21 December Saturday
മാഞ്ചസ്റ്റർ യുണൈറ്റഡിനും ജയം

സലാ മിന്നി, 
ലിവർപൂൾ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024

ലണ്ടൻ > ആർണെ സ്ലോട്ടിനുകീഴിൽ ലിവർപൂളിന്‌ വിജയത്തുടക്കം. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോൾ പുതിയ സീസണിലെ ആദ്യകളിയിൽ നവാഗതരായ ഇപ്‌സ്വിച്ച്‌ ടൗണിനെ രണ്ട്‌ ഗോളിനാണ്‌ മുൻ ചാമ്പ്യൻമാർ തോൽപ്പിച്ചത്‌. ഒരു ഗോളടിക്കുകയും മറ്റൊന്നിന്‌ അവസരമൊരുക്കുകയും ചെയ്‌ത മുഹമ്മദ്‌ സലായായിരുന്നു ലിവർപൂളിന്റെ രക്ഷകൻ. ദ്യേഗോ ജോട്ടയുടെ ഗോളിലാണ്‌ ലീഡ്‌ നേടിയത്‌. പരിശീലകൻ യുർഗൻ ക്ലോപ്പ്‌ ക്ലബ്‌ വിട്ടതിനുശേഷമുള്ള പ്രീമിയർ ലീഗിലെ ആദ്യകളിയായിരുന്നു ലിവർപൂളിന്‌. ക്ലോപ്പ്‌ ഒമ്പതുവർഷമാണ്‌ ലിവർപൂളിനൊപ്പമുണ്ടായത്‌.

മറ്റൊരു കളിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്‌ ഒരു ഗോളിന്‌ ഫുൾഹാമിനെയും അഴ്‌സണൽ  2–-0ന്‌ വൂൾവ്‌സിനെയും കീഴടക്കി. ഇപ്‌സ്വിച്ചിനെതിരെ എളുപ്പമായിരുന്നില്ല ലിവർപൂളിന്‌. സ്വന്തം തട്ടകത്തിൽ ഇപ്‌സ്വിച്ച്‌ വമ്പുകാട്ടി. 12 മാസത്തിനിടെ ആദ്യതോൽവിയാണ്‌ അവർ പോർട്‌മാൻ റോഡിൽ വഴങ്ങിയത്‌. ഇരുപത്തിരണ്ടുവർഷത്തിനുശേഷം പ്രധാന ലീഗിൽ കളിക്കാനെത്തിയ ഇപ്‌സ്വിച്ച്‌ ആദ്യപകുതിയിൽ ലിവർപൂളിനെ വിറപ്പിച്ചു. യാക്കുബ്‌ ഗ്രീവ്‌സും ഒമർ ഹച്ചിൻസണും ഗോളിന്‌ അരികെയെത്തി.

ഇടവേളയ്‌ക്കുശേഷം ലിവർപൂളിന്റെ കളി മാറി. ട്രെന്റ്‌ അലെക്‌സാണ്ടർ ആർണോൾഡ്‌ കൃത്യതയുള്ള ക്രോസിൽ ജോട്ട തലവച്ചെങ്കിലും നേരിയ വ്യത്യാസത്തിൽ പുറത്തുപോയി. നിമിഷങ്ങൾക്കുള്ളിൽ പിഴവിന്‌ പോർച്ചുഗീസുകാരൻ പ്രായശ്ചിത്തം ചെയ്‌തു. സലായുടെ ഒന്നാന്തരം പാസ്‌ ജോട്ട ലക്ഷ്യത്തിലെത്തിച്ചു. പിന്നാലെ സലായും വല കണ്ടു.

ഫുൾഹാമിനെതിരെ ജോഷ്വ സീർക്കിയുടെ ഗോളിലാണ്‌ യുണൈറ്റഡ്‌ ജയം കണ്ടത്‌. ഈ സീസണിൽ യുണൈറ്റഡിലെത്തിയ നെതർലൻഡ്‌സുകാരൻ കളി തീരാൻ മൂന്നു മിനിറ്റ്‌ ശേഷിക്കെയാണ്‌ ജയമൊരുക്കിയത്‌. അലെസാൻഡ്രോ ഗർണാച്ചോ അവസരമൊരുക്കി.  വൂൾവ്‌സിനെതിരെ കയ്‌ ഹവേർട്‌സും ബുകായോ സാക്കയും അഴ്‌സണലിനായി ലക്ഷ്യം കണ്ടു.

മറ്റ്‌ മത്സരങ്ങളിൽ ബ്രൈറ്റൺ മൂന്ന്‌ ഗോളിന്‌ എവർട്ടണെ തകർത്തു. ന്യൂകാസിൽ യുണൈറ്റഡ്‌ 1–-0ന്‌ സതാംപ്‌ടണൈ മറികടന്നു. 28–-ാം മിനിറ്റിൽ ഫാബിയാൻ ഷാർ ചുവപ്പുകാർഡ്‌ കണ്ട്‌ പുറത്തായതോടെ പത്തുപേരുമായാണ്‌ ന്യൂകാസിൽ കളി അവസാനിപ്പിച്ചത്‌. ബോണിമൗത്ത്‌–നോട്ടിങ്‌ഹാം ഫോറസ്‌റ്റ്‌ മത്സരം 1–1ന്‌ അവസാനിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top