കുന്നംകുളം
ഇത്തവണ 98 ഇനങ്ങളിൽ തകർന്നത് ആറ് റെക്കോഡ് മാത്രം. അതിൽ കാസർകോട് കുട്ടമത്ത് ജിഎച്ച്എസ്എസിലെ കെ സി സെർവാൻ രണ്ട് റെക്കോഡിന് ഉടമയായി. സീനിയർ ആൺകുട്ടികളുടെ ഡിസ്‌കസ്‌ത്രോയിലും ഷോട്ട്‌പുട്ടിലുമാണ് പുതിയ ദൂരം. ഷോട്ട്പുട്ടിൽ 17.58 മീറ്റർ എറിഞ്ഞ് റെക്കൊഡോടെ സ്വർണം സ്വന്തമാക്കി. 2018ൽ കോതമംഗലം സെന്റ്ജോർജിലെ അലക്സ് പി തങ്കച്ചൻ (16.53) കണ്ടെത്തിയ ദൂരമാണ് പഴങ്കഥയായത്.
ഡിസ്‌കസ്‌ത്രോയിൽ 57.71 മീറ്ററാണ് സെർവാന്റെ പുതിയ ദൂരം.
സീനിയർ ആൺകുട്ടികളുടെ 800 മീറ്റർ ഓട്ടത്തിൽ ചിറ്റൂർ ജിഎച്ച്എസ്എസിലെ ജെ ബിനോയ് റെക്കോഡ് തിരുത്തി. പുതിയസമയം ഒരു മിനിറ്റ് 51.13 സെക്കൻഡ്. 2012ൽ കല്ലടി എച്ച്എസ്എസിലെ ലിജോ മാണി കുറിച്ച (ഒരു മിനിറ്റ് 51.77) സമയമാണ് മാറ്റിയത്.സീനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിൽ മാത്തൂർ സിഎഫ്ഡി സ്കൂളിലെ പി അഭിരാം 18 വർഷത്തെ റെക്കോഡ് മറികടന്നു. 48.02 സെക്കൻഡാണ് പുതിയ സമയം.
സീനിയർ പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ കാസർകോട് ഉദിനൂർ ജിഎച്ച്എസ്എസിലെ വി എസ് അനുപ്രിയ (16.15 മീറ്റർ) റെക്കോഡ് സ്വന്തമാക്കി.
ജൂനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹഡിൽസിൽ പാലക്കാട് വടവന്നൂർ വിഎംഎച്ച്എസ്എസിലെ കെ കിരൺ (0.13.84 സെക്കൻഡ്) പുതിയ റെക്കോഡിട്ടു. കഴിഞ്ഞതവണ തിരുവനന്തപുരത്തും ആറ് റെക്കോഡായിരുന്നു. 2019ൽ കണ്ണൂരിൽ 16 റെക്കോഡാണ് ഉണ്ടായിരുന്നത്. 2018ൽ അത് ആറ് തന്നെ. 2017 പാലാ മീറ്റിൽ 15.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..