20 September Friday

ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ; ഗോളടിക്കാതെ സിറ്റി

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024


ലണ്ടൻ
ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്ക്‌ മങ്ങിയ തുടക്കം. സ്വന്തംതട്ടകത്തിൽ ഇന്റർ മിലാനോട്‌ ഗോളടിക്കാനാകാതെ പിരിയേണ്ടിവന്നു. മികച്ച പ്രതിരോധവും ഒരുമയുള്ള കളിയുമായാണ്‌ ഇന്റർ കരുത്തരെ കുരുക്കിയത്‌. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ നാല്‌ കളിയും ജയിച്ച്‌ നിൽക്കുന്ന സിറ്റി മികച്ച തുടക്കമായിരുന്നു പ്രതീക്ഷിച്ചത്‌. എന്നാൽ, പെപ്‌ ഗ്വാർഡിയോളയും സംഘവും നിരാശയോടെ മടങ്ങി. മത്സരത്തിനിടെ ക്യാപ്‌റ്റനും സൂപ്പർതാരവുമായ കെവിൻ ഡി ബ്രയ്‌ന് പരിക്കേറ്റതും തിരിച്ചടിയായി.

2023 ഫൈനലിന്റെ ആവർത്തനമായിരുന്നു ലണ്ടനിലെ എത്തിഹാദ്‌ സ്‌റ്റേഡിയത്തിൽ. സിറ്റിയുടെ ആക്രമണങ്ങൾ തടയാൻ ഒരുങ്ങിത്തന്നെയായിരുന്നു ഇന്റർ എത്തിയത്‌. ആദ്യപകുതി സൂക്ഷിച്ചുകളിച്ച അവർ ഇടവേളയ്‌ക്കുശേഷം ആക്രമണത്തിലേക്ക്‌ നീങ്ങി. എന്നാൽ, ഇരുടീമുകൾക്കും ലക്ഷ്യം കാണാനായില്ല. സിറ്റി കുപ്പായത്തിൽ 100–-ാംഗോൾ തികയ്‌ക്കാനെത്തിയ എർലിങ്‌ ഹാലണ്ടിന്‌ ഒന്നും ചെയ്യാനായില്ല.

മറ്റു മത്സരങ്ങളിൽ പിഎസ്‌ജി ജിറോണയോട്‌ ഒരു ഗോളിന്‌ കഷ്ടിച്ച്‌ ജയിച്ചു. 90–-ാംമിനിറ്റിൽ പൗളോ ഗാസനിഗയുടെ പിഴവുഗോളിലാണ്‌ ഫ്രഞ്ച്‌ ചാമ്പ്യൻമാർ ജയം പിടിച്ചത്‌. ബൊറൂസിയ ഡോർട്ട്‌മുണ്ട്‌ മൂന്ന്‌ ഗോളിന്‌ ക്ലബ്‌ ബ്രുജിനെ വീഴ്‌ത്തി. പകരക്കാരനായെത്തിയ ജാമി ബൈനോ ഗിറ്റെൻസ്‌ ഇരട്ടഗോൾ നേടി. സെറോ ഗിയറാസിയും ലക്ഷ്യം കണ്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top