കോഴിക്കോട്
ഐലീഗ് ഫുട്‌ബോളിൽ തുടർച്ചയായ മൂന്നാംകളിയിലും ഗോൾ നേടാനാകാതെ ഗോകുലം കേരള എഫ്‌സി. സ്വന്തം തട്ടകത്തിലെ മൂന്നാംമത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡിനോട് ഗോൾരഹിത സമനില. ആദ്യകളിയിലെ ജയത്തിനുശേഷം ടീം മങ്ങിപ്പോയി. ആറു കളിയിൽ ഓരോ ജയവും തോൽവിയും നാലു സമനിലയുമുള്ള ഗോകുലം ഏഴു പോയിന്റോടെ ഏഴാംസ്ഥാനത്താണ്. അതേ പോയിന്റുമായി രാജസ്ഥാൻ ആറാമത്.
ആദ്യ പതിനൊന്നിൽ നാല് മാറ്റവുമായാണ് ഗോകുലം കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്‌റ്റേഡിയത്തിൽ ഇറങ്ങിയത്. പക്ഷേ, കളിയിൽ മാറ്റമുണ്ടായില്ല. രാജസ്ഥാൻ ക്യാപ്‌റ്റൻ അലൈൻ ഒയാസുൻ എടുത്ത ഫ്രീകിക്ക് ബാറിൽ തട്ടി മടങ്ങിയത് രക്ഷയായി. മറുപടിയായി സ്‌പാനിഷ് താരം അബലാഡോ ഷോട്ടുതിർത്തു.
രാജസ്ഥാൻ ഗോളി ജയിംസ് തട്ടിയകറ്റി. രണ്ടാംപകുതിയിൽ ഇരുടീമുകളും വേഗമേറിയ മുന്നേറ്റങ്ങളുമായി കളം നിറഞ്ഞെങ്കിലും ലക്ഷ്യം കാണാനായില്ല. പരിക്കുസമയം കഴിയാൻ സെക്കൻഡുകൾമാത്രം നിൽക്കേ അബലാഡോ ഇടതുവശത്തുനിന്ന് നീട്ടി നൽകിയ പന്ത് സെന്തമിഴിന് തൊടാനാകാതെപോയതോടെ അവസാന പ്രതീക്ഷയും അസ്‌തമിച്ചു. ജനുവരി എട്ടിന് ഡൽഹി എഫ്‌സിക്കെതിരെ അവരുടെ തട്ടകത്തിലാണ് അടുത്ത കളി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..