻഡ് ഇലവനെതിരായ ത്രിദിന ക്രിക്കറ്റ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 263 റണ്ണിന് പുറത്തായി.
പത്ത് ഫോറും മൂന്ന് സിക്‌സറും പറത്തിയ ഹനുമ വിഹാരി 101 റണ്ണെടുത്ത് റിട്ടയർ ചെയ്‌തു. 93 റണ്ണെടുത്ത ചേതേശ്വർ പൂജാര മാത്രമാണ് പിന്തുണ നൽകിയത്. ഇരുവരും ചേർന്ന് 195 റൺ നേടി. അജിൻക്യ രഹാനെ 18 റണ്ണെടുത്തു. ബാക്കി എട്ടു കളിക്കാരും രണ്ടക്കം കടന്നില്ല.
അഞ്ച് റണ്ണെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്‌ടപ്പെട്ട ഇന്ത്യ 4–-38 റണ്ണെന്ന നിലയിൽ പതറിയപ്പോഴാണ് വിഹാരിയും പൂജാരയും ഒത്തുചേർന്നത്. തുടക്കംപോലെ ഒടുക്കവും പിഴച്ചു. അവസാന അഞ്ച് വിക്കറ്റുകൾ 30 റണ്ണിൽ വീണു.
ഓപ്പണർമാരായ പൃഥ്വി ഷായും (0) മായങ്ക് അഗർവാളും (1) ഒരിക്കൽകൂടി പരാജയപ്പെട്ടു. അവസരം മുതലാക്കാൻ ശുഭ്‌മാൻ ഗില്ലിനും (0) ഋഷഭ് പന്തിനും (7) ആയില്ല. വിക്കറ്റ്‌കീപ്പർ വൃദ്ധിമാൻ സാഹ പൂജ്യനായി മടങ്ങി. ക്യാപ്‌റ്റൻ വിരാട് കോഹ്‌ലി ബാറ്റിങ്ങിന് ഇറങ്ങിയില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..