19 November Tuesday

വിയർപ്പിലും വിജയത്തിലും നീരാടിയ കറുത്ത സുന്ദരി

എ എൻ രവീന്ദ്രദാസ്Updated: Monday Jul 22, 2024

ഫ്‌ളോറൻസ്‌ ഗ്രിഫിത്ത്‌ ജോയ്‌നർ

 

മുപ്പത്തിയാറ് വർഷംമുമ്പ് സോളിന്റെ രോമാഞ്ചമായി ലോകത്തെ നോക്കി പുഞ്ചിരിച്ച് ട്രാക്കിന്‌ വർണപ്പകിട്ടേകി മാഞ്ഞുപോയ ഒരു കറുത്ത സുന്ദരിയുണ്ട്. ഫ്ലോറൻസ് ഗ്രിഫിത്ത് ജോയ്നർ എന്ന ഫ്ലോജോ. 100 മീറ്ററിൽ 10.49 സെക്കൻഡിന്റെയും 200 മീറ്ററിൽ 21.34 സെക്കൻഡിന്റെയും ലോക റെക്കോർഡുകാരി. പോയ നൂറ്റാണ്ടിൽ അവൾ കുറിച്ച ലോക രേഖകൾക്ക് ക്ഷതമേൽപ്പിക്കാൻ പോന്ന ഒരുവളുടെ വരവിനുവേണ്ടി കായികലോകം കാത്തിരിപ്പ് തുടരുന്നു. 2024 പാരീസ് അതിന് ഉത്തരം നൽകുമോ.


എ എൻ രവീന്ദ്രദാസ്‌

എ എൻ രവീന്ദ്രദാസ്‌

കൂടുതൽ വേഗത്തിലും ദൂരത്തിലും ഉയരത്തിലും മുന്നേറുകയെന്നതാണ് ഒളിമ്പിക്സിന്റെ മുദ്രാവാക്യം. കായികശേഷിയുടെ ഖനികൾ തുരന്നുതുരന്ന് വിലമതിക്കാനാവാത്ത നേട്ടങ്ങൾ കണ്ടെടുത്തവർ ചരിത്രത്തിൽ നിറയുന്നുണ്ട്. ആ ശ്രേണിയിൽ മുപ്പത്തിയാറ് വർഷംമുമ്പ് സോളിന്റെ രോമാഞ്ചമായി ലോകത്തെ നോക്കി പുഞ്ചിരിച്ച് ട്രാക്കിനു വർണപ്പകിട്ടേകി മാഞ്ഞുപോയ ഒരു കറുത്ത സുന്ദരിയുണ്ട്.

ഫ്ലോറൻസ് ഗ്രിഫിത്ത് ജോയ്നർ എന്ന ഫ്ലോജോ. 100 മീറ്ററിൽ 10.49 സെക്കൻഡിന്റെയും 200 മീറ്ററിൽ 21.34 സെക്കൻഡിന്റെയും ലോകറെക്കോർഡുകാരി. പോയ നൂറ്റാണ്ടിൽ അവൾ കുറിച്ച ലോകരേഖകൾക്ക് ക്ഷതമേൽപ്പിക്കാൻ പോന്ന ഒരുവളുടെ വരവിനുവേണ്ടി കായികലോകം കാത്തിരിപ്പ് തുടരുന്നു. 2024 പാരീസ് അതിന് ഉത്തരം നൽകുമോ?

ജീവിച്ചിരുന്നെങ്കിൽ വരുന്ന ഡിസംബർ 21ന് ഫ്ലോറൻസിന് വയസ്സ് അറുപത്തഞ്ചായേനെ. അത് ലറ്റിക്സിന് സൗന്ദര്യവും സ്വർണത്തൂവലും നൽകിയ ആ അമേരിക്കക്കാരി ജീവിതത്തിന്റെ ഫിനിഷിങ് ലൈൻ എത്തും മുമ്പേ 1988 സെപ്‌തംബർ 21ന് മരണത്തിന്റെ മടിത്തട്ടിലേക്കു കുഴഞ്ഞുവീണു. ബഹിഷ്കരണ ഭീഷണികൾ മാറിനിന്ന സോൾ ഒളിമ്പിക്സിന്റെ ട്രാക്കിൽ 100 മീറ്റർ 10.54 സെക്കൻഡ് എന്ന അതിശയിപ്പിക്കുന്ന സമയത്തിൽ ഫ്ലോറൻസ് പിന്നിട്ടു.

മനുഷ്യന്റെ പരമാവധി വേഗത്തിന്റെയും കരുത്തിന്റെയും പരിധിയായി നിശ്ചയിക്കപ്പെട്ട ഇനമായ നൂറ് മീറ്റർ പന്തയത്തിൽ ഇന്ത്യയുടെ പുരുഷതാരങ്ങളുടെ പരമാവധി സമയവുമായി ഇതിനെ തുലനം ചെയ്യുക. അപ്പോഴേ ഈ വനിതാ സ്പ്രിന്ററുടെ ഗതിവേഗമെന്തെന്ന്‌ മനസ്സിലാവൂ.

