ദോഹ
പട്ടിണിയുടെ നടുവിലാണ് എല്ലാം തുടങ്ങിയത്. വിനീഷ്യസ് ജൂനിയറിന്റെ കഥ ലോകഫുട്‌ബോളിന് പുതുമയുള്ളതല്ല. വിശപ്പിന്റെയും കുറ്റകൃത്യങ്ങളുടെയും നാട്ടിൽനിന്ന് പന്തിനുപുറകെ അലഞ്ഞ ബാല്യം. ഇതിഹാസങ്ങളായി മാറിയ ബ്രസീലിയൻ മുൻഗാമികളുടെ കേട്ടുപരിചിതമായ അതേ ജീവിതം. സാവോ ഗോൺസാലോയിലെ തെരുവുകളിൽനിന്ന് സ്വപ്നം കാണാനും കഠിനപ്രയത്‌നം ചെയ്യാനും പാകപ്പെടുത്തിയത് അടങ്ങാത്ത പോരാട്ടവീര്യമായിരുന്നു. കറുത്തവനെന്നും കുരങ്ങനെന്നും അധിക്ഷേപിച്ചവരോട് അന്നും ഇന്നും കലഹം തുടർന്നു. ‘ഇകഴ്‌ത്താനും ദുർബലപ്പെടുത്താനും അവർ ശ്രമിച്ചുകൊണ്ടേയിരുന്നു. ഞാൻ എന്തിനെതിരെ പോരാടണമെന്ന് ആരും പറഞ്ഞുതരേണ്ട. ലോകത്തിലെ മികച്ച കളിക്കാരനായാണ് ഞാനിത് പറയുന്നത്. ഇവിടെ ഇങ്ങനെ വന്നുനിൽക്കുന്നത് വ്യവസ്ഥിതികളോട് പോരടിച്ചാണ്’–-ഫിഫയുടെ ഈ വർഷത്തെ മികച്ച കളിക്കാരനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയതിന് പിന്നാലെയുള്ള മറുപടി പ്രസംഗത്തിൽ വിനീഷ്യസ് ജൂനിയർ പ്രതികരിച്ചു.
ഒന്നരമാസംമുമ്പ് അർഹതപ്പെട്ട ബാലൻ ഡി ഓർ കൈവിട്ടപ്പോൾ നിരാശയായിരുന്നു റയൽ മാഡ്രിഡ് മുന്നേറ്റക്കാരന്. വംശീയതയ്‌ക്കെതിരെ പ്രതികരിക്കുന്നതിനാലാണ് അവഗണനയെന്ന് തുറന്നുപറഞ്ഞു. ഇതുകൊണ്ടൊന്നും തോൽക്കില്ലെന്നും ഇരുപത്തിനാലുകാരൻ പ്രഖ്യാപിച്ചു. എന്നാൽ, വിനീഷ്യസിലെ മികവിനെ അംഗീകരിക്കാതിരിക്കാൻ ഫിഫയ്‌ക്ക് പറ്റുമായിരുന്നില്ല. ഖത്തറിലെ ദോഹയിൽ നടന്ന ചടങ്ങിൽ ബാലൻ ഡി ഓർ ജേതാവ് സ്‌പെയ്‌നിന്റെ റോഡ്രിയെ മറികടന്ന് മികച്ച താരമായി. വിനീഷ്യസിന് 48 പോയിന്റ് കിട്ടി. റോഡ്രിയ്‌ക്ക് 43. ദേശീയ ടീം ക്യാപ്‌റ്റൻമാരും കോച്ചുമാരും തെരഞ്ഞെടുത്ത മാധ്യമപ്രവർത്തകരും ആരാധകരും വോട്ടേടുപ്പിലൂടെയാണ് വിജയിയെ തെരഞ്ഞെടുക്കുക.
വനിതകളിൽ ബൊൻമാറ്റി തന്നെ
തുടർച്ചയായ രണ്ടാംതവണയും അയ്‌താന ബൊൻമാറ്റി മികച്ച വനിതാതാരമായി. തുടർച്ചയായ രണ്ടുവർഷം ബാലൻ ഡി ഓറും സ്വന്തമാക്കിയിരുന്നു. അർജന്റീന താരം എമിലിയാനോ മാർട്ടിനെസാണ് മികച്ച ഗോൾകീപ്പർ. റയൽ മാഡ്രിഡിന്റെ കാർലോ ആൻസെലൊട്ടിയാണ് മികച്ച പരിശീലകൻ. മാർട്ടിനെസ്, ഡാനി കർവഹാൽ, അന്റോണിയോ റൂഡിഗർ, റൂബെൻ ഡയസ്, വില്യം സാലിബ, ജൂഡ് ബെല്ലിങ്‌ഹാം, റോഡ്രി, ടോണി ക്രൂസ്, ലമീൻ യമാൽ, എർലിങ് ഹാലണ്ട്, വിനീഷ്യസ് ജൂനിയർ എന്നിവർ ഫിഫ ടീമിൽ ഉൾപ്പെട്ടു.
മികച്ച ഗോളിന് പുസ്‌കാസ് അവാർഡ് മാഞ്ചസ്‌റ്റർ യുണൈറ്റഡിന്റെ അലസാൻഡ്രോ ഗർണാച്ചോയ്‌ക്കാണ്. വനിതകളിൽ സ്വന്തംപേരിലുള്ള ‘മാർത്ത’ പുരസ്‌കാരം ബ്രസീൽ ഇതിഹാസം മാർത്ത തന്നെ സ്വന്തമാക്കി. അമേരിക്കയുടെ അലീസ നയെഹെർ ആണ് വനിതാ ഗോൾകീപ്പർ. അമേരിക്കൻ വനിതാ ടീമിന്റെ എമ്മ ഹായെസയ്--ക്കാണ് പരിശീലകയ്‌ക്കുള്ള പുരസ്‌കാരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..