23 December Monday
ഫൈനലിൽ ബംഗ്ലാദേശിനെ 41 റണ്ണിന്‌ തോൽപ്പിച്ചു , മലയാളി പേസർ ജോഷിതയ്‌ക്ക്‌ വിക്കറ്റ്‌

ഏഷ്യാകപ്പിൽ ‘യുവ ഇന്ത്യ’ ; അണ്ടർ 19 വനിതാ ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Dec 23, 2024

image credit bcci facebook

കോലാലംപുർ
പ്രഥമ അണ്ടർ 19 ഏഷ്യാകപ്പ്‌ വനിതാ ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യക്ക്‌ കിരീടം. ഫൈനലിൽ ബംഗ്ലാദേശിനെ 41 റണ്ണിന്‌ തോൽപ്പിച്ചു. സ്‌കോർ: ഇന്ത്യ 117/7, ബംഗ്ലാദേശ്‌ 76 (18.3).
ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യക്കായി ഓപ്പണർ ഗൊംഗഡി തൃഷയാണ്‌ തിളങ്ങിയത്‌. 47 പന്തിൽ 52 റണ്ണെടുത്ത ഓപ്പണർ അഞ്ച്‌ ഫോറും രണ്ട്‌ സിക്‌സറും നേടി. അഞ്ചു കളിയിൽ 159 റണ്ണടിച്ച തൃഷയാണ്‌ കിരീടനേട്ടത്തിൽ നിർണായകമായത്‌. മിഥില വിനോദ്‌ 12 പന്തിൽ 17 റണ്ണെടുത്തു. നാല്‌ വിക്കറ്റ്‌ നേടിയ ബംഗ്ലാദേശ്‌ പേസർ ഹർജാന ഈസ്‌മിനാണ്‌ ഇന്ത്യയുടെ റണ്ണൊഴുക്ക്‌ തടഞ്ഞത്‌. ചെറിയ വിജയലക്ഷ്യമായിട്ടും  ബംഗ്ലാദേശിന്‌ വിജയം സാധ്യമായില്ല. രണ്ടാം ഓവറിൽ വിക്കറ്റെടുത്ത മലയാളി പേസർ വി ജെ ജോഷിതയാണ്‌ ബംഗ്ലാദേശ്‌ കുരുതിക്ക്‌ തുടക്കമിട്ടത്‌. ഓപ്പണർ മൊസമ്മത്‌ ഇവയെ റണ്ണെടുക്കുംമുമ്പ്‌ മടക്കി. ആ തകർച്ചയിൽനിന്ന്‌ പിന്നീട്‌ കരകയറാനായില്ല. 40 പന്തിൽ 21 റണ്ണെടുക്കുന്നതിനിടെ അവസാന ഏഴ്‌ വിക്കറ്റുകൾ വീണു. ആയുഷി ശുക്ല മൂന്ന്‌ വിക്കറ്റ്‌ സ്വന്തമാക്കി. ടൂർണമെന്റിൽ ആയുഷിയുടെ നേട്ടം പത്ത്‌ വിക്കറ്റാണ്‌. വയനാട്ടുകാരിയായ ജോഷിതയ്‌ക്ക്‌ മൂന്നു കളിയിൽ രണ്ട്‌ വിക്കറ്റുണ്ട്‌. ബംഗ്ലാദേശ്‌ നിരയിൽ ജുവൈരിയയും (22) ഫഹോമിദയും (18) മാത്രമാണ്‌ രണ്ടക്കം കടന്നത്‌. അണ്ടർ 19 പുരുഷ ഏഷ്യാകപ്പ്‌ ഇന്ത്യയെ തോൽപ്പിച്ച്‌ ബംഗ്ലാദേശ്‌ നേടിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top