ഇന്ത്യയുടെ ഏറ്റവും വേഗമുള്ള ഓട്ടക്കാരൻ അംലൻ ബോർഗോഹെയ്നിന്റെ ദേശീയ റെക്കോർഡ് 10.26 സെക്കൻഡ്. ജമൈക്കൻ ഇതിഹാസം ഉസൈൻ ബോൾട്ടിന്റെ ലോക റെക്കോർഡ് 9.58 സെക്കൻഡ്.

21.34 സെക്കൻഡുകൊണ്ട് 200 മീറ്ററും പൂർത്തിയാക്കിയപ്പോൾ സ്പ്രിന്റിൽ ഫ്ലോറൻസ് ഇരട്ട സ്വർണത്തിനവകാശിയായി. 4x100മീറ്റർ റിലേയിൽ സ്വർണവും 4x400 മീറ്ററിൽ വെള്ളിയും നേടിയ യുഎസ് ടീമിലും അംഗമായിരുന്നു.

1988 സെപ്‌തംബർ പതിനേഴു മുതൽ ഒക്ടോബർ രണ്ടു വരെയായിരുന്നു സോളിൽ മത്സരങ്ങൾ. ട്രാക്കിനങ്ങൾ തുടങ്ങിയ സെപ്‌തംബർ 24ന് പ്രാരംഭ മത്സരത്തിൽത്തന്നെ ഫ്ലോറൻസ് ഗ്രിഫിത്ത് ജോയ്നർ ലോകത്തെ ഞെട്ടിച്ചു. ആദ്യ റൗണ്ടിൽ 10.88 സെക്കൻഡിൽ ഒളിമ്പിക് റെക്കോർഡ്. നാട്ടുകാരിയും മുഖ്യപ്രതിയോഗിയുമായ ഈവ്ലിൻ ആഷ്ഫോർഡ് ലോസ് ആഞ്ചലസിൽ സ്ഥാപിച്ച 10.97ന്റെ ഒളിമ്പിക് റെക്കോർഡ് പഴങ്കഥയായി.

ഈവ്‌ലിൻ ആഷ്‌ഫോർഡ്‌

ഈവ്‌ലിൻ ആഷ്‌ഫോർഡ്‌

രണ്ടാം റൗണ്ടിൽ ഈവ്ലിൻ, ഫ്ലോറൻസിന്റെ സമയത്തിനൊപ്പമെത്തി. ഹീറ്റ്സിലെ അടുത്ത റൗണ്ടിൽ 10.62 ന്‌ ഫിനിഷ് ചെയ്ത ഫ്ലോറൻസ് തുടർന്ന് കാറ്റിന്റെ ആനുകൂല്യമുള്ള പ്രകടനത്തിൽ 10.70 സെക്കൻഡോടെ ഫൈനലിലേക്ക് കുതിച്ചു. അന്തിമപോരാട്ടത്തിൽ 10.54 സെക്കൻഡിൽ റെക്കോർഡ് മെച്ചപ്പെടുത്തി. പക്ഷേ, കാറ്റിന്റെ ആനുകൂല്യത്തിൽ റെക്കോഡ് കണക്കിലെടുത്തില്ല.

കിഴക്കൻ ജർമനിയുടെ ഹെയ്ക് ഡ്രെഷ്ലറെ (10.85) മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയ ഈവ്ലിൻ ആഷ്ഫോർഡിലൂടെ (10.83) അമേരിക്ക 1-2 ഫിനിഷ് ചെയ്തു. മുപ്പത്തിയൊന്നുകാരിയായ ഈവ്ലിൻ ഒളിമ്പിക് ചരിത്രത്തിൽ സ്പ്രിന്റ് മെഡൽ നേടുന്ന ഏറ്റവും പ്രായമുള്ള ഓട്ടക്കാരിയുമായി.

നാലുനാൾ കഴിഞ്ഞു നടന്ന 200 മീറ്ററിലെ പ്രകടനം ഫ്ലോറൻസ് ഗ്രിഫിത്ത് ജോയ്നറെ അനശ്വരയാക്കി. സോവിയറ്റ് യൂണിയന്റെയും ജിഡിആറിന്റെയും ഈരണ്ടു താരങ്ങൾ സ്റ്റാർട്ടിങ് പോയിന്റിൽ. എല്ലാ കണ്ണുകളും നേരത്തെ സോളിനെ കോരിത്തരിപ്പിച്ച് വേഗം കൂടിയ വനിതയായി മാറിയ അഞ്ചാം ലെയ്നിലുള്ള ഇരുപത്തെട്ടുകാരിയിൽ.

