23 October Wednesday

സംസ്ഥാന സ്‌കൂൾ കായികമേള ; ഒളിമ്പിക്‌സ്‌ മാതൃകയിൽ രാത്രിയും പകലും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024


കൊച്ചി
സംസ്ഥാന സ്‌കൂൾ കായികമേള ഒളിമ്പിക്‌സ്‌ മാതൃകയിൽ വിപുലമായി നടത്താൻ കൊച്ചിയിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 17 വേദികളിലായി നവംബർ നാലുമുതൽ 11 വരെ സംഘടിപ്പിക്കുന്ന മേളയിൽ 39 കായിക ഇനങ്ങളിൽ 24,000 കായികപ്രതിഭകൾ മത്സരിക്കും.

സവിശേഷ പരിഗണന അർഹിക്കുന്ന 1800 കുട്ടികളെ പങ്കെടുപ്പിച്ച് ഇൻക്ലൂസീവ് സ്‌പോർട്സും ഇതോടൊപ്പം രാജ്യത്ത്‌ ആദ്യമായി നടക്കും. ഗൾഫ്‌ രാജ്യങ്ങളിലെ എട്ടു സ്‌കൂളുകളിൽനിന്നുള്ള കുട്ടികളും ആദ്യമായി സംസ്ഥാന കായികമേളയിൽ മത്സരിക്കാനെത്തും. ചാമ്പ്യന്മാരാകുന്ന ജില്ലയ്‌ക്ക്‌ ആദ്യമായി മുഖ്യമന്ത്രിയുടെ പേരിൽ എവർറോളിങ്‌ ട്രോഫിയും സമ്മാനിക്കുമെന്ന്‌ ശിവൻകുട്ടി.

മഹാരാജാസ്‌ കോളേജിന്റെ നവീകരിച്ച സിന്തറ്റിക്ക്‌ ട്രാക്ക്‌ മൈതാനമായിരിക്കും പ്രധാനവേദി. മത്സരങ്ങൾ പകലും രാത്രിയും നടക്കും. തിരുവനന്തപുരത്തുനിന്ന് എവർറോളിങ് ട്രോഫിയും കാസർകോട്ടുനിന്ന് ദീപശിഖയും ഭാഗ്യചിഹ്നം തക്കുടുവിനെയും വഹിച്ചുകൊണ്ടുള്ള പ്രചാരണജാഥ നവംബർ മൂന്നിന്‌ കൊച്ചിയിൽ സംഗമിക്കും.

മേളയിൽ 2000 ഒഫീഷ്യൽസ്, 500 സെലക്ടർമാർ, 2000 വളന്റിയേഴ്സ് എന്നിവരുണ്ടാകും. ഹരിതചട്ടം പാലിച്ചാണ്‌ മേള നടത്തുക. നവംബർ നാലിന്‌ വൈകിട്ട് കൊച്ചി നെഹ്‌റു സ്‌റ്റേഡിയത്തിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യും. വ്യവസായമന്ത്രി പി രാജീവ്‌ അധ്യക്ഷനാകും. നവംബർ 11ന് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ  സമാപനസമ്മേളനവും സമ്മാനദാനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം മമ്മൂട്ടി മുഖ്യാതിഥിയാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top