24 November Sunday

ചെപ്പോക്കിൽ അശ്വിൻ മാജിക്‌ ; ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് 280 റൺ ജയം

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024

image credit bcci facebook


ചെന്നൈ
ബാറ്റിനുപിന്നാലെ പന്തുകൊണ്ടും ആർ അശ്വിൻ മായാജാലം കാട്ടിയപ്പോൾ ബംഗ്ലാദേശ്‌ കടുവകൾ നിശ്ശബ്‌ദരായി. രണ്ടാം ഇന്നിങ്‌സിൽ ആറ്‌ വിക്കറ്റുമായി ബംഗ്ലാദേശ്‌ ബാറ്റർമാരുടെ കുഴിതോണ്ടിയ സ്‌പിന്നർ ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ഇന്ത്യക്ക്‌ 280 റണ്ണിന്റെ കൂറ്റൻ ജയം സമ്മാനിച്ചു. 515 റൺ വിജയലക്ഷ്യം പിന്തുടർന്ന സന്ദർശകർ നാലാംദിനം 234 റണ്ണിന്‌ പുറത്തായി. ഒന്നാം ഇന്നിങ്‌സിൽ സെഞ്ചുറിയും നേടിയ അശ്വിനാണ്‌ കളിയിലെ താരം. സ്‌കോർ: ഇന്ത്യ 376,  287/4 ഡിക്ല. ബംഗ്ലാദേശ്‌ 149, 234. ജയത്തോടെ രണ്ടു മത്സര പരമ്പരയിൽ ഇന്ത്യ 1–-0ന്‌ മുന്നിലെത്തി.

നാലിന്‌ 158 റണ്ണെന്ന നിലയിൽ ബാറ്റിങ്‌ പുനരാരംഭിച്ച ബംഗ്ലാദേശിന്‌ പിടിച്ചുനിൽക്കാനായില്ല. 76 റൺ ചേർക്കുന്നതിനിടെ ആറ്‌ വിക്കറ്റുകൾ നഷ്ടമായി. ചെന്നൈയിലെ ചെപ്പോക്ക്‌ സ്‌റ്റേഡിയത്തിൽ നാട്ടുകാരനായ അശ്വിൻ നിറഞ്ഞാടി. അനായാസം പന്ത്‌ തിരിച്ച വലംകൈയൻ സ്‌പിന്നർ ബംഗ്ലാദേശിനെ നിലയുറപ്പിച്ചില്ല. 21 ഓവറിൽ 88 റൺ വഴങ്ങിയാണ്‌ ആറ്‌ വിക്കറ്റ്‌. ഷാദം ഇസ്ലാം (35), മൊമിനുൾ ഹഖ്‌ (13), മുഷ്‌ഫിഖുർ റഹിം (13), ഷാക്കിബ്‌ അൽ ഹസ്സൻ (25), മെഹ്‌ദി ഹസ്സൻ മിറാസ്‌ (8), ടസ്‌കിൻ അഹമ്മദ്‌ (5) എന്നിവരെയാണ്‌ മുപ്പത്തെട്ടുകാരൻ വീഴ്‌ത്തിയത്‌. ക്യാപ്‌റ്റൻ നജ്‌മുൽ ഹുസൈൻ ഷാന്റോ (82) മാത്രമാണ്‌ ബംഗ്ലാദേശിനായി പിടിച്ചുനിന്നത്‌. ഈ ഇടംകൈയനെ ഉൾപ്പെടെ മൂന്നുപേരെ രവീന്ദ്ര ജഡേജ പുറത്താക്കി.

ഒരു ടെസ്റ്റിൽ നാലാംതവണയാണ്‌ അശ്വിൻ അഞ്ച്‌ വിക്കറ്റും സെഞ്ചുറിയും നേടുന്നത്‌. 37–-ാം അഞ്ച്‌ വിക്കറ്റ്‌ പ്രകടനമാണ്‌. ഈ നേട്ടത്തിൽ ഓസ്‌ട്രേലിയൻ സ്‌പിൻ ഇതിഹാസം ഷെയ്‌ൻ വോണിനൊപ്പമെത്തി. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ്‌ (67) ഒന്നാമത്‌. രണ്ടാം ടെസ്റ്റ്‌ കാൺപുരിൽ 27നാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top