പെർത്ത്
യുവനിരയുമായി ഇന്ത്യ ഇറങ്ങുമ്പോൾ കണ്ണുകൾ വിരാട് കോഹ്‌ലിയിലാണ്. ഓസ്‌ട്രേലിയയിൽ 13 ടെസ്‌റ്റിൽ 25 ഇന്നിങ്‌സുകളിലായി 1352 റണ്ണാണ് കോഹ്‌ലി നേടിയിട്ടുള്ളത്. ആറ് സെഞ്ചുറികൾ, നാല് അരസെഞ്ചുറികൾ. ബാറ്റിങ് ശരാശരി 54.08. മികച്ച സ്‌കോർ 169. ഓസീസ് മണ്ണിൽ ഇത്രയും മികച്ച കണക്കുള്ള മറ്റൊരു താരമുണ്ടാകില്ല. 2011ലായിരുന്നു ഓസീസിലെ തുടക്കം. എന്നാൽ, ആദ്യപരമ്പരയിൽ ശോഭിച്ചില്ല. 2014ൽ ക്യാപ്‌റ്റൻ കുപ്പായത്തിൽ മിന്നി.
കളിജീവിതത്തിന്റെ അവസാനഘട്ടത്തിലാണ് മുൻ ക്യാപ്‌റ്റൻ. കഴിഞ്ഞ അഞ്ചു വർഷമായി ടെസ്‌റ്റ് ക്രിക്കറ്റിൽ തളർച്ചയാണ്. 61 ഇന്നിങ്‌സുകളിലായി ബാറ്റിങ് ശരാശരി 33.45 മാത്രമാണ്. മൂന്ന് സെഞ്ചുറികൾ. അതിനുമുമ്പ് 89 ഇന്നിങ്‌സുകളിൽ 62.78 ആയിരുന്നു ബാറ്റിങ് ശരാശരി. 20 സെഞ്ചുറികളും ഉൾപ്പെടും. ന്യൂസിലൻഡുമായുള്ള പരമ്പരയിൽ തീർത്തും മങ്ങി. ഒരുതവണ സ്‌പിന്നറുടെ ഫുൾടോസ് പന്തിൽ കുറ്റിതെറിച്ചായിരുന്നു മടക്കം. ഒരു റണ്ണൗട്ടും. അവസാന അഞ്ച് ഇന്നിങ്‌സിൽ നാലെണ്ണത്തിലും പത്തിൽ കൂടുതൽ പന്ത് നേരിടാനായിട്ടില്ല. അവസാന 14 ഇന്നിങ്‌സിൽ ഒരുതവണ മാത്രം 100ൽ കൂടുതൽ പന്തുകൾ നേരിട്ടു.
ഈ പരമ്പര കോഹ്‌ലിയുടെ കളിജീവിതത്തിൽ നിർണായകമാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..