സോൾ ഒളിമ്പിക്‌സിൽ റെക്കോർഡോടെ സ്വർണം നേടിയ  ഫ്‌ളോറൻസ്‌  ഗ്രിഫിത്ത്‌ ജോയ്‌നറുടെ ആഹ്ലാദം

സോൾ ഒളിമ്പിക്‌സിൽ റെക്കോർഡോടെ സ്വർണം നേടിയ ഫ്‌ളോറൻസ്‌ ഗ്രിഫിത്ത്‌ ജോയ്‌നറുടെ ആഹ്ലാദം

ആദ്യത്തെ നൂറ് മീറ്ററിൽ ഒപ്പത്തിനൊപ്പമുണ്ടായിരുന്ന ഹെയ്ക് ഡ്രെഷ്ലറെയും ജമൈക്കക്കാരി ഗ്രേസ് ജാക്സണെയും പിന്തള്ളി അവസാന വരയിലേക്ക് അവിശ്വസനീയമായ കുതിപ്പ്. നിമിഷങ്ങൾക്കകം ഇലക്ട്രോണിക് സ്കോർ ബോർഡിൽ തെളിഞ്ഞത് 21.34 സെക്കൻഡ് ലോകറെക്കോർഡ്.

ബെൻ ജോൺസന്റെ ഉത്തേജക വിവാദം കരിനിഴൽ വീഴ്ത്തിയ സോൾ ഒളിമ്പിക്സിന്‌ പുതുജീവൻ പകർന്ന ഫ്ലോറൻസ് ട്രാക്കും ആരാധകരുടെ ഹൃദയങ്ങളും ഒന്നുപോലെ കീഴടക്കുകയായിരുന്നു. രണ്ട് മണിക്കൂറിനുള്ളിൽ 200 മീറ്ററിൽ രണ്ട്

 ബെൻ ജോൺസൺ

ബെൻ ജോൺസൺ

തവണ ലോകറെക്കോർഡ് (21.56, 21.34) തകർത്തതാണ് തന്റെ മികച്ച നേട്ടമായി ഈ മിന്നലോട്ടക്കാരി കണ്ടത്.

നിർഭാഗ്യം കൊണ്ടുമാത്രമാണ് 1948 ലണ്ടൻ ഒളിമ്പിക്സിൽ ഡച്ചുകാരി ഫാനി ബ്ലാങ്കേഴ്സ് കോയ്ൻ അത്ലറ്റിക്സിൽ നേടിയ നാല് സ്വർണമെന്ന റെക്കോർഡിനൊപ്പമെത്താൻ കഴിയാതെ പോയത്. ഹെപ്റ്റത്ലണിലും ലോങ് ജമ്പിലും ഒളിമ്പിക് സ്വർണമെഡൽ ജേത്രിയായ ജാക്കി ജോയ്നറുടെ സഹോദരനും ട്രിപ്പിൾ ജമ്പിൽ 1984 ലെ ഒളിമ്പിക് ചാമ്പ്യനുമായ അൽ ജോയ്നറെ1987 ൽ വിവാഹം കഴിച്ച ഫ്ലോറൻസ് പിന്നീട് അദ്ദേഹത്തിന്റെ വിദഗ്ധ നിരീക്ഷണത്തിലാണ് സ്പ്രിന്റിൽ

ഭർത്താവ്‌ അൽ ജോയ്‌നർക്കൊപ്പം

ഭർത്താവ്‌ അൽ ജോയ്‌നർക്കൊപ്പം

കൊടുമുടി കയറിയത്.

1959 ഡിസംബർ 21ന് ലോസ് ആഞ്ചലസിലെ മോജോവോ എന്ന സ്ഥലത്തുള്ള പാവപ്പെട്ട വീട്ടിൽ ഇലക്ട്രോണിക്സ് ടെക്‌നീഷ്യനായ റോബർട്ട് ഗ്രിഫിത്തിന്റെയും തയ്യൽക്കാരിയായ ഫ്ലോറൻസിന്റെയും പതിനൊന്നു മക്കളിൽ ഏഴാമത്തെ കുട്ടിയായി ജനിച്ച ഡിലോറെസ് ഫ്ലോറൻസ് ഗ്രിഫിത്ത് ഏഴാം വയസ്സിൽ ട്രാക്കിൽ ഓടാൻ തുടങ്ങി. മുത്തശ്ശി ജെന്ത്രൂദ് സ്കോട്ട് ബ്യൂട്ടീഷ്യനായിരുന്നു. ഓട്ടം ഗൗരവത്തോടെ കണ്ട അവൾ ഷുഗർറേ റോബിൻസൺ യൂത്ത് ഫൗണ്ടേഷന്റെ കായിക മത്സരങ്ങളിൽ പങ്കെടുത്ത് ആൺകുട്ടികളെപ്പോലും കടത്തിവെട്ടി.

