ഷില്ലോങ് > ഐ ലീഗ് ഫുട്‌ബോളിൽ ഗോകുലം കേരള വിയർക്കുന്നു. ഷില്ലോങ് ലജോങ്ങുമായി ഗോളടിക്കാതെ പിരിഞ്ഞു. ആദ്യ കളി ജയിച്ചശേഷം പിന്നീടുള്ള നാലു കളിയിൽ മൂന്നിലും സമനില വഴങ്ങിയ മുൻ ചാമ്പ്യൻമാർ ഒന്നിൽ തോൽക്കുകയും ചെയ്‌തു. അഞ്ചു കളിയിൽ ആറ് പോയിന്റുമായി ആറാംസ്ഥാനത്താണ്. ഐ ലീഗ് നേടി അടുത്ത സീസണിൽ ഐഎസ്‌എൽ സ്വപ്നം കാണുന്ന സംഘത്തിന്റെ ഈ പ്രകടനം പ്രതീക്ഷയ്‌ക്ക് വക നൽകുന്നതല്ല. മികച്ച താരങ്ങളുണ്ടായിട്ടും സ്‌പാനിഷ് പരിശീലകൻ അന്റോണിയോ റുവേഡയ്‌ക്കുകീഴിൽ കൂട്ടായ്‌മയോടെ കളിക്കാൻ ഇതുവരെയും ഗോകുലത്തിനായിട്ടില്ല.
കഴിഞ്ഞ കളിയിൽ കോഴിക്കോട് ചർച്ചിൽ ബ്രദേഴ്‌സിനോട് തോറ്റ ഗോകുലം പാഠം പഠിച്ചില്ല. ടീമിൽ മാറ്റങ്ങൾ വരുത്തിയിട്ടും കളത്തിൽ അതുണ്ടായില്ല. മുന്നേറ്റനിര തീർത്തും ഒറ്റപ്പെട്ടു. ഷില്ലോങ്ങിനെതിരെ അവരുടെ സ്‌റ്റേഡിയത്തിൽ ഒരിക്കൽപ്പോലും ആധിപത്യം നേടാനായില്ല. എതിരാളിയുടെ വല ലക്ഷ്യമാക്കി ഒരുതവണപോലും പന്ത് പായിക്കാനാകാതെയാണ് ഗോകുലം സമനിലയുമായി മടങ്ങിയത്. തോൽവിയിൽനിന്ന് രക്ഷിച്ചത് മലയാളി ഗോൾകീപ്പർ ഷിബിൻരാജിന്റെ പ്രകടനമാണ്. 19ന് രാജസ്ഥാൻ യുണൈറ്റഡുമായാണ് ഗോകുലത്തിന്റെ അടുത്ത കളി. കോഴിക്കോടാണ് മത്സരം.
മറ്റു കളികളിൽ രാജസ്ഥാൻ 2–-1ന് ഐസ്വാൾ എഫ്‌സിയെ വീഴ്‌ത്തി. ചർച്ചിൽ ബ്രദേഴ്‌സ് 3–1ന് ഇന്റർ കാശിയെ തകർത്തു. ജയത്തോടെ ചർച്ചിൽ പട്ടികയിൽ ഒന്നാമതെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..