ബ്രസീലിയ
തിരിച്ചടികളിൽനിന്ന് ബ്രസീൽ കരകയറുന്നു. ലാറ്റിനമേരിക്കൻ ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ പെറുവിനെ നാല് ഗോളിന് മുക്കി തുടർച്ചയായ രണ്ടാംജയം കുറിച്ചു. പത്തു കളിയിൽ 16 പോയിന്റുമായി നാലാംസ്ഥാനത്ത് തുടർന്നു. ഖത്തർ ലോകകപ്പിനുശേഷം മങ്ങിയ പ്രകടനമാണ് കാനറികൾ നടത്തിയിരുന്നത്. കോപ അമേരിക്കയിൽ ക്വാർട്ടറിൽ പുറത്തായി. ഫെർണാണ്ടോ ദിനിസിനുപകരം ഡൊറിവാൾ ജൂനിയറിനെ പരിശീലകനാക്കി. എന്നിട്ടും കാര്യമുണ്ടായിരുന്നില്ല. ലോകകപ്പ് യോഗ്യതയിൽ അവസാന ആറു കളിയിൽ നാലിലും തോറ്റു. പട്ടികയിൽ താഴെത്തട്ടിലായി. എന്നാൽ, ഈ രാജ്യാന്തര ഇടവേളയിൽ പ്രാദേശിക താരങ്ങളുമായെത്തി അച്ചടക്കമുള്ള കളി പുറത്തെടുത്തു.
ചിലിയോട് പിന്നിട്ടുനിന്നശേഷം പുതുമുഖക്കാരുടെ ഗോളുകളിൽ ജയംപിടിച്ച ബ്രസീൽ പെറുവിനെതിരെ തനിനിറം കാട്ടി. റാഫീന്യ പെനൽറ്റിയിലൂടെ ഇരട്ടഗോൾ നേടി. ആന്ദ്രിയാസ് പെരേരിയയും ലൂയിസ് ഹെൻറിക്വെയും ലക്ഷ്യംകണ്ടു. എതിർവലയിലേക്ക് 26 ഷോട്ടുകളാണ് ഉതിർത്തത്. നവംബർ 14ന് വെനസ്വേലയുമായാണ് അടുത്തമത്സരം.
മറ്റു മത്സരങ്ങളിൽ കൊളംബിയ നാല് ഗോളിന് ചിലിയെ വീഴ്‌ത്തി. ഉറുഗ്വേയെ ഇക്വഡോർ ഗോളടിക്കാതെ തളച്ചു. പത്തു കളി പൂർത്തിയായപ്പോൾ 22 പോയിന്റുമായി അർജന്റീനയാണ് ഒന്നാംസ്ഥാനത്ത്. കൊളംബിയ (19) രണ്ടും ഉറുഗ്വേ (16) മൂന്നും സ്ഥാനത്താണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..