ഫ്‌ളോജോ

ഫ്‌ളോജോ

മുത്തശ്ശിയിൽനിന്നും അമ്മയിൽനിന്നും ബ്യൂട്ടീഷ്യൻ ജോലികളും തയ്യലും ഡിസൈനിങ്ങും വശമാക്കിയ ഫ്ലോറൻസിന് കവിത ഹരമായിരുന്നു. ഡിസൈനറാകണം, ബ്യൂട്ടീഷ്യനാകണം, കവിയാകണം... അങ്ങനെ ഒരുപാട് മോഹങ്ങളുള്ള കുട്ടിയായിരുന്നു അവൾ.

സ്വപ്നങ്ങളും അവ യാഥാർഥ്യമാക്കാനുള്ള ഇച്ഛാശക്തിയും കഠിനപ്രയത്നങ്ങളും ഇല്ലായിരുന്നെങ്കിൽ കുറ്റകൃത്യങ്ങളുടെയും മയക്കുമരുന്നിന്റെയും നിലവറയായ കറുത്തവർ താമസിക്കുന്ന ചേരിയിലെ ഈ കുട്ടി എങ്ങനെ വേണമെങ്കിലും വഴിതെറ്റാമായിരുന്നു.

വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ട് വർധിച്ചപ്പോൾ പഠനം നിർത്തിയ അവൾക്ക് ബാങ്കിൽ ചെറിയൊരു ജോലി കിട്ടി. ഈ ഘട്ടത്തിലാണ് പ്രഗത്ഭനായ അത്ലറ്റിക്സ് പരിശീലകനും മികച്ച കണ്ടെത്തലുകാരനുമായ ബോബ്‌ കെഴ്സിയെ പരിചയപ്പെടാൻ സാധിച്ചത്.

അദ്ദേഹം ഫ്ലോറൻസിലെ അത്ലറ്റിനെ തിരിച്ചറിഞ്ഞതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. കുടുംബത്തിന് താങ്ങായി ബാങ്കിൽ ടെല്ലറായി ജോലി ചെയ്യുകയായിരുന്ന അവൾക്ക് യുസിഎൽഎയുടെ സാമ്പത്തിക സഹായം നേടിക്കൊടുക്കാൻ ബോബ്‌ കെഴ്സിക്ക് കഴിഞ്ഞു.

അതോടെ ഫ്ലോറൻസ് ഗ്രിഫിത്ത് ജോയ്നറുടെ കായിക കരിയർ പുതിയ ഉയരങ്ങൾ തേടി. 1986 ആയപ്പോഴേയ്ക്കും ബാങ്കിലെ ചെറിയ ജോലിക്കുപുറമെ ബ്യൂട്ടീഷ്യനായും ജീവിതമാർഗം തേടിയിരുന്ന ഫ്ലോറൻസ് കായികരംഗത്തുനിന്ന്‌ പിന്മാറുന്നതിനെക്കുറിച്ചും ചിന്തിച്ചിരുന്നു.

എന്നാൽ, 1987ൽ തീവ്രമായ പരിശീലനത്തോടെ ട്രാക്കിലെത്തുകയും അക്കൊല്ലത്തെ ലോക ചാമ്പ്യൻഷിപ്പിൽ ജിഡിആറിന്റെ സിൽക്കെ ഗ്ലാഡിഷിന്‌ പിന്നിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. അതിനിടെ അൽ ജോയ്നറുടെ ജീവിതപങ്കാളിയായതും ഗ്ലാഡിഷിനോടേറ്റ തോൽവിയും ഫ്ലോറൻസിന്റെ കായികസപര്യയിൽ നിർണായക വഴിത്തിരിവായി.

തന്റെ തുടർച്ചയായ രണ്ടാം സ്ഥാനങ്ങൾക്ക് അറുതിവരുത്തണമെന്ന ദൃഢനിശ്ചയത്തോടെ പരിശീലനം നടത്തിയ ഫ്ലോറൻസ്, ബെൻ ജോൺസന്റെ സ്റ്റാർട്ടിങ് ബ്ലോക്കിൽനിന്നുള്ള സ്‌ഫോടനാത്മകമായ തുടക്കത്തിന്റെയും സമ്മർദമേതുമില്ലാതെയുള്ള കാൾ ലൂയിസിന്റെ ഓട്ടത്തിന്റെയും വീഡിയോകൾ മുടങ്ങാതെ കാണുമായിരുന്നു. അത് ആത്മവിശ്വാസവും പ്രചോദനവുമേകിയതിനൊപ്പം വെയിറ്റ് ലിഫ്റ്റിങ്ങിലും പരിശീലനം നടത്തി.

