22 December Sunday

കളംപിടിക്കാൻ ഗ്രിഗറി ആശാനും കുട്ടികളും

ജിജോ ജോർജ്‌Updated: Monday Aug 19, 2024

മലപ്പുറം ഫുട്‌ബോൾ ക്ലബ് താരങ്ങൾ കലിക്കറ്റ്‌ സർവകലാശാല സ്‌റ്റേഡിയത്തിൽ പരിശീലനം നടത്തുന്നു /ഫോട്ടോ: കെ ഷെമീർ


മലപ്പുറം
ഗ്രിഗറി ആശാന്റെ കീഴിൽ കലിക്കറ്റ്‌ സർവകലാശാല സ്‌റ്റേഡിയത്തിൽ കഠിന പരിശീലനത്തിലാണ്‌ മലപ്പുറം ഫുട്‌ബോൾ ക്ലബ് താരങ്ങൾ. രാജ്യാന്തര താരം അനസ്‌ എടത്തൊടിക, രണ്ട്‌ സന്തോഷ്‌ ട്രോഫി കിരീടങ്ങളിൽ കേരളത്തിന്റെ വല കാത്ത വി മിഥുൻ, ബ്രസീൽ താരം സെർജിയോ ബാർബോസ, സ്‌പാനിഷ്‌ താരങ്ങളായ പെഡ്രോ മാൻസി, ജോസെബ ബെയ്‌റ്റിയ, റൂബൻ ഗാർസെസ്‌, ഐറ്റർ അൽദലുർ അടക്കമുള്ള താരനിര. ഒപ്പം ഒരുപറ്റം ദേശീയതാരങ്ങളും. കേരളത്തിൽ കിക്കോഫിന്‌ ഒരുങ്ങുന്ന പ്രൊഫഷണൽ ഫുട്‌ബോൾ ലീഗായ സൂപ്പർ ലീഗ്‌ കേരള (എസ്‌എൽകെ)യിൽ പന്തുതട്ടാനാണ്‌ മലപ്പുറം എഫ്‌സിയുടെ ഒരുക്കം.

പ്രഥമ ലീഗിൽത്തന്നെ കപ്പ്‌ അടിച്ചുതുടങ്ങാനാണ്‌ ടീം ഒരുങ്ങുന്നത്‌. വിഖ്യാത ഇംഗ്ലീഷ്‌ പരിശീലകൻ ജോൺ ചാൾസ്‌ ഗ്രിഗറിയെ ടീമിന്റെ മുഖ്യകോച്ചായി നിയമിച്ചാണ്‌ തുടക്കം. ഇംഗ്ലണ്ടിനായി രാജ്യാന്തര മത്സരങ്ങളിൽ ബൂട്ട്‌ കെട്ടിയ ഗ്രിഗറി ചെന്നൈയിൻ എഫ്‌സിയെ ഐഎസ്‌എൽ കിരീടം ചൂടിച്ച പരിശീലകനാണ്‌. മലപ്പുറത്തിന്റെ ഫുട്‌ബോൾ ആവേശം മനസ്സിലാക്കിയാണ്‌ ഗ്രിഗറി പരിശീലകസ്ഥാനം ഏറ്റെടുത്തത്‌. മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയമാണ്‌ ടീമിന്റെ ഹോം ഗ്രൗണ്ട്‌. സെപ്‌തംബർ ഏഴിന്‌ കൊച്ചി ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ ഉദ്‌ഘാടനമത്സരത്തിൽ രാത്രി എട്ടിന്‌ മലപ്പുറം ഫോഴ്‌സ കൊച്ചിയുമായി ഏറ്റുമുട്ടും.

