മെൽബൺ > പത്തൊമ്പതുകാരൻ സാം കോൺസ്‌റ്റാസിന്റെ തുടക്കം തകർത്തു. ബോർഡർ ഗാവസ-്കർ ട്രോഫിയിലെ നാലാം ക്രിക്കറ്റ് ടെസ്‌റ്റിൽ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്കാരൻ അരങ്ങേറ്റത്തിൽ അർധസെഞ്ചുറി കുറിച്ചു. ബോക്‌സിങ് ഡേ ടെസ്‌റ്റിന്റെ ആദ്യദിനം ആറ് വിക്കറ്റ് നഷ്ടത്തിൽ 311 റണ്ണെന്ന നിലയിലാണ് ഓസീസ്. കോൺസ്‌റ്റാസ് 65 പന്തിൽ 60 റണ്ണെടുത്തു. മാർണസ് ലബുഷെയ്‌ൻ (72), ഉസ്‌മാൻ ഖവാജ (57) എന്നിവരും തിളങ്ങി. സ്‌റ്റീവൻ സ്‌മിത്ത് 68 റണ്ണുമായി ക്രീസിലുണ്ട്. ഇന്ത്യക്കായി ജസ്‌പ്രീത് ബുമ്ര മൂന്ന് വിക്കറ്റെടുത്തു.
കോൺസ്‌റ്റാസിന്റെ തകർപ്പൻ ബാറ്റിങ് പ്രകടനമായിരുന്നു മെൽബൺ സ്‌റ്റേഡിയത്തിൽ ആദ്യമണിക്കൂറിൽ കണ്ടത്. പരമ്പരയിലെതന്നെ മികച്ച ബൗളറായ ബുമ്രയെയാണ് യുവതാരം ലക്ഷ്യമിട്ടത്. ഇന്ത്യൻ പേസറെ രണ്ട് സിക്‌സറിന് ശിക്ഷിച്ചു. 2021നുശേഷം ബുമ്ര ആദ്യമായാണ് ടെസ്‌റ്റിൽ സിക്‌സർ വഴങ്ങുന്നത്. ആദ്യ ആറോവിൽ 38 റൺ വിട്ടുകൊടുത്തു. രണ്ട് സിക്‌സറും ആറ് ഫോറും പറത്തിയ കോൺസ്‌റ്റാസിനെ രവീന്ദ്ര ജഡേജ വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു.
അറുപതാം ഓവറിൽ രണ്ടിന് 237 റണ്ണെന്ന നിലയിലായിരുന്നു ഓസീസ്. ബുമ്രയുടെയും ഇന്ത്യയുടെയും തിരിച്ചുവരവാണ് പിന്നെ കണ്ടത്. ലബുഷെയ്‌നെ വാഷിങ്‌ടൺ സുന്ദറാണ് പുറത്താക്കിയത്. പിന്നാലെ അപകടകാരിയായ ട്രാവിസ് ഹെഡിന്റെ കുറ്റി റണ്ണെടുക്കുംമുമ്പ് ബുമ്ര തെറിപ്പിച്ചു. പിന്നാലെ മിച്ചെൽ മാർഷിനെയും (4) മടക്കി. ഖവാജയുടെയും വിക്കറ്റും ബുമ്രയ്‌ക്കായിരുന്നു. 31 റണ്ണെടുത്ത അലെക്‌സ് കാരിയെ ആകാശ് ദീപും പുറത്താക്കി.ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. ശുഭ്‌മാൻ ഗില്ലിന് പകരം ഓൾ റൗണ്ടർ വാഷിങ്‌ടൺ സുന്ദർ ഇടംനേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..