താൻ മികച്ച 200 മീറ്റർ ഓട്ടക്കാരിയെന്ന് അതുവരെ പറയിച്ചവരെ ഞെട്ടിച്ചുകൊണ്ട് 1988 ജൂൺ 25ന് സാൻഡിഗോയിൽ ഫ്ലോറൻസ് 10.89 സെക്കൻഡിൽ 100 മീറ്റർ ഓടിയെത്തി. 1988 ജൂലൈയിൽ സോൾ ഒളിമ്പിക്സിന്റെ മുന്നോടിയായ യുഎസ് ട്രയൽസിൽ പങ്കെടുക്കാൻ ഇന്ത്യാനപൊലീസിൽ എത്തിയ ഫ്ലോജോ സൗന്ദര്യം കൊണ്ടും വേഷം കൊണ്ടും ചെറുപ്പക്കാരുടെ ആലസ്യമായി മാറി. എന്നാൽ, വനിതാ സ്പ്രിന്റിൽ ഒരു പുതുയുഗപ്പിറവി കുറിച്ചുകൊണ്ടാണ് അവൾ ട്രാക്കിൽനിന്ന്‌ മടങ്ങിയത്.

100 മീറ്റർ ട്രയൽസിന്റെ ക്വാർട്ടറിൽ സ്‌കോർ ബോർഡിൽ തെളിഞ്ഞ സമയം 10.49 സെക്കൻഡ്. ഈവ്ലിൻ ആഷ്ഫോർഡ് 1984ൽ സ്ഥാപിച്ച ലോകറെക്കോർഡാണ് 10.70, 10.61, 10.60, 10.49 എന്നീ സമയങ്ങളിൽ ഫ്ലോജോ അവിടെ തകർത്തത്. ഈവ്ലിന്റെ റെക്കോർഡിൽ നിന്ന്‌ 0.27 സെക്കൻഡ് കുറവ്. ക്വാർട്ടറും ഫൈനലും കഴിഞ്ഞതോടെ വിൻഡ്ഗേജ് പരിശോധിച്ചപ്പോൾ കാറ്റിന്റെ ആനുകൂല്യം പൂജ്യം.

ഫൈനലിൽ രണ്ടാം സ്ഥാനത്തോടെ ഈവ്ലിനും യുഎസ് ടീമിൽ സ്ഥാനം നേടി. 1984 ലോസ് ആഞ്ചലസ് ഒളിമ്പിക്സിലും 87ലെ റോം ലോകചാമ്പ്യൻഷിപ്പിലും 200 മീറ്ററിലെ വെള്ളിമെഡലുകളും 4x100 മീറ്ററിൽ സ്വർണം നേടിയ ടീമിൽ അംഗവുമെന്നതായിരുന്നു സോളിനുമുമ്പത്തെ ഫ്ലോജോയുടെ നേട്ടം.

എന്നാൽ, ഫ്ലോറൻസ് ഗ്രിഫിത്ത് ജോയ്നറുടെ പുതിയ സമയം വിവാദങ്ങൾക്കും അഭ്യൂഹങ്ങൾക്കും തിരികൊളുത്തി. നൃത്തം ചവിട്ടുന്ന കാലടികളുമായാണ് അവൾ സോൾ ഒളിമ്പിക്സിനെത്തിയത്. യൂറോപ്യൻ മാധ്യമങ്ങൾ അമേരിക്കക്കാരിയുടെ പ്രകടനത്തെയും സമയത്തെയും കുറിച്ച് സംശയമുയർത്തിയെങ്കിലും അതെല്ലാം അസ്ഥാനത്താണെന്ന് ഒളിമ്പിക് ട്രാക്കിൽ അവൾ തെളിയിച്ചു.

1996ലെ അറ്റ്ലാന്റ ഒളിമ്പിക്സിൽ 100 മീറ്ററിൽ 10.94 സെക്കൻഡിൽ ഗെയ്ൽ ഡേവേഴ്സ് സ്വർണവും മെർലിൻ ഓട്ടി വെങ്കലവും നേടി. ഫോട്ടോഫിനിഷിലായിരുന്നു 'വെങ്കലങ്ങളുടെ റാണി'യായ ജമൈക്കക്കാരി ഓട്ടിയുടെ സുവർണ സ്വപ്നം തെന്നിയകന്നത്.

ഇവരുടെ ആഹ്ലാദത്തിന്റെയും സങ്കടത്തിന്റെയും നിമിഷത്തിൽ പെട്ടെന്ന് സ്റ്റേഡിയം ഇളകി. പിന്നെ കാതടപ്പിക്കുന്ന ആഘോഷം. അതേ, ഫ്ളോറൻസ് ഗ്രിഫിത്ത് ജോയ്നറുടെ ലോകറെക്കോർഡും (10.49) ഒളിമ്പിക് റെക്കോർഡും അചഞ്ചലമായി നിൽക്കുന്നു എന്ന് സ്‌കോർബോർഡിൽ കണ്ടതിന്റെ സന്തോഷമായിരുന്നു അത്.

