മൊണ്ടെവിഡോ
കൊളംബിയയുടെ വെല്ലുവിളി മറികടന്ന് ഉറുഗ്വേ. ലാറ്റിനമേരിക്കൻ ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ 3–-2ന് ജയിച്ചു. പരിക്കുസമയം പകരക്കാരൻ മാനുവൽ ഉഗാർതെയാണ് വിജയഗോൾ കുറിച്ചത്. ഇതോടെ 11 കളി പൂർത്തിയായപ്പോൾ അർജന്റീനയ്‌ക്ക് (22) പിറകിൽ 19 പോയിന്റുമായി ഉറുഗ്വേ രണ്ടാമതെത്തി. ഇതേ പോയിന്റുള്ള കൊളംബിയ മൂന്നാംസ്ഥാനത്താണ്. 17 പോയിന്റുമായി ബ്രസീൽ നാലാമതുണ്ട്.
ആവേശം വിതറിയ പോരാട്ടമായിരുന്നു ഉറുഗ്വേ–-കൊളംബിയ മത്സരം. സ്വന്തംതട്ടകത്തിൽ ഉറുഗ്വേ ആദ്യം പിന്നലായി. യുവാൻ ഫെർണാണ്ടോ ക്വിന്റെറോ സുന്ദരൻ ഫ്രീകിക്കിലൂടെ കൊളംബിയക്ക് ലീഡ് നൽകി. രണ്ടാംപകുതി ഡേവിൻസൺ സാഞ്ചസിന്റെ പിഴവിൽ ഉറുഗ്വേ സമനില പിടിച്ചു. വൈകാതെ റോഡ്രിഗോ അഗ്വിറെ മുന്നിലെത്തിക്കുകയും ചെയ്‌തു.
പരിക്കുസമയം നാടകീയത നിറഞ്ഞതായിരുന്നു. ആൻഡ്രെസ് ഗോമസ് കൊളംബിയയുടെ സമനില നേടി. പക്ഷേ, കളിയവസാനം മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഉഗാർതെ ഉറുഗ്വേയുടെ ജയമുറപ്പിച്ചു. അവസാന നാല് കളിയിൽ ജയമുണ്ടായിരുന്നില്ല മാഴ്‌സെലോ ബിയേൽസയ്‌ക്കും സംഘത്തിനും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..