പാരിസ്
മൊറോക്കോയുമായുള്ള ആദ്യമത്സരത്തിലെ വിവാദ തോൽവിയിൽനിന്ന് അർജന്റീന തിരിച്ചെത്തി. തോറ്റാൽ പുറത്താകുമെന്ന തിരിച്ചറിവിൽ കത്തിക്കയറിയ ലോക ചാമ്പ്യൻമാർ ഏഷ്യൻ കരുത്തരായ ഇറാഖിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകർത്തു. കളി തുടങ്ങി 13–-ാംമിനിറ്റിൽ മധ്യനിരതാരം തിയാഗോ അൽമാഡ അർജന്റീനയ്‌ക്ക് ലീഡ് നൽകി. ആദ്യപകുതിയുടെ പരിക്കുസമയത്ത് മുന്നേറ്റക്കാരൻ അയ്‌മൻ ഹുസൈനിലൂടെ ഇറാഖ് ഒപ്പമെത്തി. രണ്ടാംപകുതിയിൽ ആക്രമണം കടുപ്പിച്ച അർജന്റീന പത്തുതവണയാണ് ഇറാഖ് ഗോൾമുഖം ലക്ഷ്യംവച്ചത്. അധികം വൈകാതെ പകരക്കാരനായെത്തിയ ലൗസിയാനോ ഗോണ്ടുവിലൂടെ അർജന്റീന മുന്നിലെത്തി. കളി അവസാനിക്കാൻ അഞ്ചു മിനിറ്റ് ശേഷിക്കെ മധ്യനിരതാരം ഇഗ്‌നാസിയോ ഫെർണാണ്ടസ് ബോക്‌സിന് പുറത്തുവച്ച് തൊടുത്ത മനോഹര ഷോട്ടിൽ അർജന്റീന വിജയം ഉറപ്പിച്ചു. പോയിന്റ് പട്ടികയിൽ മുന്നേറാനും അർജന്റീനയ്‌ക്ക് കഴിഞ്ഞു. ചൊവ്വാഴ്‌ച ഉക്രയ്‌നുമായാണ് അർജന്റീനയുടെ അടുത്ത മത്സരം. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഉക്രയ്ൻ മൊറോക്കോയെ 2–1ന് തോൽപ്പിച്ചു.
മറ്റൊരു മത്സരത്തിൽ കരുത്തരായ സ്‌പെയിൻ ഡൊമിനിക്കൻ റിപ്പബ്ലിക്കിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകർത്ത് തുടർച്ചയായ രണ്ടാംജയം കുറിച്ചു. ഫെർമിൻ ലോപസ്, അലെക്‌സാഡ്രോ ബയീന, മിഗേ്വൽ ഗുട്ടിറെസ് എന്നിവർ ലക്ഷ്യംകണ്ടു. ആദ്യപകുതിയിൽ ഏഞ്ചൽ മോന്റീസാണ് ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ആശ്വാസഗോൾ നേടിയത്. ഈജിപ്ത് ഉസ്ബക്കിസ്ഥാനെ 1–0ന് കീഴടക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..