തുടർന്ന് 200 മീറ്ററിൽ ഫ്രാൻസിന്റെ മേരി ജോസ് പെരക്കും ഓട്ടിയും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയപ്പോഴും ഫ്ളോജോയുടെ ലോക, ഒളിമ്പിക് റെക്കോർഡുകൾ (21.34) അചഞ്ചലമായി നിന്നു. ഇവിടെ മത്സരിക്കേണ്ടിയിരുന്ന 36കാരിയായ ഫ്ളോജോയ്ക്ക് പരിക്കുമൂലം യുഎസ് ഒളിമ്പിക് ട്രയൽസിൽനിന്നു പിൻവാങ്ങേണ്ടി വന്നു. അതോടെ പറക്കും സുന്ദരിയുടെ ഒളിമ്പിക്സ് ഗാഥയും അവസാനിച്ചു.

സ്വന്തം ശരീരത്തെ അളവറ്റ്‌ സ്നേഹിച്ചവളായിരുന്നു ഫ്ളോറൻസ്. ഓരോ ട്രാക്ക് സ്യൂട്ടും അവൾ തനിയെ ഡിസൈൻ ചെയ്തു. സോളിൽ നാല് ഇനങ്ങളിലെ മത്സരങ്ങളിൽ നാല് ആടകൾ അണിഞ്ഞിറങ്ങി.

സ്വന്തം ശരീരത്തെ അളവറ്റ്‌ സ്നേഹിച്ചവളായിരുന്നു ഫ്ളോറൻസ്. ഓരോ ട്രാക്ക് സ്യൂട്ടും അവൾ തനിയെ ഡിസൈൻ ചെയ്തു. സോളിൽ നാല് ഇനങ്ങളിലെ മത്സരങ്ങളിൽ നാല് ആടകൾ അണിഞ്ഞിറങ്ങി. ഗ്ലാമറിന്റെ പകിട്ടാർന്ന വ്യക്തിജീവിതവും അത്ലറ്റിന്റെ കണിശതയാർന്ന ചിട്ടകളും ഫ്ളോജോയിൽ ഇഴമുറുക്കത്തോടെ ഒന്നായി വിളങ്ങി. നിറങ്ങളുടെ പൊലിമയെ സ്നേഹിച്ച അവൾ അഞ്ച് വിരലുകളിലും ക്യൂട്ടെക്സിന്റെ വർണവിതാനം തീർത്തു.

താലോലിച്ചു വളർത്തിയ നഖങ്ങൾ സോൾ ഗെയിംസിലെത്തിയപ്പോൾ ആറര ഇഞ്ചിന്റെ നീളത്തിലെത്തിയിരുന്നു. ഓരോ വിരൽത്തുമ്പിനും ഓരോ നിറങ്ങൾ നൽകിയ താരം തന്റെ വിജയങ്ങളുമായി ആ വർണവൈവിധ്യത്തെ കോർത്തിണക്കാൻ ശ്രമിച്ചു. 1984 ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ നഖങ്ങൾ രക്ഷിക്കാനുള്ള പിടിവാശി മനസ്സിൽ മായാത്ത നഖക്ഷതങ്ങളും ഈ വേഗക്കാരിക്ക് സമ്മാനിച്ചിട്ടുണ്ട്.

നീണ്ട നഖങ്ങൾ മുറിച്ചുമാറ്റാൻ വിസമ്മതിച്ചു എന്ന കാരണത്താൽ അവിടെ റിലേ ടീമിൽനിന്ന് ഫ്ളോജോയെ മാറ്റിനിർത്തിയിട്ടുണ്ട്. ബാറ്റൺ കൈമാറുമ്പോൾ നഖങ്ങൾ പ്രശ്നമുണ്ടാക്കും എന്ന കാരണത്താലായിരുന്നു അത്. 87ൽ ലോകചാമ്പ്യൻഷിപ്പിൽ റിലേ ജയിച്ചപ്പോൾ ശരീരത്തോട് ഒട്ടിക്കിടക്കുന്ന വേഷവുമായി ടിവി കാമറകളുടെ ശ്രദ്ധയാകർഷിച്ചു.

ഒരു കാലിൽ മാത്രം സ്യൂട്ടണിഞ്ഞ്‌  മത്സരിക്കുന്ന ഫ്‌ളോജോ

ഒരു കാലിൽ മാത്രം സ്യൂട്ടണിഞ്ഞ്‌ മത്സരിക്കുന്ന ഫ്‌ളോജോ

സോൾ ഒളിമ്പിക്സിനുള്ള ട്രയൽസിൽ ബോഡിസ്യൂട്ട് അണിഞ്ഞിറങ്ങി. ഇടതുകാൽമുട്ടിന്‌ മുകളിൽവരെ മാത്രം ഇറക്കം. നാല് മത്സരങ്ങളിൽ മൂന്നിലും ഇതായിരുന്നു വേഷം. നാലാമത്തേതിൽ കറുത്ത ബോഡി സ്യൂട്ട്. 'ഒറ്റക്കാലി' എന്ന പേര് ചാർത്തിക്കിട്ടിയ ഈ വേഷം ലോകശ്രദ്ധ പിടിച്ചുപറ്റി. 'പാവപ്പെട്ടവരുടെ ഫ്ലോജോ'യുടെ വേഷം മറ്റ് നാടുകളിലും താരങ്ങൾ അനുകരിച്ചു.

