26 December Thursday

നെയ്‌മർ കളത്തിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024

image credit Neymar Jr. facebook

അബുദാബി
369 ദിവസത്തിനുശേഷം നെയ്‌മർ വീണ്ടും ഫുട്‌ബോൾ കളത്തിൽ. ഏഷ്യൻ ചാമ്പ്യൻസ്‌ ലീഗിൽ അൽ ഐനെതിരെയാണ്‌ അൽ ഹിലാൽ മുന്നേറ്റക്കാരൻ കളിച്ചത്‌.
77–-ാംമിനിറ്റിൽ പകരക്കാരനായെത്തി. കാൽമുട്ടിനേറ്റ പരിക്കാണ്‌ ബ്രസീൽ സൂപ്പർതാരത്തെ ഒരുവർഷത്തിലധികം പുറത്തിരുത്തിയത്‌. കഴിഞ്ഞവർഷം ഒക്‌ടോബർ 17ന്‌ ഉറുഗ്വേക്കെതിരായ ലോകകപ്പ്‌ യോഗ്യതാ മത്സരത്തിനിടെയാണ്‌ പരിക്കേറ്റത്‌. ഇടതുകാൽമുട്ട്‌ പൊട്ടി. ശസ്‌ത്രക്രിയക്ക്‌ വിധേയനായശേഷം വിശ്രമത്തിലായിരുന്നു. ഇതിനിടെ കോപ അമേരിക്ക ഉൾപ്പെടെ പ്രധാന ടൂർണമെന്റുകൾ നഷ്ടമായി.

ഈ സീസണിൽ പിഎസ്‌ജിയിൽനിന്ന്‌ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിൽ പൊന്നുംവിലയ്‌ക്ക്‌ എടുത്തെങ്കിലും അഞ്ച്‌ മത്സരം മാത്രമായിരുന്നു കളിക്കാനായത്‌.
പരിക്കുകളുടെ പരമ്പരയാണ്‌ നെയ്‌മറുടെ കളിജീവിതത്തിൽ. 232 മത്സരങ്ങൾ പരിക്കുകാരണം മുപ്പത്തിരണ്ടുകാരന്‌ നഷ്ടമായി. ഇതിൽ 2014ൽ നാട്ടിൽനടന്ന ലോകകപ്പ്‌ സെമി ഉൾപ്പെടും. കഴിഞ്ഞതവണ ഖത്തർ ലോകകപ്പിൽ രണ്ട്‌ മത്സരവും കളിക്കാൻ പറ്റാതായി. ‘വളരെ വിഷമം നിറഞ്ഞ കാലമായിരുന്നു. ഇപ്പോൾ സന്തോഷം തോന്നുന്നു. മികച്ച ടീം എന്റെ പിറകിലുണ്ട്‌.’–-മത്സരശേഷം നെയ്‌മർ പറഞ്ഞു. അൽ ഐനെതിരെ ഗോളിന്‌ അരികെയെത്തിയിരുന്നു താരം. എന്നാൽ, ഉഗ്രൻ ഷോട്ട്‌ വലയ്‌ക്കരികിലൂടെ പുറത്തായി. മത്സരത്തിൽ അൽ ഹിലാൽ 5–-4ന്‌ ജയിച്ചു.

ബ്രസീൽ കുപ്പായത്തിൽ നെയ്‌മറിന്റെ തിരിച്ചുവരവ്‌ എന്നെന്ന്‌ വ്യക്തമല്ല. നവംബർ 15നാണ്‌ ടീമിന്റെ അടുത്ത മത്സരം. ലോകകപ്പ്‌ യോഗ്യതയിൽ വെനസ്വേലക്കെതിരെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top