22 December Sunday

കന്നിക്കിരീടത്തിന്‌ കൊല്ലവും കലിക്കറ്റും ; ഫൈനൽ ഇന്ന്‌ വൈകിട്ട്‌ 6.45ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024

ട്രിവാൻഡ്രം റോയൽസിന്റെ നാല് വിക്കറ്റ് വീഴ്--ത്തിയ കലിക്കറ്റ്‌ ഗ്ലോബ്‌സ്‌റ്റാഴ്‌സിന്റെ 
അഖിൽ സ്‌കറിയയെ (വലത്ത്) സഹതാരങ്ങൾ അഭിനന്ദിക്കുന്നു 
/ഫോട്ടോ: എ ആർ അരുൺരാജ്

തിരുവനന്തപുരം
പ്രഥമ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) കിരീടത്തിനായി ഏരീസ്‌ കൊല്ലം സെയ്‌ലേഴ്‌സും കലിക്കറ്റ്‌ ഗ്ലോബ്‌സ്‌റ്റാഴ്‌സും ഏറ്റുമുട്ടും. തിരുവനന്തപുരം  കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിൽ ഇന്ന്‌ വൈകിട്ട്‌  6.45നാണ്‌ ഫൈനൽ. കാണികൾക്ക്‌ പ്രവേശനം സൗജന്യമാണ്‌. സെമിയിൽ കലിക്കറ്റ് 18 റണ്ണിന്‌  ട്രിവാൻഡ്രം റോയൽസിനെ തോൽപ്പിച്ചു. കൊല്ലം 16 റണ്ണിന്‌  തൃശൂർ ടൈറ്റൻസിനെ കീഴടക്കി.

കൈയിൽ കിട്ടിയ ജയം ട്രിവാൻഡ്രം റോയൽസ്‌ കളഞ്ഞുകുളിക്കുകയായിരുന്നു. കലിക്കറ്റിനെതിരെ 4.3 ഓവറിൽ ഒമ്പത്‌ വിക്കറ്റ്‌ ശേഷിക്കെ ജയിക്കാൻ 37 റൺ മതിയായിരുന്നു. എന്നാൽ, ആറ്‌ വിക്കറ്റ്‌ ബലികഴിച്ച്‌ 18 റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ. ഓപ്പണർ റിയ ബഷീറും (69) ഗോവിന്ദ്‌ പൈയും (68) രണ്ടാം വിക്കറ്റിൽ 136 റണ്ണടിച്ചപ്പോൾ വിജയം ഉറപ്പിച്ചതാണ്‌. എന്നാൽ, എട്ട്‌ പന്തിൽ മൂന്ന്‌ വിക്കറ്റെടുത്ത്‌ കലിക്കറ്റ്‌  കളി തിരിച്ചു.

നാല് ഓവറിൽ 18 റൺ വഴങ്ങി നാലു വിക്കറ്റ്, 43 പന്തിൽനിന്ന് 55 റൺ, രണ്ട്‌ തകർപ്പൻ ക്യാച്ചുകൾ എന്നിങ്ങനെ ഓൾറൗണ്ട്‌ മികവുകാട്ടിയ അഖിൽ സ്‌കറിയയാണ് കലിക്കറ്റിന്റെ വിജയശിൽപ്പി.  കലിക്കറ്റ്‌ 173/5, ട്രിവാൻഡ്രം 155/7.

അഖിലിനൊപ്പം രണ്ടു വിക്കറ്റുമായി എം നിഖിലും പിടിമുറുക്കിയതോടെ ട്രിവാൻഡ്രം പതറി. കലിക്കറ്റിനായി  ക്യാപ്‌റ്റൻ രോഹൻ കുന്നുമ്മലും അർധസെഞ്ചുറി (64) നേടി.

രണ്ടാം സെമിയിൽ തൃശൂരിനെതിരെ ആദ്യം ബാറ്റെടുത്ത്‌ കൊല്ലം കൂറ്റൻ സ്‌കോർ കണ്ടെത്തി. ഓപ്പണർ അഭിഷേക്‌ നായരുടെ സെഞ്ചുറിക്കരുത്തിൽ രണ്ട്‌ വിക്കറ്റ്‌ നഷ്ടത്തിൽ 210 റണ്ണടിച്ചു. 61 പന്തിൽ 103 റൺ നേടിയ അഭിഷേക്‌ 11 ഫോറും ആറ്‌ സിക്‌സറും പറത്തി. ക്യാപ്‌റ്റൻ സച്ചിൻ ബേബി 49 പന്തിൽ 83 റണ്ണുമായി പുറത്തായില്ല. തൃശൂരിനായി അക്ഷയ്‌ മനോഹർ (48), എം ഡി നിധീഷ് (42*), ക്യാപ്‌റ്റൻ വരുൺ നായനാർ (33),  വിഷ്‌ണുവിനോദ്‌ (37) എന്നിവർ പൊരുതിയെങ്കിലും ഫലമുണ്ടായില്ല. സ്‌കോർ: കൊല്ലം 210/2, തൃശൂർ 194/8.

റണ്ണടിയിൽ സൽമാൻ പന്തേറിൽ അഖിൽ
ക്രിക്കറ്റ്‌ ലീഗിൽ റണ്ണടിയിൽ കലിക്കറ്റ്‌ ഗ്ലോബ്‌സ്‌റ്റാഴ്‌സ്‌ താരം സൽമാൻ നിസാർ ഒന്നാംസ്ഥാനത്ത്‌. 431 റണ്ണാണ്‌ സമ്പാദ്യം. ആലിപ്പി റിപ്പിൾസിന്റെ മുഹമ്മദ്‌ അസ്‌ഹറുദ്ദീൻ 410 റണ്ണുമായി രണ്ടാമതുണ്ട്‌. തൃശൂരിന്റെ  വിഷ്‌ണു വിനോദിന്‌ 401 റണ്ണാണ്‌.
ബൗളർമാരിൽ കലിക്കറ്റിന്റെ സ്‌പിന്നർ അഖിൽ സ്‌കറിയ 24 വിക്കറ്റുമായി ഒന്നാമതാണ്‌. കൊല്ലത്തിന്റെ ഷറഫുദ്ദീന്‌ 18 വിക്കറ്റുണ്ട്‌. കൊച്ചിയുടെ ബേസിൽ തമ്പിക്ക്‌ 17.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top