മുൾട്ടാൻ
ആദ്യ ടെസ്റ്റിൽ തകർന്നടിഞ്ഞ പാകിസ്ഥാൻ സ്‌പിന്നർമാരുടെ കരുത്തിൽ മിന്നുംജയവുമായി തിരിച്ചെത്തി. ഇംഗ്ലണ്ടിനെതിരായ രണ്ടാം മത്സരത്തിൽ 152 റണ്ണിനാണ് ജയം. ഇതോടെ മൂന്ന് മത്സരപരമ്പര 1–-1ന് തുല്യമായി. മുൾട്ടാനിൽ ആദ്യകളിയിൽ ഇന്നിങ്‌സിനും 47 റണ്ണിനും തോറ്റ പാക്‌പട ടീമിൽ വലിയമാറ്റങ്ങൾ വരുത്തിയിരുന്നു. സൂപ്പർതാരം ബാബർ അസമിനെയും പേസർമാരായ ഷഹീൻ അഫ്രീദിയെയും നസീം ഷായെയും മാറ്റിനിർത്തി. പുതുമുഖങ്ങളെയടക്കം ഉൾപ്പെടുത്തിയായിരുന്നു എത്തിയത്. ഈ തന്ത്രം വിജയംകണ്ടു.
അഞ്ചാംദിനം 297 റൺ വിജയലക്ഷ്യം പിന്തുടർന്നെത്തിയ ഇംഗ്ലണ്ടിന് നിലയുറപ്പിക്കാനായില്ല. എട്ട് വിക്കറ്റുമായി സ്‌പിന്നർ നോമാൻ അലി കളംവാണു. ആദ്യ ഇന്നിങ്‌സിൽ മൂന്ന് വിക്കറ്റുണ്ടായിരുന്നു. ഒന്നാം ഇന്നിങ്‌സിൽ ഏഴ് വിക്കറ്റെടുത്ത സാജിദ് ഖാൻ ഇത്തവണ രണ്ട് വിക്കറ്റ് വീഴ്‌ത്തി. മത്സരത്തിൽ ഇംഗ്ലണ്ടിന്റെ 20 വിക്കറ്റും ഈ രണ്ട് സ്‌പിന്നർമാരാണ് നേടിയത്. 1972ൽ ഓസ്‌ട്രേലിയയുടെ ഡെന്നീസ് ലില്ലിയും -ബോബ് മാസിയുമാണ് അവസാനമായി ഒരു ടെസ്റ്റിൽ 20 വിക്കറ്റും നേടിയ സഖ്യം. തുടർച്ചയായ ആറ് തോൽവികൾക്കുശേഷമാണ് പാകിസ്ഥാൻ ടെസ്റ്റിൽ ജയിക്കുന്നത്. ക്യാപ്‌റ്റൻ ഷാൻ മസൂദും ആദ്യജയം കുറിച്ചു.
16.3 ഓവറിൽ 46 റൺ വഴങ്ങിയാണ് നോമാന്റെ എട്ട് വിക്കറ്റ് പ്രകടനം. 37 റണ്ണെടുത്ത ക്യാപ്‌റ്റൻ ബെൻ സ്‌റ്റോക്‌സാണ് ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോറർ. സാജിദ് ഖാനാണ് കളിയിലെ താരം. സ്‌കോർ: പാകിസ്ഥാൻ 366, 221; ഇംഗ്ലണ്ട് 291, 144.
24നാണ് മൂന്നാം ടെസ്റ്റ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..