30 October Wednesday

കടമ്പകൾക്ക്‌ മീതെ 
സ്വർണപ്പക്ഷികൾ

പി ബിജുUpdated: Friday Oct 20, 2023

സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ തിരുവനന്തപുരം അരുമാനൂർ എംവിഎച്ച്എസ്എസിലെ ടി ഷിബ (വലത്തേയറ്റം) സ്വർണം നേടുന്നു ഫോട്ടോ: പി ദിലീപ്കുമാർ


കുന്നംകുളം
കിരണായിരുന്നു ദേശീയ സമയത്തിനും മുമ്പെപറന്ന സ്വർണപ്പക്ഷി. ജൂനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ പാലക്കാട്‌ വടവന്നൂർ എച്ച്‌എസ്‌എസിലെ ഓട്ടക്കാരൻ 13.84 സെക്കൻഡിന്റെ പുതിയ സമയം കുറിച്ചു. അഞ്ച്‌ വർഷംമുമ്പ്‌ നാട്ടുകാരനായ ആർ കെ സൂര്യജിത് രേഖപ്പെടുത്തിയ 14.74 സെക്കൻഡ്‌ മായ്‌ച്ചു. 2019ൽ പഞ്ചാബിന്റെ മോഹിത്‌ സ്ഥാപിച്ച 14.02 സെക്കൻഡിനെക്കാൾ മെച്ചപ്പെട്ട സമയമാണ്‌ പ്ലസ്‌ടുകാരന്റേത്‌.

വെടിയൊച്ച മുഴങ്ങിയതുമുതൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയായിരുന്നു കുതിപ്പ്‌. വടവന്നൂർ സ്‌കൂളിന്റെ ആദ്യ സ്വർണമെഡലിന്‌ റെക്കോഡിന്റെ കിന്നരി കിട്ടി. കൂട്ടുപാറ സ്വദേശി കുഞ്ചന്റെയും ചന്ദ്രികയുടെയും മകനാണ്‌. അർജുൻ ഹരിദാസാണ്‌ കോച്ച്‌.
കോഴിക്കോട്‌ ദേവഗിരി സേവ്യോ സ്‌കൂളിലെ പി അമർജിത് വെള്ളിയും (14.84) മലപ്പുറം മൂർക്കനാട്‌ എസ്‌എച്ച്‌എസ്‌എസിലെ ടി മുഹമ്മദ്‌ സിനാൻ വെങ്കലവും നേടി.

സീനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ 14.59 സെക്കൻഡിൽ ഫിനിഷ്‌ ചെയ്‌താണ്‌ കോഴിക്കോട്‌ പുല്ലൂരാംപാറ സെന്റ്‌ ജോസഫ്‌ എച്ച്‌എസ്‌എസിലെ മിലൻ തോമസ്‌ ഒന്നാമതെത്തിയത്‌. പ്ലസ്‌ടു വിദ്യാർഥിയായ മിലൻ പുല്ലൂരാംപാറ സ്വദേശി രഞ്‌ജിത്‌ ആൻഡ്രൂസിന്റെയും പ്രിൻസി തോമസിന്റെയും മകനാണ്‌. ജീഷ്‌കുമാറാണ്‌ കോച്ച്‌.  തൃശൂർ കാൽഡിയൻ എച്ച്‌എസ്‌എസിലെ വിജയ്‌കൃഷ്‌ണ (14.61) രണ്ടാമതെത്തി. പാലക്കാട്‌ വടവന്നൂർ എച്ച്‌എസ്‌എസിലെ എസ്‌ ഷാഹുലിനാണ്‌ വെങ്കലം.


 

സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ തിരുവനന്തപുരം അരുമാനൂർ എംവിഎച്ച്‌എസ്‌എസിലെ ഡി ഷീബയ്‌ക്കാണ്‌ സ്വർണം. സമയം 14.40 സെക്കൻഡ്‌. ലോങ്ജമ്പിലും സ്വർണം നേടിയ ഷീബ ഡബിൾ തികച്ചു. ഭരണങ്ങാനം ജിഎച്ച്‌എസ്‌എസിലെ ആൻട്രീസ മാത്യുവിനാണ്‌ വെള്ളി. എറണാകുളം മാതിരപ്പള്ളി ജിവിഎച്ച്‌എസ്‌എസിലെ ജാനിസ്‌ ട്രീസ റെജി വെങ്കലം നേടി. ജൂനിയർ പെൺകുട്ടികളിൽ തിരുനാവായ നാവാമുകുന്ദ എച്ച്‌എസ്‌എസിലെ ആദിത്യ അജിക്കാണ്‌ സ്വർണം (15.16). മലപ്പുറം കടകശേരി ഐഡിയൽ സ്‌കൂളിലെ ഏഞ്ചൽ ജയിംസ്‌ വെള്ളിയും എറണാകുളം കീരാപ്പാറ സെന്റ്‌ സ്‌റ്റീഫൻ എച്ച്‌എസ്‌എസിലെ അൽഫോൺസ ട്രീസ ടെറിൻ വെങ്കലവും നേടി.

സബ്‌ജൂനിയർ ആൺകുട്ടികളുടെ 80 മീറ്റർ ഹർഡിൽസിൽ 12.26 സെക്കൻഡിൽ ഫിനിഷ്‌ ചെയ്‌ത തൃശൂർ കാൽഡിയൻ സ്‌കൂളിലെ എൻ ഡി ആദികൃഷ്‌ണയ്‌ക്കാണ്‌ സ്വർണം. ജിവി രാജ സ്‌പോർട്‌സ്‌ സ്‌കൂളിലെ ശ്രീഹരി കരിക്കൻ വെള്ളിയും പൂഞ്ഞാർ എസ്‌എംവി എച്ച്‌എസിലെ നോബിൾ ബിനോയ്‌ വെങ്കലവും കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂർ ജിവി എച്ച്‌എസ്‌എസിലെ ടി വി ദേവശ്രീക്കാണ്‌ സ്വർണം (13.09). കരിവെള്ളൂർ എവിഎസ്‌ ജിഎച്ച്‌എസ്‌എസിലെ റിഷിക ജഗദീഷ്‌ വെള്ളിയും ഇടുക്കി മുണ്ടക്കയം സെന്റ്‌ ആന്റണീസ്‌ എച്ച്‌എസിലെ അഭിയ ആൻ ജിജി വെങ്കലവും സ്വന്തമാക്കി. 100 മീറ്ററിലും സ്വർണം നേടിയ ദേവശ്രീ ഡബിൾ തികച്ചു.

ആറുപേര്‍ക്ക് 
ഇരട്ടസ്വര്‍ണം
കായികോത്സവൽ ആറുപേർക്ക് ഇരട്ടസ്വർണം. ജൂനിയർ വിഭാഗത്തിൽ ഹെനൻ എലിസബത്ത് (കാസർകോട്‌ കുട്ടമത്ത് സ്കൂൾ), സീനിയർ വിഭാഗത്തിൽ ജെ ബിജോയ് (ചിറ്റൂർ ജിഎച്ച്എസ്എസ്), ഡി ഷീബ (തിരുവനന്തപുരം അരുമാനൂർ എംവിഎച്ച്എസ്എസ്), സി ആർ നിത്യ (കോതമംഗലം മാർബേസിൽ) സബ്ജൂനിയർ വിഭാഗത്തിൽ അർഷാദ് അലി (കല്ലടി എച്ച്എസ്എസ്), ടി വി ദേവശ്രീ (കണ്ണൂർ ജിവിഎച്ച്എസ്എസ്) എന്നിവരാണ് ഇരട്ടസ്വർണം നേടിയവർ.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top