23 November Saturday

ഇന്ന്‌ കിവികൾക്കെതിരെ ; അഞ്ച്‌ മത്സര ട്വന്റി‐20 പരമ്പരയ്‌ക്ക്‌ ഇന്ന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

ഓക്‌ലൻഡ്‌
ഏകദിന ലോകകപ്പ്‌ സെമിയിലെ തോൽവിക്കുശേഷം ഇന്ത്യ ന്യൂസിലൻഡുമായി കളിച്ചിട്ടില്ല. ഇന്ന്‌ വീണ്ടും ഇരു ടീമുകളും മുഖാമുഖമെത്തുന്നു. ട്വന്റി–-20യിലാണ്‌ പോരാട്ടം. ഓക്‌ലൻഡാണ്‌ വേദി. ആകെ അഞ്ച്‌ ട്വന്റി–-20 യാണ്‌ പരമ്പരയിൽ. മൂന്ന്‌ ഏകദിനവും രണ്ട്‌ ടെസ്‌റ്റുമുൾപ്പെടെ രണ്ടാഴ്‌ച നീളുന്ന പരമ്പര. ട്വന്റി–-20 ലോകകപ്പിനുള്ള ഒരുക്കത്തിലാണ്‌ ടീമുകൾ. ലോകകപ്പ്‌ സെമിയിൽ 18 റണ്ണിനാണ്‌ കെയ്‌ൻ വില്യംസണും സംഘവും ഇന്ത്യയെ കീഴടക്കിയത്‌. ലോകകപ്പ്‌ തോൽവിക്കുശേഷം ഇന്ത്യ തുടർജയങ്ങളുമായി മുന്നേറി. ന്യൂസിലൻഡിന്‌ തിരിച്ചടികളായിരുന്നു.

ഒക്‌ടോബറിൽ ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി–-20 ലോകകപ്പിനുള്ള തയ്യാറെടുപ്പാണ്‌ ഇന്ത്യക്ക്‌ ഈ പരമ്പര. സ്വന്തം തട്ടകത്തിൽ തുടർച്ചയായ നാല്‌ പരമ്പരകൾ കളിച്ചാണ്‌ കിവീസിലെത്തിയത്‌. ഇതിൽ മൂന്ന്‌ ട്വന്റി–-20 പരമ്പരകളായിരുന്നു. മലയാളിതാരം സഞ്‌ജു സാംസൺ ഒരിക്കൽക്കൂടി ടീമിൽ ഇടംനേടിയിട്ടുണ്ട്‌. ഇന്ന്‌ കളിക്കുന്ന കാര്യത്തിൽ ഉറപ്പില്ല. ലോകേഷ്‌ രാഹുലിനെ ട്വന്റി–-20യിലും വിക്കറ്റ്‌ കീപ്പറായി പരിഗണിക്കുമെന്ന്‌ കോഹ്‌ലി സൂചന നൽകി. ഒരു അധിക ബാറ്റ്‌സ്‌മാനെ കളിപ്പിക്കാനാണ്‌ ഈ നീക്കം. ഓസീസിനെതിരായ ഏകദിന പരമ്പരയിൽ ഈ നീക്കം വിജയം കണ്ടിരുന്നു. രാഹുൽ വിക്കറ്റിനു പിന്നിൽ തുടരുകയാണെങ്കിൽ ഋഷഭ്‌ പന്തിന്‌ അവസരം കിട്ടിയേക്കില്ല. ശിഖർ ധവാൻ പരിക്കേറ്റ്‌ പുറത്തായതിനാൽ രോഹിത്‌ ശർമ–-രാഹുൽ സഖ്യംതന്നെ ഇന്നിങ്‌സ്‌ തുടങ്ങും.

ബൗളിങ്‌നിരയിൽ ജസ്‌പ്രീത്‌ ബുമ്രയുടെ വരവ്‌ കരുത്ത്‌ കൂട്ടിയിട്ടുണ്ട്‌. മുഹമ്മദ്‌ ഷമിയും നവ്‌ദീപ്‌ സെയ്‌നിയും ശർദുൾ താക്കൂറുമാണ്‌ പേസ്‌നിരയിലെ മറ്റുള്ളവർ. സ്‌പിന്നർമാരായി കുൽദീപ്‌ യാദവും  രവീന്ദ്ര ജഡേജയും ഇടംനേടിയേക്കും.

സ്വന്തം തട്ടകത്തിൽ കളിക്കുന്നതിന്റെ ആനുകൂല്യമുണ്ട്‌ കിവികൾക്ക്‌. ട്വന്റി–-20യിലെ ഒരുപിടി മികച്ച താരങ്ങൾ കിവി നിരയിലുണ്ട്‌. മാർടിൻ ഗുപ്‌റ്റിൽ, കോളിൻ മൺറോ, റോസ്‌ ടെയ്‌ലർ എന്നിവരാണ്‌ ബാറ്റിങ്‌നിരയിലെ പ്രധാനികൾ. ഒപ്പം ക്യാപ്‌റ്റൻ വില്യംസണും. ഓൾറൗണ്ടർ കോളിൻ ഡി ഗ്രാൻഡ്‌ഹോമിന്റെ സാന്നിധ്യവും കരുത്തുനൽകും.

