മഞ്ചേരി(മലപ്പുറം)
നിറഞ്ഞ ഗ്യാലറിയെ സാക്ഷിയാക്കിയുള്ള ‘മലബാർ ഡെർബി'യിൽ കലിക്കറ്റ് എഫ്സിക്ക് ആധികാരിക ജയം. സൂപ്പർ ലീഗ് കേരളയിൽ ആതിഥേയരായ മലപ്പുറം എഫ്സിയെ മൂന്നു ഗോളിന് കീഴടക്കി. ആദ്യകളിയിൽ തിരുവനന്തപുരം കൊമ്പൻസിനോട് സമനില വഴങ്ങിയ കലിക്കറ്റ് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഗനി അഹമ്മദ് നിഗം രണ്ട് ഗോൾ നേടിയപ്പോൾ ഹെയ്തി താരം കെർവെൻസ് ബെൽഫോട്ടും ലക്ഷ്യംകണ്ടു.
മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ മലപ്പുറത്തിനായിരുന്നു മേൽക്കൈയെങ്കിലും കളത്തിൽ കലിക്കറ്റിനായിരുന്നു ആധിപത്യം. 22–--ാം മിനിറ്റിൽ ആദ്യ വെടിപൊട്ടി. അബ്ദുൾ ഹക്കു നൽകിയ പന്തുമായി വലതുഭാഗത്തുകൂടി ഗനി അഹമ്മദ് നിഗത്തിന്റെ മുന്നേറ്റം. രണ്ട് പ്രതിരോധക്കാരെ മറികടന്ന ഗനി മുന്നോട്ടു കയറിയ മലപ്പുറം ഗോളി വി മിഥുന്റെ തലയ്ക്കുമുകളിലൂടെ പന്ത് വലയിലേക്ക് കോരിയിട്ടു.ഗോൾ വീണതോടെ മലപ്പുറം ഉണർന്നു. എന്നാൽ, പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരുപോലെ മികവുപുലർത്തിയ കലിക്കറ്റിന്റെ വലയിൽ പന്തെത്തിക്കാനായില്ല.
രണ്ടാംപകുതിയുടെ തുടക്കത്തിൽ മലപ്പുറം മൂന്ന് മാറ്റങ്ങൾ വരുത്തി. മുഹമ്മദ് നിഷാം, നവീൻ കൃഷ്ണ, ജോർജ് ഡിസൂസ എന്നിവർ കളത്തിലിറങ്ങി. പക്ഷേ, കലിക്കറ്റ് ലീഡുയർത്തി. 62–--ാം മിനിറ്റിൽ ജോർജ് ഡിസൂസയുടെ കാലിൽനിന്ന് തോയി സിങ് പിടിച്ചെടുത്ത പന്ത് സ്വീകരിച്ച ബെൽഫോട്ട്, ഗോളിയെ അനായാസം കബളിപ്പിച്ച് ലക്ഷ്യംകണ്ടു.
തിരിച്ചടിക്കാൻ മലപ്പുറത്തിന് അവസരങ്ങൾ വീണുകിട്ടിയെങ്കിലും മുതലാക്കാനായില്ല. ഇതിനിടെ ഗനി രണ്ടാംഗോൾ നേടി പട്ടിക പൂർത്തിയാക്കി. അബ്ദുൾ ഹക്കു നൽകിയ പാസിൽനിന്നായിരുന്നു ഗോൾ. പയ്യനാട് സ്‌റ്റേഡിയത്തിലെ അടുത്ത കളി 20ന് മലപ്പുറം എഫ്‌സിയും തൃശൂർ മാജിക് എഫ്‌സിയും തമ്മിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..