26 December Thursday
ഷട്ടോരി പുറത്ത്

കിബു വികുന ബ്ലാസ്‌റ്റേഴ്‌സ്‌ പരിശീലകൻ

വെബ് ഡെസ്‌ക്‌Updated: Thursday Apr 23, 2020

കൊച്ചി
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകനായി സ്‌പാനിഷുകാരൻ കിബു വികുനയെ നിയമിച്ചു. എൽകോ ഷട്ടോരിയുമായി വഴിപിരിഞ്ഞതായി അറിയിച്ചതിന്‌ പിന്നാലെയാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ വികുനയെ പരിശീലകനായി പ്രഖ്യാപിച്ചത്‌. മോഹൻ ബഗാനെ ഐ ലീഗ്‌ ജേതാക്കളാക്കിയാണ്‌ വികുനയുടെ വരവ്‌. ബ്ലാസ്‌റ്റേഴ്‌സിന്റെ എട്ടാമത്തെ പരിശീലകനാണ്‌ ഈ നാൽപത്തെട്ടുകാരൻ.

ഐഎസ്‌എൽ ആറാം സീസൺ അവസാനിച്ചപ്പോൾത്തന്നെ ഷട്ടോരിയെ ബ്ലാസ്‌റ്റേഴ്‌സ്‌ ഒഴിവാക്കുമെന്ന്‌ സൂചനയുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ്‌ ഔദ്യോഗിക തീരുമാനമുണ്ടായത്‌. ക്ലബ്‌ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അറിയിച്ചു. 

ഏറെ പ്രതീക്ഷയോടെയാണ്‌ ഷട്ടോരിയെ ബ്ലാസ്‌റ്റേഴ്‌സ്‌ കഴിഞ്ഞ സീസണിൽ നോർത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡിൽ കൊണ്ടുവന്നത്‌. എന്നാൽ, ഈ ഡച്ചുകാരന്‌ ടീമിനെ പ്ലേ ഓഫിൽ എത്തിക്കാനായില്ല. പ്രധാന കളിക്കാരുടെ പരിക്ക്‌ തിരിച്ചടിയായി. പ്രതിരോധത്തിൽ സന്ദേശ്‌ ജിങ്കന്റെ പരിക്ക്‌ ടീമിനെ കാര്യമായി ബാധിച്ചു. ആവശ്യത്തിന്‌ മുന്നൊരുക്കവും ടീമിന്‌ ലഭിച്ചില്ല.

ആറ്‌ സീസണിൽ ഏഴ്‌ പരിശീലകരെയാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ പരീക്ഷിച്ചത്‌. ഒരു സീസണിൽ കൂടുതൽ ആരും നിന്നില്ല. ഇതിൽ ഡേവിഡ്‌ ജെയിംസ്‌ രണ്ടുതവണ പരിശീലകനായി. സ്‌റ്റീവ്‌ കൊപ്പൽ, റെനെ മ്യുലെൻസ്‌റ്റീൻ, ടെറി ഫെലാൻ, പീറ്റർ ടെയ്‌ലർ, നെലൊ വിൻഗാഡ എന്നിവരൊക്കെ വന്നുപോയി. ഡേവിഡ്‌ ജെയിംസും കൊപ്പലും ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിലെത്തിച്ചിരുന്നു.

ഷട്ടോരിക്ക്‌ കീഴിൽ ജയത്തോടെ തുടങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന്‌ തുടർന്ന്‌ ആ മികവ്‌ നിലനിർത്താനായില്ല. സ്‌പോർടിങ്‌ ഡയറക്ടറായി കരോലിൻ സ്‌കിൻകിസ്‌ എത്തിയതോടെ ഷട്ടോരി പുറത്താകുമെന്ന്‌ സൂചനയുണ്ടായിരുന്നു.പോളിഷ്‌ ഫുട്‌ബോൾ ലീഗിൽ നിന്നാണ്‌ വികുന ഈ സീസണിൽ ബഗാനിലെത്തിയത്‌. പാസുകളിലൂടെ കളി മെനയലാണ്‌ ശൈലി.  ബഗാൻ അടുത്ത സീസണിൽ  എടികെയുമായി ലയിച്ച്‌ ഐഎസ്‌എലിൽ കളിക്കുന്നതോടെ വികുനയുടെ സ്ഥാനം തെറിച്ചു. പരിശീലകന്‌ പിന്നാലെ  ബഗാന്റെ ചില കളിക്കാരും ബ്ലാസ്‌റ്റേഴ്‌സിലെത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top