ബൗളിങ്‌നിരയിൽ ടിം സൗത്തി, ബ്ലയർ ടിക്‌നെർ, സ്‌കോട്ട്‌ കഗ്ഗെലെയ്‌ൻ എന്നിവരാണുള്ളത്‌. ട്രെന്റ്‌ ബോൾട്ട്‌, ലോക്കി ഫെർഗൂസൻ എന്നിവരുടെ പരിക്ക്‌ തിരിച്ചടിയാണ്‌.ഏദെൻ പാർക്കിലെ മൈതാനം ചെറുതാണ്‌. ബൗണ്ടറികൾക്ക്‌ വലിയ ദൂരമില്ല.

ഇന്ത്യ
രോഹിത്‌ ശർമ, ലോകേഷ്‌ രാഹുൽ, വിരാട്‌ കോഹ്‌ലി, ശ്രേയസ്‌ അയ്യർ, മനീഷ്‌ പാണ്ഡെ, ശിവം ദുബെ,  രവീന്ദ്ര ജഡേജ/ വാഷിങ്‌ടൺ സുന്ദർ, കുൽദീപ്‌ യാദവ്‌/യുശ്‌വേന്ദ്ര ചഹാൽ, മുഹമ്മദ്‌ ഷമി, ജസ്‌പ്രീത്‌ ബുമ്ര, ശർദുൾ താക്കൂർ.

ന്യൂസിലൻഡ്‌

മാർടിൻ ഗുപ്‌റ്റിൽ, കോളിൻ മൺറോ, കെയ്‌ൻ വില്യംസൺ, റോസ്‌ ടെയ്‌ലർ, ടിം സീഫെർട്‌, കോളിൻ ഡി ഗ്രാൻഡ്‌ഹോം, ഡാരിൽ മിച്ചെൽ/ സ്‌കോട്ട്‌ കഗ്ഗെലെയ്‌ൻ, മിച്ചെൽ സാന്റ്‌നെർ/ ഇഷ്‌ സോധി, ഹമീഷ്‌ ബെന്നെറ്റ്‌, ടിം സൗത്തി, ബ്ലയർ ടിക്‌നെർ.

വിശ്രമിക്കാൻ സമയമില്ല; കോഹ്‌ലിക്ക്‌ നീരസം
തുടർച്ചയായ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനെതിരെ ഇന്ത്യൻ ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലി. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര കഴിഞ്ഞ്‌ അഞ്ച്‌ ദിവസത്തിനുള്ളിലാണ്‌ ഇന്ത്യ ന്യൂസിലൻഡുമായി കളിക്കാനിറങ്ങുന്നത്‌. രണ്ടാഴ്‌ചയാണ്‌ പരമ്പര. ഭാവിയിൽ ഇത്തരം കാര്യങ്ങൾ പരിഗണിക്കണമെന്ന്‌ കോഹ്‌ലി പറഞ്ഞു.

‘വിശ്രമത്തിന്‌ സമയം കിട്ടുന്നില്ല. കളത്തിൽനിന്ന്‌ നേരെ കളത്തിലേക്ക്‌ കളിക്കാനിറങ്ങുകയാണ്‌. ഏഴ്‌ മണിക്കൂറോളം യാത്ര ചെയ്‌താണ്‌ ഇവിടെയെത്തിയത്‌. സാഹചര്യങ്ങൾ മനസ്സിലക്കാനുള്ള സമയംപോലും കിട്ടുന്നില്ല–- കോഹ്‌ലി പറഞ്ഞു.

നായകപദവി ഒഴിയാം: വില്യംസൺ
ക്യാപ്‌റ്റൻസ്ഥാനം ഒഴിയാൻ തയ്യാറാണെന്ന്‌ ന്യൂസിലൻഡ്‌ ക്യാപ്‌റ്റൻ കെയ്‌ൻ വില്യംസൺ. ടീമിന്‌ ഗുണകരമാകുന്ന കാര്യങ്ങളാണ്‌ പ്രധാനം. അതിനുവേണ്ടി ക്യാപ്‌റ്റൻ സ്ഥാനമൊഴിയാനും തയ്യാറാണ്‌–- വില്യംസൺ പറഞ്ഞു.

2016ലാണ്‌ വില്യംസൺ ക്യാപ്‌റ്റനായി ചുമതലയേറ്റത്‌. ഓസ്‌ട്രേലിയക്കെതിരെ ഈയിടെ നടന്ന പരമ്പരയിൽ ന്യൂസിലൻഡ്‌ എല്ലാ കളിയും തോറ്റിരുന്നു. വില്യംസൺ ബാറ്റിലും പരാജയപ്പെട്ടു. ഇതോടെയാണ്‌ ക്യാപ്‌റ്റൻസ്ഥാനം മാറിയേക്കുമെന്ന അഭ്യൂഹങ്ങളുയർന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top