ലോകം കണ്ട ഏറ്റവും പ്രതിഭാധനനായ അത്ലറ്റ് ജെസ്സി ഓവൻസിന്റെ പേരിലുള്ള പുരസ്‌കാരം 1989ൽ ഫ്ലോറൻസിനെ തേടിയെത്തി. എന്നാൽ, അവാർഡ് ഏറ്റുവാങ്ങിയതിന്റെ രണ്ടാം നാൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് അവർ വിടവാങ്ങൽ പ്രഖ്യാപിച്ചു. തുടർച്ചയായി വേട്ടയാടിയ പരിക്കും കഠിനമായ പരിശീലനമുറകളുമാണ് അവരെ കളംവിടാൻ പ്രേരിപ്പിച്ചത്. 1994ൽ മാരത്തണിൽ ഒരു കൈ നോക്കാൻ താൽപ്പര്യമുണ്ടായിരുന്നെങ്കിലും നടന്നില്ല.

1998 സെപ്‌തംബർ 21ന് കാലിഫോർണിയയിലെ ലഗൂണി ബീച്ചിൽ ഹൃദയാഘാതത്തെ തുടർന്ന് ഫ്ലോറൻസ് ഗ്രിഫിത്ത് ജോയ്നർ മരിച്ചപ്പോൾ ലോകം നടുങ്ങി. അമേരിക്കയുടെ സൂപ്പർ അത്ലറ്റിന്റെ മരണത്തെ ചുറ്റിപ്പറ്റി അഭ്യൂഹങ്ങൾ പരന്നു. മടങ്ങിവരവെന്ന സ്വപ്നത്തെയും മേരി റൂത്ത് എന്ന പൊന്നുമോളെയും താലോലിച്ച് കഴിഞ്ഞുകൂടുമ്പോൾ ഉറക്കത്തിൽ അപസ്മാരബാധയെത്തുടർന്നുണ്ടായ ശ്വാസതടസ്സമാണ് മരണകാരണമെന്ന് ഒടുവിൽ ലോകം അംഗീകരിച്ചു.

ഹൃദയസ്തംഭനം മൂലമാണ് മരിച്ചതെങ്കിലും വേഗത്തിന്റെ അവസാന വാക്കാവാൻ ഫ്ലോജോ എൺപതുകളിൽ കഴിച്ച ഉത്തേജകമരുന്നുകളാണ് അതിനു കാരണമെന്ന സൂചനയുണ്ടായിരുന്നു. എന്നാൽ, അവർ തന്റെ കായികജീവിതത്തിൽ ഒരിക്കലും ഡോപ്ടെസ്റ്റിൽ പിടിക്കപ്പെട്ടിട്ടില്ലെന്നത് അതിന്റെ മറുവശമായിരുന്നു. സോൾ ഒളിമ്പിക്സിന്റെ ട്രയൽസിലും തുടർന്നുള്ള നാളുകളിലും ഫ്ലോജോ സൃഷ്ടിച്ച സ്‌ഫോടനം കണ്ടിട്ടുള്ളവർ ഈ വേഗം മനുഷ്യസാധ്യമാണോ എന്ന്‌ സംശയിച്ചിരുന്നു.

ഇന്നും അവരുടെ റെക്കോർഡുകൾക്ക് പരിക്കേറ്റിട്ടില്ല. അടുത്ത കാലത്തൊന്നും അവ ഭേദിക്കാൻ ആരെങ്കിലും ഉണ്ടാവുമെന്ന പ്രതീക്ഷയുമില്ല.
അവിശ്വസനീയമായ ഫ്ലോജോയുടെ വളർച്ചയിൽ അസൂയപ്പെട്ട മനസ്സുകൾ ഉയർത്തിയ ആരോപണങ്ങളായിരുന്നോ അവ?

മെർലിൻ ഓട്ടി

മെർലിൻ ഓട്ടി

എന്നാൽ, കർശനമായ പരിശീലനവും അർപ്പണവുമുണ്ടെങ്കിൽ വളരെയധികം ഉയരാനാവുമെന്ന് കാണിച്ചുതന്ന ഫ്ലോറൻസ് കായികതാരങ്ങൾക്ക് ഒരു മാതൃകയാണെന്ന് അക്കാലത്ത് അവളുടെ പ്രതിയോഗികളായിരുന്ന ഗ്രേസ് ജാക്സണും മെർലിൻ ഓട്ടിയും പറഞ്ഞിട്ടുണ്ട്.

