രാജ്‌കോട്ട്
ട്വന്റി20 ക്രിക്കറ്റിൽ തിലക് വർമയുടെ പടയോട്ടം തുടരുന്നു. തുടർച്ചയായ മൂന്നാം സെഞ്ചുറി കുറിച്ചു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബാറ്റർ. സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിൽ മേഘാലയക്കെതിരെ ഹൈദരാബാദിനുവേണ്ടി 67 പന്തിൽ 151 റണ്ണാണ് ഇടംകൈയൻ അടിച്ചുകൂട്ടിയത്. 10 സിക്‌സറും 14 ഫോറുമായിരുന്നു ഇന്നിങ്‌സിൽ. ഹൈദരാബാദ് നാലിന് 248 റണ്ണെടുത്തപ്പോൾ മേഘാലയ 69ന് പുറത്തായി. ഹൈദരാബാദിന് 179 റൺ ജയം.
ദക്ഷിണാഫ്രിക്കയുമായുള്ള ട്വന്റി20 പരമ്പരയിൽ തുടർച്ചയായ രണ്ട് സെഞ്ചുറിയാണ് തിലക് നേടിയത്. അതിന്റെ തുടർച്ചയായിരുന്നു മുഷ്‌താഖ് അലിയിൽ കണ്ടത്. ടൂർണമെന്റ് ചരിത്രത്തിലെ അഞ്ചാമത്തെ ഉയർന്ന സ്‌കോറാണിത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് നിലനിർത്തിയ താരങ്ങളിലൊരാളാണ് ഇരുപത്തിരണ്ടുകാരൻ.
അതേസമയം, മുംബൈക്കുവേണ്ടി ശ്രേയസ് അയ്യരും സെഞ്ചുറി നേടി. ഗോവയ്‌ക്കെതിരെ 57 പന്തിൽ 130 റണ്ണാണ് നേടിയത്. 10 സിക്‌സറും 11 ഫോറും. ശ്രേയസിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇക്കുറി നിലനിർത്തിയിരുന്നില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..