ബംഗളൂരു
പേസർ മുഹമ്മദ് ഷമിയെ ബോർഡർ ഗാവസ്‌കർ പരമ്പരയിലെ അവസാന രണ്ട് ടെസ്‌റ്റിലും പരിഗണിച്ചില്ല. കാൽമുട്ടിലെ പരിക്ക് പൂർണമായും മാറാത്തതാണ് കാരണം. ഷമിയുടെ ശാരീരികക്ഷമതയുമായി ബന്ധപ്പെട്ട് ഇന്ത്യൻ ടീം ക്യാപ്‌റ്റൻ രോഹിത് ശർമ ബംഗളൂരൂവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ, ടെസ്‌റ്റിൽ പന്തെറിയാനുള്ള നിലയിലെത്തിയിട്ടില്ലെന്നായിരുന്നു മറുപടി.
പരിക്കുമാറി ഈയിടെയാണ് ബംഗാൾ പേസർ തിരിച്ചെത്തിയത്. രഞ്‌ജി ട്രോഫിയിൽ മധ്യപ്രദേശിനെതിരെ 43 ഓവർ എറിയുകയും ചെയ്‌തു. തുടർന്ന് സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിൽ ഒമ്പതു കളിയിൽ ഇറങ്ങി. എന്നാൽ, വിജയ് ഹസാരെ ട്രോഫിയിലെ ആദ്യകളിയിൽ ഇറങ്ങിയില്ല. ഇതിനിടെ ഇടതുകാൽമുട്ടിന് നേരിയ വേദന അനുഭവപ്പെട്ടിരുന്നു. തുടർന്ന് ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ എത്തി. ഇതോടെയാണ് ഓസ്‌ട്രേലിയയുമായുള്ള അവസാന ടെസ്‌റ്റുകളിൽ ഷമിയെ പരിഗണിക്കാതിരുന്നത്.കഴിഞ്ഞവർഷം നവംബറിൽ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ കളിച്ചശേഷം ഷമി ഇറങ്ങിയിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..