ടീമുകളിൽ ആറ്‌ വിദേശതാരങ്ങൾവരെ ആകാം. മലപ്പുറം അഞ്ച്‌ വിദേശതാരങ്ങളെ ഇതിനകം ടീമിൽ എത്തിച്ചുകഴിഞ്ഞു. ബ്രസീലിയൻ വിങ്ങർ സെർജിയോ ബാർബോസ, സ്‌പാനിഷ്‌ മുന്നേറ്റതാരവും ചെന്നൈ സിറ്റി ഐ ലീഗ്‌ കിരീടം നേടിയ സീസണിലെ ടോപ്‌ സ്‌കോററുമായ പെഡ്രോ മാൻസി, സ്‌പാനിഷ്‌ അറ്റാക്കിങ്‌ മീഡ്‌ഫീൽഡർ ജോസെബ ബെയ്‌റ്റിയ, പ്രതിരോധക്കാരൻ റൂബൻ ഗാർസൈസ്‌, വലത്‌ വിങ്‌ ബാക്ക്‌ ഐറ്റർ അൽദലുർ എന്നിവരാണ്‌ ടീമിലെ വിദേശനിര.
ഇന്ത്യയിൽനിന്ന്‌ പരിചയസമ്പന്നരായ അനസ്‌ എടത്തൊടികയും മിഥുനും ഒപ്പം ഐ ലീഗിലും സന്തോഷ്‌ ട്രോഫിയിലും തിളങ്ങിയിട്ടുള്ള റിസ്വാൻ അലി, ഫസലുറഹ്മാൻ, ബുജേർ, ജോർജ്‌ ഡിഡൂസ, മീഥ്‌ അഡേക്കർ, ഗുർജേന്ദ്രർ കുമാർ, നിഷാം (മോനു), മുഷറഫ്‌ അടക്കമുള്ളവരും ചേരുന്നതോടെ ടീം സമ്പന്നമാകും. ചെന്നൈയിൻ എഫ്‌സി മുൻ ടെക്‌നിക്കൽ ഡയറക്ടർ ക്ലിയോഫാസ് അലക്‌സാണ്‌ ടീമിന്റെ സഹപരിശീലകൻ.




കൂടുതൽ മലയാളികൾക്ക്‌ 
അവസരം
ഇരുപത്തഞ്ചംഗ സ്‌ക്വാഡിൽ 21 പേരാണ്‌ നിലവിൽ ടീമിനൊപ്പമുള്ളത്‌. കളിക്കാനിറങ്ങുന്ന 11 അംഗ ടീമിൽ നാലു മലയാളിതാരങ്ങൾ വേണം. അതിൽത്തന്നെ രണ്ടുപേർ അണ്ടർ 23 താരങ്ങൾ ആയിരിക്കണമെന്നാണ്‌ നിബന്ധന. അതുകൊണ്ടുതന്നെ കൂടുതൽ മലയാളിതാരങ്ങളെ ടീമിൽ എത്തിക്കാനും ശ്രമിക്കുന്നുണ്ട്‌. രണ്ട്‌ അണ്ടർ 23 താരങ്ങൾ മുഴുവൻസമയവും കളിക്കേണ്ടതിനാൽ ടീമിൽ ഈ പ്രായത്തിലുള്ള കുറഞ്ഞത്‌ നാലു താരങ്ങളെങ്കിലും ഉണ്ടാകും. ഇത്‌ യുവതാരങ്ങൾക്ക്‌ വലിയ അവസരം ലഭ്യമാക്കും.

ടീം മാനേജ്‌മെന്റ്‌
ദീർഘവീക്ഷണത്തോടെയാണ്‌ മലപ്പുറം എഫ്‌സിയുടെ ഒരുക്കങ്ങൾ. വാഴയൂരിൽ 15 ഏക്കൽ സ്ഥലം വാങ്ങി ഫിഫ നിലവാരത്തിലുള്ള സ്‌റ്റേഡിയം നിർമിക്കും. ഇവിടെ ക്ലബ്ബിനൊപ്പം പുതിയ താരങ്ങളെ വളർത്തിക്കൊണ്ടുവരുന്നതിനുള്ള ഫുട്‌ബോൾ അക്കാദമിയും ഉണ്ടാകും. മൾട്ടി പർപ്പസ്‌ ജിംനേഷ്യം, താരങ്ങൾക്കുള്ള ഹോസ്റ്റൽ, കൺവൻഷൻ സെന്റർ അടക്കമുള്ള സൗകര്യങ്ങളുമുണ്ടാകും. എസ്‌എൽകെയുടെ ആദ്യസീസണിനായി മലപ്പുറം ഫുട്‌ബോൾ ക്ലബ് വിപുലമായ ഒരുക്കങ്ങളാണ്‌ നടത്തിയിരിക്കുന്നത്‌–- ടീം പ്രൊമോട്ടർമാരിലൊരാളായ ആഷിഖ്‌ കൈനിക്കര പറഞ്ഞു. ആഷിഖ്‌ കൈനിക്കര, അൻവർ അമീൻ ചേലാട്ട്‌, അജ്‌മൽ ബിസ്‌മി, എ പി ഷംസുദീൻ, ബേബി നീലാമ്പ്ര, ജംഷീദ്‌ ലില്ലി, കെ ആർ ബാലൻ തുടങ്ങിയവരാണ്‌ ടീമിന്റെ പ്രൊമോട്ടർമാർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top