അതിരാവിലെ മൂന്നുമണി മുതൽ പരിശീലനത്തിലേർപ്പെട്ടിരുന്ന ഫ്ലോറൻസ് പ്രാർഥനയ്ക്കും ധ്യാനത്തിനും വിജയത്തിലുള്ള പങ്ക് വലുതാണെന്ന് വിശ്വസിച്ചിരുന്നു. എന്നും ബൈബിൾ വായിക്കുന്ന, കുടുംബം നോക്കുന്ന സ്നേഹനിധിയായ ഭാര്യയായിരുന്നു അവൾ എന്ന് ഭർത്താവ് അൽ ജോയ്നറും പറയുമായിരുന്നു. ആദ്യകാലത്ത് തന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിച്ചതായി കരുതപ്പെടുന്ന ഔഷധങ്ങൾ പിന്നീട് ഫ്ലോജോയ്ക്ക് ഒഴിച്ചുകൂടാനാവാത്ത ലഹരിയായി മാറിയിരുന്നുവോ.

ആ ചോദ്യത്തിന് ഉത്തരം നൽകാൻ ആർക്കും കഴിഞ്ഞിട്ടില്ല. ഉത്തേജകമരുന്ന് പരിശോധന കർശനവും നിർബന്ധവുമാക്കിയ കാലത്തുതന്നെ, ഫ്ലോജോ കായികജീവിതത്തോട് വിടപറഞ്ഞ് സംശയമുണർത്തിയിരുന്നു. സോൾ ഒളിമ്പിക്സിൽ കനഡക്കാരൻ ബെൻ ജോൺസൺ ഉത്തേജകത്തിന്റെ കൊടുങ്കാറ്റ്‌ വിതച്ചതിനുശേഷം, അതിന്റെ നിയമക്കുരുക്കിൽ കുടുങ്ങാതെ, ഒരുപക്ഷേ ക്രൂരവും നിസ്സഹായവുമായ വിധിദുരന്തത്തിനിരയായ പ്രതിഭാധനയായ അത്ലറ്റാവാം ഫ്ലോറൻസ് ഗ്രിഫിത്ത് ജോയ്നർ.

തീക്ഷ്ണമായൊരു കാറ്റായിരുന്നു ഫ്ലോജോ. സൗന്ദര്യവും വേഗവും ചേർന്ന ഉഷ്ണക്കാറ്റ്. വിയർപ്പിലും വിജയങ്ങളിലും നീരാടിയ ആ കാറ്റ് സ്‌പോർട്സിനെ സ്നേഹിക്കാത്തവരുടെ മനസ്സിൽപ്പോലും വീശിയടിച്ചിരുന്നു.

തീക്ഷ്ണമായൊരു കാറ്റായിരുന്നു ഫ്ലോജോ. സൗന്ദര്യവും വേഗവും ചേർന്ന ഉഷ്ണക്കാറ്റ്. വിയർപ്പിലും വിജയങ്ങളിലും നീരാടിയ ആ കാറ്റ് സ്‌പോർട്സിനെ സ്നേഹിക്കാത്തവരുടെ മനസ്സിൽപ്പോലും വീശിയടിച്ചിരുന്നു. ചുവന്ന അമേരിക്കൻ സ്യൂട്ടണിഞ്ഞ് ട്രാക്കിന്റെ ഫിനിഷിങ് ലൈനിൽ പാദമൂന്നി വിജയത്തിന്റെ നിർവൃതിയേറ്റുവാങ്ങുന്ന ഫ്ലോജോയുടെ ചിത്രം ആർക്കാണ് മറക്കാനാവുക.

ട്രാക്കിലേക്ക് മടങ്ങിവരാൻ കൊതിച്ചപ്പോൾ അവർ സമയത്തിൽനിന്ന് അനശ്വരതയിലേക്കുള്ള യാത്രയ്ക്കായി വിളിക്കപ്പെട്ടു. എങ്കിലും ഫ്ലോറൻസ് ഗ്രിഫിത്ത് ജോയ്നർ എന്ന മിന്നലോട്ടക്കാരി ശേഷിപ്പിച്ച അഭേദ്യമായ ആ സമയസ്പന്ദനങ്ങളിലേക്ക് ചുവടുവയ്ക്കുന്ന വേഗത്തിന്റെ റാണിയെ ലോകം വരവേൽക്കുമോ. ആ നിമിഷത്തിനായി പാരീസ് 2024 വിളിക്കുന്നു. പ്രതീക്ഷയോടെ കാത്തിരിക്കാം.

ദേശാഭിമാനി വാരികയിൽ നിന്ന്

  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top