ബംഗളൂരു
ഇതാ ഗോകുലത്തിന്റെ പെൺപട. ആവേശം വിതറിയ പോരിൽ മണിപ്പുരി ക്ലബ് ക്രിപ്‌സ എഫ്‌സിയെ കീഴടക്കി ഗോകുലം കേരള ഇന്ത്യൻ വനിതാ ഫുട്‌ബോൾ ലീഗ് ചാമ്പ്യൻമാരായി (3–-2). സീനിയർ വനിതാ വിഭാഗത്തിൽ ദേശീയ ചാമ്പ്യൻമാരാകുന്ന ആദ്യ കേരള ടീമെന്ന ബഹുമതിയും ഗോകുലത്തിനു സ്വന്തം.
ടൂർണമെന്റിലാകെ കേരളനിരയുടെ മുന്നേറ്റം നയിച്ച സബിത്ര ഭണ്ഡാരിയുടെ ബൂട്ടുകൾ ഫൈനലിലും ഗോകുലത്തെ തുണച്ചു. ഈ നേപ്പാളുകാരി കുറിച്ച വിജയഗോളിലാണ് ഗോകുലത്തിന്റെ കിരീടധാരണം. കളി തീരാൻ മൂന്നു മിനിറ്റ് മാത്രം ശേഷിക്കെയാണ് സബിത്രയുടെ ഗോൾ വന്നത്. 19 ഗോളടിച്ച ഇരുപത്തിരണ്ടുകാരിയാണ് ലീഗിലെ ടോപ്‌സ്‌കോറർ.
കഴിഞ്ഞ സീസണിൽ സെമിയിൽ പുറത്തായിരുന്നു ഗോകുലം. ഇത്തവണ യുവത്വവും പരിചയസമ്പന്നതയും ചേർന്ന ടീം പതറാതെ മുന്നേറി. മലയാളിയായ പി വി പ്രിയയാണ് പരിശീലക. നിലവിലെ ചാമ്പ്യൻമാരായ സേതു എഫ്‌സിയെ മടക്കിയായിരുന്നു ഫൈനൽ പ്രവേശം. അന്തിമപോരിൽ തുടക്കത്തിലേ ഗോകുലം കത്തിക്കയറി.
എതിരാളികൾക്ക് താക്കീതായി ഒരു മിനിറ്റ് തികയുംമുമ്പേ ആദ്യ ഗോൾ വന്നു. 50–-ാം സെക്കൻഡിൽ പ്രമേശ്വരി ദേവി കേരള ടീമിന് സ്വപ്നതുല്യമായ തുടക്കംനൽകി. സബിത്ര ഒരുക്കിയ പന്തിൽ നിന്നായിരുന്നു ഗോൾ. പിന്നാലെ സബിത്ര വലകുലുക്കിയെങ്കിലും ക്രിപ്‌സയുടെ സ്വീറ്റി ദേവിയെ വീഴ്‌ത്തിയതിനാൽ ഗോൾ നിഷേധിച്ചു. ഗോകുലം നിർത്തിയില്ല. തുടരെത്തുടരെയുള്ള മുന്നേറ്റങ്ങൾ സംഘടിപ്പിച്ചു. ലീഗിലെ ഏറ്റവും മികച്ച പ്രതിരോധസംഘമായ മണിപ്പൂരികൾക്ക് പിടിവിട്ടു.
ക്യാപ്‌റ്റൻ മിഷേൽ കസ്റ്റാനയെ വീഴ്‌ത്തിയതിനു കിട്ടിയ ഫ്രീകിക്കിൽ നിന്നായിരുന്നു ഗോകുലത്തിന്റെ രണ്ടാംഗോൾ. പതിനെട്ടുവാര അകലെനിന്ന് കിക്കെടുത്തത് കമലാദേവി. മഞ്ഞക്കുപ്പായമണിഞ്ഞെത്തിയ ക്രിപ്‌സ താരങ്ങൾ മതിൽകെട്ടി. പ്രതിരോധതാരത്തിന്റെ തലയിൽ തഴുകി പന്ത് വലയിൽ കയറി. രണ്ടുഗോൾ വീണ ഞെട്ടലിൽനിന്ന് ക്രിപ്‌സ വേഗമുണർന്നു. മങ്ങിനിന്ന അവരുടെ മുന്നേറ്റനിരയ്‌ക്ക് ജീവൻവച്ചു. രഞ്ജൻ ചാനു അഞ്ജു തമാങ് സഖ്യത്തിന്റെ മുന്നേറ്റം. അഞ്ജു തൊടുത്ത പന്ത് ഗോകുലത്തിന്റെ ഇന്ത്യൻ ഗോൾകീപ്പർ അതിഥി ചൗഹാൻ തട്ടിയകറ്റി. പന്ത് ക്യാപ്‌റ്റൻ ദാങ്‌മേയ് ഗ്രേസിന്റെ കാലുകളിലേക്ക്. പിഴച്ചില്ല. 2–-1.
ഇടവേള കഴിഞ്ഞെത്തി ഇരുടീമുകളും ഗോളിലേക്ക് ലക്ഷ്യംവച്ചു നീങ്ങി. ഗോളി ലിൻതോയിങ്‌ഗാബിയുടെ പ്രകടനം ക്രിപ്‌സയെ കാത്തു. ഒറ്റയാൻ മുന്നേറ്റത്തിലൂടെ രതൻബാല ദേവി മണിപ്പൂകാരെ ഒപ്പമെത്തിച്ചു. കളി അധികസമയത്തേക്ക് നീങ്ങവേയാണ് സബിത്രയുടെ വിജയഗോൾ വന്നത്. മനീഷ കല്യാൺ തെളിച്ച പന്ത് ഒന്നാന്തരമായി ഫിനിഷ് ചെയ്‌തു നേപ്പാളുകാരി.
ഒപ്പമെത്താനുള്ള ക്രിപ്‌സയുടെ നീക്കങ്ങളെല്ലാം ഗോകുലം തകർത്തതോടെ വനിതാ ലീഗിൽ പുതിയ ചാമ്പ്യൻ പിറന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..