തിരുവനന്തപുരം
ഭോപ്പാലിൽ നടക്കുന്ന ദേശീയ അണ്ടർ 19 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളതാരങ്ങൾക്ക് വിമാനത്തിൽ പോകാൻ അവസരമൊരുക്കി മന്ത്രി വി ശിവൻകുട്ടി. തൊഴിൽവകുപ്പിന് കീഴിലുള്ള ഒഡെപെക്ക് വഴി വിമാന ടിക്കറ്റുകൾ ലഭ്യമാക്കി. ഇതോടെ ട്രെയിൻ ടിക്കറ്റ് കൺഫേം ആകാത്തതുമൂലം ആശങ്കയിലായ താരങ്ങൾക്ക് ആശ്വാസം. വെള്ളിയാഴ്‌ച 16 പേർ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നും ഏഴുപേർ കരിപ്പൂർ വിമാനത്താവളത്തിൽനിന്നും ഭോപ്പാലിലേക്ക് തിരിക്കും.
ഞായറാഴ്‌ച ഭോപ്പാലിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ 20 കായികതാരങ്ങൾക്കും ടീം മാനേജറും കോച്ചുമടക്കമുള്ള മറ്റു മൂന്നുപേർക്കും തേർഡ് എസി ടിക്കറ്റ് പൊതുവിദ്യാഭ്യാസവകുപ്പ് എടുത്തുനൽകിയിരുന്നു. ടിക്കറ്റ് കൺഫേം ചെയ്യാൻ മന്ത്രിമാരുടെയും എംപിമാരുടെയും എമർജൻസി ക്വോട്ടയിൽ അപേക്ഷ നൽകുകയും ചെയ്തു. എന്നാൽ, മുഴുവൻ ടിക്കറ്റുകളും കൺഫേം ആയില്ല. വ്യാഴാഴ്‌ച എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിൽ പകൽ 1.25ന് നിസാമുദീൻ എക്‌സ്‌പ്രസിനാണ് ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്നത്. ടിക്കറ്റ് കൺഫേം ആകാതിരുന്നതോടെ കായികതാരങ്ങൾ സ്‌റ്റേഷനിൽ കുടുങ്ങി. വിവരമറിഞ്ഞതോടെ മന്ത്രി വിഷയത്തിൽ ഇടപെടുകയും കുട്ടികളെ വിമാനത്തിൽ അയക്കാൻ നിർദേശിക്കുകയായിരുന്നു. കായികതാരങ്ങൾക്ക് മന്ത്രി വിജയാശംസകൾ നേർന്നു. 17 മുതൽ 21 വരെയാണ് ചാമ്പ്യൻഷിപ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..